
പലപ്പോഴും പലരെയും അലട്ടുന്ന ഒന്നാണ് വായ് പുണ്ണ്. എന്നാല്‍ ശരിക്കും രോഗം എന്താണെന്ന് മനസിലാക്കാതെ പല ചികിത്സകള്‍ തേടുന്നവരുമുണ്ട്. വൈറ്റമിന്റെ കുറവാണെന്ന് കണ്ട് വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നവരുമുണ്ട്. ഇപ്പോള്‍ ഇന്ഫോക്ലിനിക്സ് ഫേസ്ബുക്ക് പേജില്‍ വായ്പുണ്ണിനെ കുറിച്ച് ഡോ. പുരുഷോത്തമന് കെ എഴുതിയ കുറിപ്പ് പലര്‍ക്കും ഉപകാരപ്പെടുന്നതാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം;
??സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന നാവുകള്‍??
'സാറേ,ഇത് കണ്ടോ, മോള്‍ടെ നാവിലെ പാട് ,
ഇത് മാറുന്നേയില്ല. ഇനി കാണിക്കാത്ത ഡോക്ടര്‍മാരില്ല, പ്രയോഗിക്കാത്ത മരുന്നും. വിറ്റാമിനുകള്‍ എ മുതല്‍ ഇസഡ് വരെ ഉള്ളത് കഴിച്ചു മട്ടി' ( മടുത്തു എന്നത്തിന്റെ തൃശൂര്‍ പ്രയോഗം)
ആറു വയസ്സുകാരിയെ കാണിക്കാന്‍ കൊണ്ട് വന്നൊരമ്മയുടെ പരിവേദനം.
അവസാന അത്താണി ആയി മെഡിക്കല്‍ കോളേജിലെ പ്രൊഫെസ്സറെ കാട്ടിയാല്‍ ഇതിനൊരു തുമ്പുണ്ടാവും എന്ന വിശ്വാസം ആണിവിടെ എത്തിച്ചത്.
'ഇതല്ലാതെ അവള്‍ക്കു മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ ?'
'ഏയ്, ഒരു എതക്കേടും ഇല്ല.സ്കൂളീ പോയിതുടങ്ങി' ( എതക്കേടു , കുഴപ്പം )
വായൊന്നു തുറന്നു നോക്കി,അത് കഴിഞ്ഞു മൊത്തം ഒരു തൊട്ടു തലോടലും.
'ഓ , ഇത്രേയുള്ളൂ ഇത് പേടിക്കാന്‍ ഒന്നുമില്ല. ഇത് കൊണ്ട് അവള്‍ക്കൊരു കുഴപ്പവും ഉണ്ടാവില്ല. കഴിക്കുന്ന മരുന്നുകള്‍ ഒന്ന് കാട്ടിയേ'
കഴിച്ച മരുന്നുകളുടെ ലിസ്റ്റും,കഴിക്കുന്ന മരുന്നുകളും എല്ലാം കണ്ടു.
'മ്മക്ക് ഇതെല്ലം നിര്‍ത്താം. ഇനിയങ്ങോട്ട് മരുന്നുകള്‍ ഒന്നും വേണ്ട.'
'അപ്പോ വിറ്റാമിന്സോ ? അതില്ലാണ്ടായാല്‍ ഇത് കൂടൂല്ലേ?. അല്ലാ സാറ് പറയുന്നത് നല്ല വിറ്റമിന്‍സ് അടങ്ങിയ ഭക്ഷണം കഴിച്ചാ മതീന്നാണോ ?'
ന്തായാലും ഇതിന്റെ പുറകില്‍ വിറ്റാമിന്‍സ് ആണ് എന്ന കാര്യം അത്രയ്ക്ക് മനസ്സില്‍ വേരുറച്ചിരിക്കുന്നൂന്ന് സാരം.
' അങ്ങനെയും വേണ്ട .കുട്ടിക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണം മതി. ഇത് മാറാന്‍ പ്രത്യേകിച്ച് ഒരു ഭക്ഷണവും വേണ്ട , മരുന്നുകളും വേണ്ട.
പക്ഷെ ഒരു കാര്യം മാത്രം. ഇത് ഇപ്പോഴൊന്നും മാറിപോവില്ല.
ഇതങ്ങനെ നില്ക്കും. കുറെയേറെ കാലം. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും. ഇതേക്കുറിച്ചു വേവലാതിപ്പെടുകയേ വേണ്ട.'
