
കൊച്ചി: പൊതുജനത്തിന്റെ നടുവൊടിച്ച് തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റര്‍ ഡീസലിന് 10.45 രൂപയും പെട്രോള്‍ ലിറ്ററിന് 9.17 രൂപയുമാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില തമ്മില്‍ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.38 രൂപയാണ് വില. ഡീസലിന് 76.42 രൂപയും.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോള്‍ ഡീസല്‍ വില പ്രതിദിനം പരിഷ്കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്.
രാജ്യാന്തര വിപണിയില്‍ വിലത്തകര്‍ച്ച വന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. 9 മാസം മുൻപ് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില.
കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.






