
ലോക പ്രശസ്ത പോപ്പ് ഗായകന് മൈക്കല്‍ ജാക്സണിന്റെ ചരമ ദിനം മറ്റൊരു നിലയില്‍ കൂടിയാണ് അറിയപ്പെടുന്നത്. ലോക വെള്ളപ്പാണ്ട് ദിനം കൂടിയാണ് അന്ന്. ലോക വെള്ളപ്പാണ്ട് ദിനമായി അന്നേ ദിവസം തിരഞ്ഞെടുക്കാന്‍ കാരണവും മറ്റൊന്നുമല്ല, അദ്ദേഹത്തെയും ഈ രോഗം ബാധിച്ചിരുന്നു എന്നതു തന്നെയായിരുന്നു. എന്നാല്‍ ഈ രോഗത്തെ ആത്മവിശ്വാസം കൊണ്ട് നേരിടുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്തയാളാണ് അദ്ദേഹം.
ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും, ചെറുപ്പക്കാരിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്. മൈക്കിള്‍ ജാക്സണിനെ പോലെ തന്നെ ഈ രോഗം ബാധിച്ചിട്ടും ജീവിതത്തില്‍ പൊരുതി ജയിച്ച പെണ്‍കുട്ടിയാണ് വിന്നി ഹാര്‍ലോ. കനേഡിയന്‍ സ്വദേശിയായ വിന്നി ഇന്ന് ലോകപ്രശസ്ത മോഡലും വെള്ളപ്പാണ്ട് രോഗത്തിന്റെ വക്താവുമാണ്. എന്നാല്‍ മുന്‍പ് അവള് ഇങ്ങനെയായിരുന്നില്ല. നാലാം വയസ്സില്‍ യാദൃശ്ചികമായാണ് കുഞ്ഞ് വിന്നിയുടെ മുഖത്തു ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത്. പരിശോധനകള്‍ക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണ് എന്ന് ഡോക്ടന്മാര് അറിയിച്ചു.
ആദ്യമൊന്നും തന്റെ രോഗത്തെ കുറിച്ച് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല. ശരീരത്തില്‍ കൂടുതല്‍ പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രോഗം പകരുമെന്ന് കരുതി കൂട്ടുകാര്‍ അവളെ കൂടെ കൂട്ടാതെയായി. സീബ്ര എന്നായിരുന്നു അവളെ കൂട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്നത്. കുട്ടികളുടെ കളിയാക്കല്‍ മൂലം പല സ്കൂളുകള്‍ മാറി മാറിയായിരുന്നു അവള് പഠിച്ചിരുന്നത്. കളിയാക്കലിലും ഒറ്റപ്പെടുത്തലിലും മനം നൊന്ത് ആത്മഹത്യയെക്കുറിച്ചു പോലും അവള് ചിന്തിച്ചിരുന്നു. താനും ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും തന്റെ കഴിവുകളെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയില്ലെന്നും വളര്‍ന്നതോടെ വിന്നി തിരിച്ചറിഞ്ഞു.
ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ ജീവിതത്തെ നേരിടാന്‍ വിന്നി തീരുമാനിച്ചു. അത് അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അവള് ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി തന്റെ പുതിയ ജീവിതം ആരംഭിച്ചു. വിന്നിയുടെ ഈ കഴിവ് ടൈറ ബാങ്ക് കാണാനിടയായി. അവര്‍ 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു, വിന്നിയും ഒരു മത്സരാര്‍ഥിയായി. ആ ഷോയില്‍ പങ്കെടുത്ത ഏക കാനഡക്കാരിയും വിന്നിയായിരുന്നു. ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു.
എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട 'കം ബാക്ക്' എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഷോയില്‍ വിജയി ആകാന്‍ സാധിച്ചില്ലെങ്കിലും വിന്നിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. പല പ്രമുഖ കമ്പനികളുടെയും മോഡലാകാന്‍ വിന്നിക്ക് അവസരം ലഭിച്ചു. 'സ്പ്രൈറ്റ്', 'ഡീസല്‍' തുടങ്ങിയ പ്രമുഖ ഉത്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറായി വിന്നി മാറി. 2015-ലെ 'റോള്‍ മോഡല്‍ അവാര്‍ഡ്' വിന്നിക്കായിരുന്നു. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിവിധ മ്യൂസിക് ആല്‍ബങ്ങളില്‍ വിന്നി അഭിനയിച്ചു.
2017-ല്‍ 'എഡിറ്റേഴ്സ് അവാര്‍ഡ്' വിന്നിയെ തേടിയെത്തി. 2016-ലും 2017-ലും 'ടീന്‍ ചോയ്സ് അവാര്‍ഡി'ന് വിന്നി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇന്ന് 'വിറ്റിലിഗോ'യെക്കുറിച്ച് വിന്നി ബോധവത്കരണം നടത്തുന്നു. കൂടാതെ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് വിന്നി. വിറ്റിലിഗോ ബാധിച്ച് നിരാശയില്‍ കഴിയുന്ന അനേകര്‍ക്ക് വിന്നിയും അവളുടെ വാക്കുകളും പ്രചോദനം പകരുന്നു. അവളുടെ യു ട്യൂബ് വിഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലോകം നല്‍കിയത്.