തിരക്കുള്ള ഒപി ആയതു കൊണ്ട് അധിക നേരം അവര്‍ക്കു പറയാന്‍ നേരം കിട്ടിയില്ല. എങ്കിലും മുഖത്തെ അസംതൃപ്തി പ്രകടം ആയിരുന്നു.
'ഇത്രയും ദൂരം വണ്ടി പിടിച്ചു ബുദ്ധി മുട്ടി വന്നിട്ടിപ്പോ എന്തായി? ഒരു മരുന്ന് പോലും കുറിച്ച് തന്നില്ല'.
അവര്‍ പോയി. അവര്‍ എന്തായാലും ഇത്തിരി കൂടി വിവരം ഉള്ളയാളിനെ തേടിപോകും എന്നുറപ്പ്.
ഇനി നമ്മള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം
അവളുടെ നാവ് ഒന്ന് സൂക്ഷിച്ചു നോക്കൂ.
വിമാന യാത്രക്കിടയില്‍ ആകാശത്തു നിന്ന് നോക്കുമ്പോ താഴേക്ക് കാണും പോലെ , ഏതൊക്കെയോ രാജ്യങ്ങളുടെ പടം വരച്ചു വെച്ച മാപ്പു പോലെ.
അല്ലേ?.
ഇതാണ് 'geographic toungue' OR Benign migratory glossitis .
വമ്പന്‍ പേര് കേട്ട് ഞെട്ടണ്ട. ഇയാള്‍ വെറും സാധു.
പണ്ട് വെണ്ണ കട്ട ശ്രീകൃഷ്ണന്റെ വായ തുറന്നു നോക്കിയപ്പം യശോദ പതിനാലു ലോകവും കണ്ടത്രേ. ചെലപ്പോ ഇതാവും കണ്ടത് ,പതിനാലു ലോകവും അല്ലെങ്കിലും ലോകത്തിന്റെ ഒരു വശം.
ചെറുപ്പത്തില്‍ ഞങ്ങള്‍ കണ്ണൂരുകാര് കേട്ട് വളര്‍ന്ന ഒരു വാക്കുണ്ട്.
'നാപ്പുണ്ണ് ' (നാവിന്റെ പുണ്ണ്).
ചുണ്ടുകളുടെ കോണുകള്‍ , വായ തുറന്നു നോക്കിയാല്‍ നാവിന്റെ തൊലി മുഴുവന്‍ പോയി ഒറ്റ നോട്ടത്തില്‍ നായുടെ നാവു പോലെ, 'ഇസ്തിരി വെച്ചെടുന്ന' പട്ടുകോണകം പോലെ.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്തു വീട്ടില്‍ ചെല്ലുമ്പോ ആണ് പലരും ഇത്തരം പരാതികളുമായി വരാറ്. ഡോക്ടര്‍ ആയിട്ടില്ല. എന്നാലും വീട്ടുകാര്‍ക്കും ഒരു 'പോരിശ ' ആണ് ,നാട്ടുകാരോട് നേരത്തെ പറഞ്ഞു വെക്കും
' ഓന് വരുന്നുണ്ട്.'
അങ്ങനെ ഡോക്ടര്‍ ആവും മുന്‍പ് തന്നെ ചികില്‍സിച്ചു തുടങ്ങിയ ഐറ്റംസില്‍ ചിലത് ആണ് ഇതൊക്കെ.
' മോനേ ,എരിവുള്ളതൊന്നും നാവിനു തട്ടിച്ചൂടാ.എന്തിനാ പറേന്നു ചൂട് വെള്ളം പോലും .കുത്തലും പൊകച്ചിലും '
ഇപ്പറഞ്ഞ കേസ് പലതും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് കൊണ്ട് ഉണ്ടാവുന്നതായിരുന്നു. ബി കോമ്പ്ലെക്സ്,അതില്‍ എടുത്തു പറയേണ്ടത് ബി 12 . പിന്നെ ഇരുമ്പും. അന്നത്തെ ദാരിദ്ര്യത്തില്‍ നാട്ടില്‍ പതിനായിരത്തിനും ഇതിന്റെ ഒക്കെ കുറവ് ഏറെ ഉണ്ടായിരുന്നു. നമ്മള് തിരിച്ചറിയാതെ പോയ എത്രയോ കേസുകള്‍ വിളര്‍ച്ച കൊണ്ട് മാത്രം നേരത്തെ മരിച്ച പോയിരുന്നു
കഥ പറഞ്ഞു വഴി തെറ്റി.
