കൊളംബോ: 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. 2011ല്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെയാണ് ആരോപിച്ചത്.
മുന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ നിലവിലെ കായിക മന്ത്രിയായ ദല്ലാസ് അല്ഹപ്പെരുമയാണ് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മഹീന്ദാനന്ദ ഒത്തുകളി ആരോപണം ഉന്നയിച്ചത്. 2011ലെ ലോകകപ്പ് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. ചില കക്ഷികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും ഏതെങ്കിലും പ്രത്യേക താരങ്ങള്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും താന്‍ കായിക മന്ത്രിയായിരുന്ന സമയത്ത് തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കായിക മന്ത്രിയെന്ന നിലയില്‍ മഹീന്ദാനന്ദയും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്‍്റ് മഹീന്ദ രജപക്സെയും അന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയിരുന്നു. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റനും ഫൈനല്‍ മത്സരത്തില്‍ കമന്റേറ്ററുമായിരുന്ന അര്‍ജുന രണതുംഗെയും സമാന ആരോപണം ഉന്നയിച്ചിരുന്നു. രേഖാമൂലം പരാതി ലഭിച്ചാല്‍ ആരോപണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് ലങ്കന്‍ കായിക മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.






