
''നിങ്ങള്‍ കണ്ണുകെട്ടി പിറകില്‍നിന്നും വെടിവച്ചാണല്ലോ കൊല്ലാറ്. എന്റെ കണ്ണുകള്‍ കെട്ടാതെ ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നുപതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം. ഈ മണ്ണില്‍ മുഖംചേര്‍ത്ത് മരിക്കണം'' - ബ്രിട്ടീഷ് വിരുദ്ധ യുദ്ധമുന്നണിയുടെ ഏറനാട്ടെ പോരാളിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ വാചകങ്ങളാണിത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ മലബാര്‍ കലാപം വിഷയമാക്കി ഒരേസമയം നാല് സംവിധായകര്‍ സിനിമകള്‍ പ്രഖ്യാപിച്ചത് ഒരേ ചരിത്രപുരുഷനെ കേന്ദ്രീകരിച്ച്. കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പ്രധാന കണ്ണിയായി മൂന്നുപേര്‍ ചിത്രീകരിക്കാനൊരുങ്ങുമ്പോള് ഒരു സംവിധായകന് വിപരീത കാഴ്ചപ്പാടില്‍ ചരിത്രപുരുഷനെ അവതരിപ്പിക്കും. ചരിത്രത്തിലെ വാരിയന്‍കുന്നനും യഥാര്‍ത്ഥ വ്യക്തിയും തമ്മിലുള്ള അന്തരം ചര്‍ച്ച ചെയ്യുന്നതാണ് അണിയറയില്‍ ഒരുങ്ങുന്ന ഈ സിനിമകളെല്ലാം.
വാരിയംകുന്നന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ലെന്നും അദ്ദേഹം നയിച്ചത് ഹിന്ദു വിരുദ്ധ കലാപമാണെന്നും സ്ഥാപിക്കുന്ന ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തുവന്നിട്ടുള്ളത്. ഗാന്ധിജിയും അംബേദ്കറും ആനിബെസന്റും ഉള്‍പ്പെടെയുള്ളവര്‍ മലബാറില്‍ ഹിന്ദുവേട്ട നടന്നതായും മതപരിവര്‍ത്തനം വ്യാപകമായതായും വ്യക്തമാക്കുന്ന കാലഘട്ടം വാരിയംകുന്നന്റേതാണ്. അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കു മുമ്പില്‍ നിരുപാധികം കീഴടങ്ങുകയാണ് ചെയ്തതെന്നും ചരിത്ര ഭാഷ്യമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വംശഹത്യ നടത്തിയിരുന്നുവെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം. ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരമായിരുന്നില്ലെന്നും ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ഒരു വിഭാഗം സമര്‍ത്ഥിക്കുന്നു.
മലയാളരാജ്യം പ്രഖ്യാപിക്കുകയും ബ്രിട്ടനെതിരേ നിലകൊണ്ട ഇരുന്നൂറോളം ഗ്രാമങ്ങളെ ചേര്‍ത്ത് സ്വന്തം സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നാണ് മറുപക്ഷത്തിന്റെ വാദം. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരമൊരു സിവിലിയന്‍ ഭരണാധികാരി അന്നുണ്ടായിട്ടില്ല. സ്വന്തമായി കറന്സിയുണ്ടാക്കുകയും ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്ത് സമാന്തര രാജ്യമായി പ്രവര്‍ത്തിക്കാന്‍ വാരിയന്കുന്നന് കഴിഞ്ഞു. സ്വന്തം െസെന്യത്തില് മുക്കാല്‍ ലക്ഷത്തോളംപേരെ അണിനിത്തി. അദ്ദേഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നായകനാണെന്നും സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കണ്ണിയാണെന്നുമാണ് സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.
കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. വാരിയം കുന്നനായി പൃഥ്വിരാജ് വേഷമിടുന്ന ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദം ആളിപ്പടര്‍ന്നത്. പൃഥ്വിരാജിനും ആഷിക് അബുവിനും തിരക്കഥാകൃത്തുക്കള്‍ അടക്കമുള്ള അണിയറക്കാര്ക്കുമെതിരേ െസെബര്‍ ആക്രമണവും ഭീഷണിയുമായി സമൂഹമാധ്യമങ്ങള്‍ സജീവം. പി.ടി. കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് വാരിയം കുന്നത്തിനെക്കുറിച്ചുള്ള മറ്റു സിനിമകള്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ലോകത്തിന്റെ നാലിലൊന്നും ഭാഗവും അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്തു മലയാളരാജ്യം എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം തുടങ്ങുമെന്നുമായിരുന്നു പൃഥ്വിയുടേയും ആഷിക് അബുവിന്റേയും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടേയും ഫെയ്സ്ബുക്ക് പോസ്റ്റ്. വാരിയം കുന്നന് എന്ന പേരിട്ട സിനിമയുടെ ആദ്യപോസ്റ്റര്‍ പ്രഖ്യാപനത്തോടെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍പ്പും ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയില്‍നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്തുവന്നു. പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ വരെ അപഹസിക്കുന്ന രീതിയില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തുവന്നു.
നാലുസിനിമകളില്‍ സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബര്‍ സംവിധാനം ചെയ്യുന്നതൊഴികെയുള്ള സിനിമകള്‍ കുഞ്ഞമ്മഹദ് ഹാജിയെ ചരിത്രനായകനാക്കി ചിത്രീകരിക്കുന്നവയാണെന്നാണു സൂചന. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളയ്ക്ക് നേതൃത്വം നല്കിയ ആളാണ് ഹാജിയെന്ന് സംവിധായകന് അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആഷിഖ് അബു-പൃഥ്വിരാജ് ടീം സിനിമ പ്രഖ്യാപിച്ച പിന്നാലെയാണ് പി.ടി. കുഞ്ഞുമുഹമ്മദും കുഞ്ഞമ്മഹദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുന്നതായി പ്രഖ്യാപിച്ചത്.
ഹാജിയുടെ ജീവിതം വലിയ ചരിത്രമാണെന്നും അത് സിനിമയാക്കാന്‍ നേരത്തെ താന്‍ തീരുമാനിച്ചിരുന്നുവെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. ഷഹിദ് വാരിയം കുന്നന് എന്ന പേരിലാണ് പി.ടിയുടെ സിനിമ. നാടകകാരന് കൂടിയായ ഇബ്രാഹിം വേങ്ങരയാണ് 'ദ ഗ്രേറ്റ് വാരിയം കുന്നത്ത്' എന്ന പേരിലാണു സിനിമ ഒരുക്കുന്നത്. നാല് ചിത്രങ്ങള്‍ക്കും പിന്തുണ നല്കി ചലച്ചിത്ര സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് രംഗത്തുവന്നു. ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.






