
ആലപ്പുഴ: പുന്നത്തുറ സെന്റ തോമസ് പള്ളി മുറ്റത്തെ കിണറ്റില്‍ ജീവിതം അവസാനിപ്പിച്ച വികാരി ഫാ.ജോര്‍ജ് എട്ടുപറയിലിനെ കുറിച്ച് സ്വദേശമായ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് ഇടവകക്കാര്‍ക്ക് പറയാനുള്ളത് നന്മമാത്രം. വര്‍ഷങ്ങളോളം അമേരിക്കയില്‍ സേവനം ചെയ്തിരുന്ന ഫാ.ജോര്‍ജ് അടുത്തകാലത്താണ് തിരിച്ചെത്തി ഇടവക ഭരണത്തില്‍ പ്രവേശിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ട സോണിയച്ചന്റെ സേവനം നാട്ടുകാര്‍ ഏറ്റവും അനുഭവിച്ചറിഞ്ഞത് പ്രളയത്തിന്റെ കാലത്തായിരുന്നു.
2018ലെ മഹാപ്രളയത്തിന്റെ ദുരിതം ഏറ്റവും അനുഭവിച്ച കുട്ടനാട്, മങ്കൊമ്പ് മേഖലകളില്‍ വീട് നഷ്ടപ്പെട്ട നിരവധി പേര്‍ക്കാണ് വീടു വയ്ക്കാന്‍ പണം നല്‍കിയത്. സ്വന്തം ഇടവകയിലും മുന്‍പ് സേവനം ചെയ്ത കായല്‍പുറം ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലം ജാതിമത ഭേദമന്യേ അദ്ദേഹം പണം നല്കി. അമേരിക്കയില്‍ സേവനം ചെയ്തിരുന്ന കാലത്ത് ലഭിച്ച 50 ലക്ഷത്തോളം വരുന്ന സ്റ്റൈപ്പന്റ് മുഴുവന്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ ദുരിതമകറ്റാനാണ് നല്‍കിയത്.
അഞ്ചു വര്‍ഷം അമേരിക്കയില്‍ പള്ളികളില്‍ സേവനം ചെയ്തു. നിഷ്കളങ്കനായ നല്ല മനുഷ്യനും മനുഷ്യസ്നേഹിയുമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ താങ്ങാനുള്ള മാനസിക ശേഷി ഇല്ലാതെ പോയതാണ് അദ്ദേഹത്തിന്റെ പരാജയമെന്നും നാട്ടുകാര്‍ പറയുന്നു.
യുവജനങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു സോണിയച്ചന്. അദ്ദേഹം ഏതു പള്ളിയിലേക്കു സ്ഥലംമാറിപ്പോയാലും മുന്‍പ് ഇരുന്ന പള്ളികളിലെ യുവജനങ്ങള്‍ സ്നേഹബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തെ തേടി ചെല്ലുമായിരുന്നുവെന്നൂം മങ്കൊമ്പ് നിവാസികള്‍ പറയുന്നു.
പുന്നത്തുറ പള്ളിയില്‍ ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുരിശ് രൂപം അള്‍ത്താരയില്‍ നിന്ന് മാറ്റിയതിനെ ചൊല്ലി വിശ്വാസികള്‍ക്കിടയിലുണ്ടായ ഭിന്നതയാണ് ഏറ്റവും വലിയ പ്രശ്നം. ഇതോടെ പള്ളിയിലെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ഇതിനു പുറമേ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റതോടെ അവരുടെ ചികിത്സാ ചെലവും കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയും വികാരിയച്ചന്റേതായി. എന്നാല്‍ അതിരൂപതയുടെ ഭാഗത്തുനിന്നും ഒരു സഹായവും അച്ചന് കിട്ടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.






