
ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതായി റിപ്പോർട്ട്. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ റീൽസ് ഫീച്ചർ ലഭ്യമാണ്. ടിക് ടോക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റീൽസ് പുറത്തിറക്കിയത്.
റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവെക്കാനാവും. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ തയ്യാറാക്കാനാവുക. പശ്ചാത്തല ശബ്ദമോ പാട്ടുകളോ ചേർക്കാൻ സാധിക്കും. ഇൻസ്റ്റാഗ്രാം റീൽസ് സൗകര്യം ആദ്യമായി അവതരിപ്പിച്ചത് ബ്രസീലിലാണ്. റീൽസിലും ടിക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം ഉണ്ടാകും. മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിർമിക്കാം.
ടിക് ടോക്കിന് സമാനമായി നിർമിച്ച 'ലാസോ' എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്സ്ബുക്കിനുണ്ട്.നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇത് ലഭിക്കുക. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂൂബും 'ഷോർട്സ്' എന്ന പേരിൽ ടിക് ടോക്കിന് സമാനമായ സേവനം ഉടൻ എത്തിച്ചേക്കും.






