താളംപോയി തപ്പും പോയി ഇന്നു രാവിന് ചാമ്പലടിഞ്ഞു... അവസാനചിത്രത്തിലെ ഗാനംപോലെ സച്ചി
Authored by സി. വിനോദ്കൃഷ്ണന് | Last updated: 19 Jun 2020, 9:16 AM | 2 min read
നായകനും വില്ലനും തമ്മിലുള്ള വെല്ലുവിളിയും സംഘട്ടനവുംമാത്രമല്ല ഉദ്വേഗജനകമായ ചലച്ചിത്രത്തിനുവേണ്ടതെന്നു തെളിയിച്ചാണു സച്ചി എന്ന കെ.ആര്. സച്ചിദാനന്ദന് തിരശീലയ്ക്കു പിന്നിലേക്കു മറയുന്നത്. ഏറെക്കാലത്തിനുശേഷം മലയാളത്തിന്റെ വെള്ളിത്തിരയില്‍ മനുഷ്യത്വ പൂര്‍ണമായ വീറും വാശിയും സ്നേഹവും കരുതലും നിറച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.
ആശയങ്ങളും സാഹചര്യങ്ങളുമാണ് നായകനെയും പ്രതിനായകനെയും നിര്‍ണയിക്കുന്നതെന്ന് അടുത്തടുത്തു പുറത്തിറങ്ങിയ ''ഡ്രൈവിങ് ലൈസന്‍സി''ലൂടെയും ''അയ്യപ്പനും കോശിയി''ലൂടെയും സച്ചി ആവര്‍ത്തിച്ചു. രണ്ടു ചിത്രങ്ങളും വന്‍ വിജയം നേടിയതോടെ സച്ചിയുടെ വഴിയാണ് ശരിയെന്നു മലയാള പ്രേക്ഷകരും സമ്മതിച്ചു.
''സംഘര്‍ഷം''തന്നെയാണ് സച്ചിയുടെയും രചനകളുടെ കാതല്‍; അതു പ്രണയത്തിലാകാം, ദാമ്പത്യത്തിലാകാം, സൗഹൃദത്തിലാകാം, ഔദ്യോഗികമായിട്ടാകാം, രാഷ്ട്രീയത്തിലാകാം അല്ലെങ്കില്‍ സാധാരണജീവിതത്തിലാകാം. ഏതു സാധാരണക്കാരനും തന്റേതെന്നു തോന്നുന്ന സാഹചര്യങ്ങളിലൂടെയാണ് ആ കഥകള്‍ വികസിച്ചത്. ഓരോ സംഘര്‍ഷവും ഓരോ ജീവിതത്തില്‍ പ്രതിഷ്ഠിച്ചു. അതുകൊണ്ടുതന്നെ ഓരോന്നും വ്യത്യസ്തമായി. സുഹൃത്തായ സേതുവിനൊപ്പമായാലും ഒറ്റയ്ക്കായാലും സച്ചിയുടെ കഥകളില്‍ ചൂടും ചൂരും മുറുക്കവും ഒട്ടും കുറഞ്ഞില്ല.
പറയുന്നതിനെല്ലാം നിയമസാധുത ഉണ്ടെന്നതായിരുന്നു സച്ചിയുടെ കഥകളുടെ വലിയ പ്രത്യേകത. വെറും വീരവാദങ്ങളും ചോരക്കളികളും നിറഞ്ഞ അമാനുഷ നായകരുടെ അന്യഗ്രഹ പോരാട്ടങ്ങള്‍ കണ്ടുമടുത്ത പ്രേക്ഷകരുടെ മുന്നിലേക്കാണു നിയമത്തിന്റെ പഴുതും പരിരക്ഷയുമായി സച്ചിയുടെ കഥാപാത്രങ്ങള്‍ പരസ്പരം വെല്ലുവിളിച്ചത്. അഭിഭാഷക ജീവിതാനുഭവങ്ങളാണു സച്ചിക്ക് അത്തരമൊരു അടത്തറ നല്‍കിയത്. അതിന്റെ ഉദാഹരണമാണ് കോളജ് കാല പ്രണയത്തിന്റെ കഥ പറഞ്ഞ ''ചോക്ളേറ്റ്''. പെണ്‍കുട്ടികളുടെ കോളജില്‍ ആണ്‍കുട്ടികള്‍ക്കും സീറ്റുണ്ട് എന്ന സാധാരണമായ അറിവ് മഹാഭൂരിപക്ഷം പ്രേക്ഷകര്‍ക്കും പുത്തനറിവായിരുന്നു.
അല്പം സാങ്കേതികജ്ഞാനമുള്ള കള്ളന് ചിചാരിച്ചാല് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം കവരാമെന്നതു ''റോബിന്‍ഹുഡ്'' എന്ന സിനിമയിറങ്ങിയ കാലത്തു ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. വാര്‍ത്തയ്ക്കു പിന്നിലെ മാധ്യമപ്രവര്‍ത്തകന്റെ ധീരമായ അന്വേഷണമാണ് ''റണ്‍ ബേബി റണ്‍''. സൈക്കോ കില്ലര്‍ എന്ന വാക്ക് അടുത്തകാലത്ത് ആദ്യം ചര്‍ച്ച ചെയ്തതു ''സീനിയേഴ്സി''ലൂടെയായിരുന്നു. ദിലീപ് എന്ന നടനു ''രാമലീല'' എന്ന ചിത്രം നല്കിയതു ജീവിതംതന്നെയായിരുന്നു.
തന്റെ പ്രതിഭ ഏറ്റവും ഉജ്വലമായി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് സച്ചി വിടപറയുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ''ഡ്രൈവിങ് ലൈസന്‍സും'' ഈ വര്‍ഷം ആദ്യം വന്ന ''അയ്യപ്പനും കോശിയും'' മലയാള സിനിമയില്‍ ഒരേ സമയം ഞെട്ടലും വിജയവും പകര്‍ന്നു. ഒന്നില്‍ എഴുത്തുകാരനും മറ്റതില്‍ സംവിധായകനുമായിരുന്നു. ''ഡ്രൈവിങ്ങ് ലൈസന്‍സ്'' രചിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പുറത്തിറങ്ങിയതെങ്കില്‍ ''അയ്യപ്പനും കോശിയും'' വര്‍ഷങ്ങള്‍ നീണ്ട ഗൃഹപാഠത്തിലൂടെയാണ് സച്ചി ആവിഷ്കരിച്ചത്.
ഒരു അസുലഭ പ്രതിഭ ഒരു ആളിക്കത്തലായി അവസാനിച്ചെന്നു വിശ്വസിക്കാന്‍ മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും സമയമേറെയെടുക്കും. സച്ചിയുടെ അവസാനചിത്രത്തിലെ ഗാനംപോലെ ''താളംപോയി തപ്പുംപോയി ഇന്നു രാവിന് ചാമ്പലടിഞ്ഞു...''