
കോട്ടയം: പി.ജെ. ജോസഫ് വിഭാഗവുമായി ലയിക്കില്ലന്നു കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ.
യു.ഡി.എഫില്‍ ഘടകകക്ഷിയായി തുടരുമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്‍പ് മത്സരിച്ച എല്ലാ സീറ്റുകളും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തര്‍ക്കത്തില്‍ യു.ഡി.എഫിലെ ധാരണ പാലിക്കാന്‍ ജോസ് കെ മാണി വിഭാഗം തയാറാകണം. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അനൂപ് ജേക്കബ് പറഞ്ഞു.
പാര്‍ട്ടിയുടെ സംസ്ഥാന ചെയര്‍മാനായി നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ വാക്കനാട് രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. പുതിയ വര്‍ക്കിങ് ചെയര്‍മാനായി എം.സി. സെബാസ്റ്റ്യന്‍, ഡെയ്സി ജേക്കബ്, എന്നിവരെയും വൈസ് ചെയര്മാന്മാരായി ഏഴുകോണ് സത്യന്, ബാബു വലിയവീടന്‍ എന്നിവരെയും ട്രഷററായി വത്സന് അ ത്തിക്കലിനെയും തെരഞ്ഞെടുത്തു. പ്രഫ. ജോണി സെബാസ്റ്റ്യന്‍, എം. ബാവ, രാജു പാണാലിക്കല്‍, കെ.ജി. പുരുഷോത്തമന്, പി.എസ്. മനോജ് കുമാര്‍, റെജി ജോര്‍ജ്, ചിരട്ടകോണം സുരേഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍. ഓഫീസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയായി കെ.ആര്. ഗിരിജനെ തെരഞ്ഞടുത്തു.






