
തൃശൂര്‍: ചുടുകട്ട കൊണ്ട് ഒരു തറകെട്ടി. ഇതിന് മുകളില്‍ അകത്തും പുറത്തും രണ്ടുപാളികളുള്ള ഭിത്തികെട്ടി ഒരു പെട്ടിയുണ്ടാക്കി. അതിന് മുകളില്‍ ചണം കൊണ്ടുള്ള അടപ്പും വെച്ചു. ഭിത്തികള്‍ക്കിടയില്‍ മണല്‍ നിറച്ചു. തൃശൂരിലെ വീട്ടമ്മ വര്‍ക്ക് ഏരിയയില്‍ നിര്‍മ്മിച്ചെടുത്ത പ്രകൃതിദത്ത ഫ്രിഡ്ജിന്റേതാണ് ഈ വിശേഷം.
കറന്റ് ചാര്‍ജ്ജും പേടിക്കേണ്ട അന്തരീക്ഷ മലിനീകരണവുമില്ല. പച്ചക്കറികളും ഉടന്‍ വാടിപ്പോകുമെന്ന ഭയവും വേണ്ട. രാവിലെയും വൈകിട്ടും ഫ്രിഡ്ജിന് ചുറ്റുമുള്ള മണല്‍ നനച്ചു കൊടുക്കണം. ചെയ്യേണ്ടത് അത്രമാത്രം. പഴങ്ങളും പച്ചക്കറികളും ഫ്രഷായി തന്നെയിരിക്കാന്‍ അതുമതി. തൃശൂരിലെ ഒരു വീട്ടമ്മയായ വേലൂര്‍ ദേവസ്വം പറമ്പില്‍ സിന്ധുവിന്റെ വീട്ടിലാണ് പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള ഫ്രിഡ്ജ്.
എസ്എസ്എ യില്‍ ജോലി ചെയ്യുന്ന ഭൗതീകശാസ്ത്ര അദ്ധ്യാപകനായ വേണുഗോപാലന്റെ ഭാര്യയാണ് സിന്ധു. ഇവരുടെ വീട്ടിലെ ഈ പ്രകൃതിദത്ത ഫ്രിഡ്ജ് ഇപ്പോള്‍ നാട്ടില്‍ തന്നെ സംസാര വിഷയമാണ്. ഇത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ഏറെ. പ്രകൃതിയോട് ഇണങ്ങിയുള്ള ഈ നാടന്‍ ഫ്രിഡ്ജില്‍ രണ്ടാഴ്ച വരെ പഴങ്ങളും പച്ചക്കറികളും കേടു കൂടാതെ ഇരിക്കും. പാല് രണ്ടു ദിവസം വരെയും.
തലേദിവസം വെച്ച പച്ചക്കറികളും പഴങ്ങളുമെല്ലാം പിറ്റേന്ന് എടുക്കുമ്പോള്‍ ഫ്രിഡ്ജിലേത് പോലെ തന്നെ ഈര്‍പ്പം പിടിച്ചിരിക്കുകയും ചെയ്യും. വീട് നിര്‍മ്മിച്ച ശേഷം ബാക്കി വന്ന ഇഷ്ടികയും മണലും കൊണ്ടായിരുന്നു ഫ്രിഡ്ജ് നിര്‍മ്മിച്ചത്. ദീര്‍ഘകാലം നീണ്ട ആശയം ലോക്ക്ഡൗണിലാണ് പ്രാവര്‍ത്തികമായത്.
ചുറ്റുഭാഗത്ത് നിറച്ചിരിക്കുന്ന മണലിലെ ഈര്‍പ്പം പെട്ടിക്കുള്ളിലെ ചൂട് വലിച്ചെടുക്കുമ്പോള്‍ ബോക്സിന്റെ ഉള്‍വശം തണുക്കുന്നതാണ് പ്രകൃതിദത്ത ഫ്രിഡ്ജിന്റെ പ്രവര്‍ത്തന തത്വം. ഇതുമൂലം ഇതിനകത്ത് വെയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും തണുക്കാന്‍ കാരണമാകും. അതേസമയം മുകളില്‍ നല്ല അടച്ചുറപ്പുള്ള ചട്ടക്കൂട് വേണം. പ്രാണികളും മറ്റും കയറാതിരിക്കാന്‍ പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞാണ് സാധനങ്ങള്‍ വെയ്ക്കുക. കവറില്‍ ചെറിയ ദ്വാരങ്ങളും ഇടും.






