
വെഞ്ഞാറമൂട് : കേരള പോലീസിന്റെ ആപ്പിന് പേരു നല്കി ഹീറോ ആയിരിക്കുകയാണ് വെഞ്ഞാറമൂട് ആറാംതാനത്തുള്ള ഹേമന്ത് ഭവനിലെ ശ്രീകാന്ത്. എന്നാലോ പുലിവാലുപിടിച്ചിരിക്കുന്നത് അമ്മയും. കാര്യം വേറൊന്നുമല്ല, മകനെ തിരക്കി വരുന്നവരെക്കൊണ്ടും ഫോണെടുത്തും പണിക്കിട്ടിയിരിക്കുകയാണ് ശ്രീകാന്തിന്റെ അമ്മ നളിനിക്ക്.
ശ്രീകാന്താണ് കേരള പോലീസിന്റെ പുതിയ ആപ്പിന് പൊല്ലാപ്പെന്ന് പേരു നല്‍കിയത്. ഇത് പരിഷ്കരിച്ചാണ് പോള്‍ ആപ്പെന്ന പേരില്‍ ഇപ്പോള്‍ ആപ്പ് എത്തിയിരിക്കുന്നത്. കേരള പോലീസിന്റെ എല്ലാ സേവനങ്ങളും സംയോജിപ്പിച്ചു രൂപീകരിച്ചതാണ് പുതിയ ആപ്പ്. നിരവധി പേരുകള്‍ വന്നെങ്കിലും കൂടുതല്‍ പേര്‍ക്കും ഇഷ്ടമായത് ശ്രീകാന്ത് നിര്‍ദേശിച്ച് പൊല്ലാപ്പെന്ന പേരായിരുന്നു.
ശ്രീകാന്ത് നാട്ടില്‍ ആണെന്ന് ധരിച്ചാണ് പലരും ശ്രീകാന്തിനെ കാണാന്‍ വീട്ടില്‍ എത്തുന്നത്. ദുബായ് എമിറേറ്റ്സ് ഗ്രൂപ്പ് ട്രാന്സ്ഗര്ഡില് ഇന്‍വെന്ററി കണ്ട്രോള് തസ്തികയില്‍ ജോലി ചെയ്തുവരികയാണ് ശ്രീകാന്ത്. കഴിഞ്ഞ 6 വര്‍ഷമായി അവിടെയാണ് ജോലി. ബന്ധുവിന്റെ സ്റ്റുഡിയോയില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു ശ്രീകാന്ത്. പിന്നീട് എമിറേറ്റ്സ് ഗ്രൂപ്പില്‍ ജോലി ലഭിച്ച് പോവുകയായിരുന്നു.