പറഞ്ഞു വന്നത് ജിയോഗ്രഫിക് ടംഗ് എന്നത്.
മേലെ പറഞ്ഞ കേസല്ല കേട്ടോ.
ഇപ്പറഞ്ഞതിനു വിറ്റാമിനുകളുമായോ ധാതു ലാവണങ്ങളുമായോ പുലബന്ധം പോലും ഇല്ല
ഇതാര്‍ക്കാണ് കാണുന്നത് ?
ഇതത്ര അപൂര്‍വ്വ കാഴ്ച അല്ല.നമ്മളുടെ ഇടയില്‍ 2 മുതല്‍ 3 ശതമാനം ആളുകളുടെ നാവ് ഇങ്ങനെ ആണ് . ചിലപ്പോ അതില്‍ കൂടുതല്‍. പലരും നേരത്തെ പറഞ്ഞ പോലെ മാറാനായി മരുന്ന് കഴിച്ചു ഊപ്പാട് വന്നവര്‍.
ഞാന്‍ കുട്ടികളെ ചികില്സിക്കുന്ന ആള് ആണെങ്കിലും ഇത് കുട്ടികളുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ ഇത്തിരി കൂടി പ്രായം ആവുമ്പോഴാണ് കൂടുതല്‍ ,കൗമാരം തൊട്ടങ്ങോട്ട്.
കാരണം ?
കൈ മലര്‍ത്തി കാണിക്കേണ്ടി വരും.' അറിയില്ല'. ചെറിയൊരു ജനിതക പ്രവണത ഉണ്ടെന്ന കാര്യം അറിയാം.
കാരണം അറിയാത്ത ഇടങ്ങളില്‍ എല്ലാം ഒരു പാട് 'സാധ്യതകള്‍ ' ഊഹാപോഹങ്ങള്‍ പലരും കൊണ്ടുവരുമല്ലോ . കുരുടന് ആനയെ കാണും പോലെ.
അതില്‍ പ്രധാനമായവ
വിറ്റാമിനുകളുടെ കുറവ് ?
സോറിയാസിസുമായി ഇതിനു നേരിയ ബന്ധം ഉണ്ടെന്നൊരു സംശയം ചിലര്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷെ അതിനും തെളിവൊന്നും ഇല്ല .
ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ആവുമോ എന്നൊരു സംശയം. അങ്ങനെ ചിന്തിക്കാന്‍ കാരണം ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നവരില്‍ ഇത്തിരി അധികം കാണാറുണ്ട് എന്ന് .
മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം ആവുന്നുണ്ടോ ?
അലര്‍ജി ആണോ?
പ്രമേഹം ഉള്ളവരില്‍ കൂടുതല്‍ ഉണ്ടാവുമോ ?
ഇപ്പറഞ്ഞ ഏതെങ്കിലും ആണ് ഇതിനു കാരണം എന്നതിന് ഒരു തെളിവും ഇല്ല. വെറും ഊഹാപോഹങ്ങള്‍ മാത്രം.
ലക്ഷണങ്ങള്‍?
'സാറേ ,സാറ് പറഞ്ഞില്ലേ ഇതോണ്ടൊരു കൊഴപ്പം ഒന്നൂല്ലാന്നു .നാവിന്റെ കൊഴപ്പം സാരല്ലാന്നു വെക്കൂ , മറ്റെന്തെങ്കിലും ഉള്ളില്‍ കൊഴപ്പം ഉണ്ടാവോ ? നേരത്തെ നോക്കാതിരുന്നോണ്ട് നാളെ കുഞ്ഞിന് കൊഴപ്പം ആയിപ്പോകരുത്'.
ഒരമ്മയുടെ ആകാംക്ഷ, അത് നിസ്സാരമായി തള്ളിക്കളയരുത്.
പക്ഷെ ഈയൊരു കാര്യത്തിന് ഉള്ളിലുള്ള ഒരവയവത്തിനും ഇന്നെന്നല്ല നാളെയും ഉണ്ടാവില്ല. ഉറപ്പ്. കുറുപ്പിന്റെ ഉറപ്പ്.
അപ്പൊ പേടി മാറിയില്ലേ. വെറുതെ മരുന്ന് കഴിച്ചു കൂട്ടണ്ട.
