
നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചവരാണ് റഹ്മാനും രോഹിണിയും. റഹ്മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു തൊണ്ണൂറുകളില്‍ രോഹിണി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും അന്നത്തെ കാലത്ത് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍.
ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചില്. മുന്‍പ് നല്കിയ രോഹിണിയുടെ ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.
'' ഞാനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളായിരുന്നു വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. ഷൂട്ടിംഗ് ഇടവേളകളില്‍ റഹ്മാന് എന്റെ മുറിയില്‍ വരുമായിരുന്നു. അങ്ങനെ ഒന്നിച്ച് പോകുമ്പോള്‍ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായത്. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ ഞാന്‍ പഠിച്ചു.
ശങ്കറിനെക്കുറിച്ചും മേനകയെക്കുറിച്ചും അക്കാലത്ത് എന്തൊക്കെയാണ് ആളുകള്‍ എഴുതിയത്. അതുപോലെയാണ് ഇതും. ഒരിക്കല്‍ ട്രെയിന്‍ യാത്രക്കിടെ ഒരു സംഭവമുണ്ടായി. ഏകദേശം എന്റെ പ്രായമുള്ള ഒരു സ്ത്രീയാണ് അപ്പുറത്തിരിക്കുന്നത്. അവരെന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 'നിങ്ങളും റഹ്മാനും' എന്ന് പറഞ്ഞവര്‍ സംസാരിച്ചു തുടങ്ങി. എന്താണിവരുടെ പ്രശ്നം എന്നായി എന്റെ ചിന്ത. റഹ്മാന് നല്ല ഉയരമുണ്ടല്ലോ, നിങ്ങള്‍ക്ക് തീരെ ഉയരമില്ലല്ലോ. പിന്നെങ്ങനെ നിങ്ങള്‍ നല്ല ജോഡികളായി? അപ്പോള്‍ എനിക്ക് തോന്നി, ഈ കുട്ടിക്ക് അസൂയയാണെന്ന്. പിന്നെ ആലോചിച്ചപ്പോള്‍ എനിക്കും തോന്നി. എനിക്ക് ഉയരം കുറവാണ്, അവന് നല്ല ഉയരമുണ്ട്. ഞങ്ങളെങ്ങനെ നല്ല ജോഡികളായി'' - രോഹിണി പറയുന്നു.