നമ്മുടെ നാവിന്റെ പുറം മുഴുവന്‍ നേരിയ കുഞ്ഞു കുരുക്കള്‍ , കാണാം 'സാന്‍ഡ് പേപ്പര്‍' പോലെ. രുചി മുകുളങ്ങള്‍ ആണ്.
നേരത്ത പറഞ്ഞ വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയുടെ കുറവ് ഉണ്ടാവുമ്പോഴും മറ്റു പല അസുഖ അവസ്ഥയിലും ഒക്കെ ഈ നാവിന്റെ 'തൊലി ' അപ്പാടെ പോവും.
ചില മരുന്നുകള്‍ കഴിച്ചാല്‍ , ഉള്ളിലുള്ള ഗൗരവം ആയ ചില അസുഖങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒക്കെ
പക്ഷെ ഇവിടെ അങ്ങനെ അല്ല.
നാവു മുഴുവനും അല്ല , നാവില്‍ അവിടവിടെ ചെറുതും വലുതുമായി തൊലി പോയ പ്രദേശങ്ങള്‍ ഉണ്ടാവും.അതിനരികുകള് ഇത്തിരി ഉയര്‍ന്നു വെളുത്ത നിറം.
രസകരം ആയ വസ്തുത ഇത് ഓരോ ദിവസവും ആകൃതിയും വലിപ്പവും മാറിക്കൊണ്ടേയിരിക്കും. ഒരൊറ്റ നോട്ടത്തില്‍ ഇന്ന് ആസ്ത്രേലിയ ആണെങ്കില്‍ നാളെ അത് ആഫ്രിക്ക ആവും പിറ്റേന്ന് ശ്രീലങ്ക.
'wandering rash ' എന്ന പേര് തികച്ചും അന്വര്‍ത്ഥം.
നാക്കിന്റെ മേല്‍ഭാഗത്തും വശങ്ങളിലും ആണ് പതിവെങ്കിലും അപൂര്‍വ്വമായി കവിളിലും അണ്ണാക്കിലും മോണകളിലും ഉണ്ടാവാം.
സത്യം പറഞ്ഞാല്‍ കാണുമ്പോ ഒരു ഞെട്ടല്‍ ഉണ്ടാവും എങ്കിലും ഇത് കൊണ്ട് മാത്രം ഇയാള്‍ക്ക് വലിയ പ്രശ്നങ്ങള്‍ തോന്നാറില്ല.
മിക്കവരിലും ഒരു പരാതിയും ഇല്ലാതെ അതങ്ങു മൈന്‍ഡ് ചെയ്യാതെ പോവും.
ചിലര്‍ സ്ഥിരം പരാതിക്കാര്‍ ആണല്ലോ. ചൂടും എരിവും തട്ടുമ്പൊ ചുട്ടുകത്തുന്നു എന്ന് പറയും. പറയുന്നതില്‍ കാര്യം ഉണ്ടെങ്കിലും ഇത് നേരിയ തോതിലെ ഉണ്ടാവൂ.
അത്തരം കേസുകളില്‍ ചിലര്‍ വേദനക്കുള്ള മരുന്നുകളും പുറമെ പുരട്ടുന്ന ലേപനങ്ങളും ഒക്കെ ഒരു ശീലമാക്കും. അത്രയും വേണോന്നു ചോദിച്ചാല്‍ , വേണ്ട.
അപ്പൊ പേടിക്കാനേ ഇല്ലാലേ ?
തെന്നെ.
പക്ഷെ ഡോക്ടറെ കാട്ടണം എന്നത് നേര്.
നാവിന്റെ പുണ്ണ് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവും. അതെന്താന്നു ഒറപ്പാക്കണമല്ലോ.
സാറേ ഇത് പകരുവോ? ഇല്ല, ഒരു സാധ്യതയും ഇല്ല.
NB: ജോഗ്രഫിക് ടങ് (geographic tongue) ഉം വായ്പുണ്ണും (aphthous ulcer) ഉം രണ്ടും രണ്ടാണ്..
വായ്പുണ്ണിനെ പറ്റി കൂടുതല്‍ അറിയാന്‍ വായിക്കൂ https://m.facebook.com/story.php?story_fbid=2426333784151118&id=1056731331111377
എഴുതിയത് : ഡോ. പുരുഷോത്തമന്. കെ
ഇന്‍ഫോ ക്ലിനിക്






