
സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതി, ലക്ഷ്മി രാമകൃഷ്ണന് തക്ക മറുപടിയുമായി വനിത വിജയകുമാര്‍. വനിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയ പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ രംഗത്ത് എത്തിയതോടെയാണ് ഇതിന് തുടക്കം. വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭാര്യ ആരോപിച്ചത്. ഇതിന് പ്രതികരണവുമായി ലക്ഷ്മി രാമകൃഷ്ണനും രംഗത്ത് എത്തി. പീറ്റര്‍ നേരത്തെ വിവാഹിതന് ആണെന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടി പോയെന്ന് ആയിരുന്നു ലക്ഷ്മി പ്രതികരിച്ചത്. ലക്ഷ്മിക്ക് മറുപടി നല്കി വനിത രംഗത്ത് എത്തി. ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നും വനിത പറഞ്ഞു.
ലക്ഷ്മി സംഭവത്തില്‍ പ്രതികരിച്ചതിങ്ങനെ;
'ഞാന്‍ ഇപ്പോഴാണ് വാര്‍ത്ത കണ്ടത്. അയാള്‍ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാന്‍ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവര്‍ കാത്തിരുന്നത്. ആ വിവാഹം അവര്‍ക്ക് തടയാമായിരുന്നല്ലോ?'-ലക്ഷ്മി കുറിച്ചു. മാത്രമല്ല വനിതയെ കുറിച്ചപും ലക്ഷ്മി ട്വീറ്റ് ചെയ്തു.
വനിത നല്കിയ മറുപടിയിങ്ങനെ;
'നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാന്‍ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാന്‍ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങള്‍ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.'
'മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ നിങ്ങള്‍ ലീഗല്‍ കൗണ്‍സിലര്‍ മറ്റോ ആണോ. നിങ്ങള്‍ക്ക് ഇതൊരു പ്രശ്നമായി തോന്നിയാല്‍ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങള്‍ ഒരുക്കിയ തന്ത്രം. ഞാന്നേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീര്‍ക്കാന്‍ ഞങ്ങളുണ്ട്.'
'എല്ലാ കഥയിലും രണ്ട് വശങ്ങള് കാണുമല്ലോ. ദമ്പതികളുടെ ഇടയില്‍ ആണെങ്കില്‍ പറയേണ്ടതില്ലല്ലോ. ഒരാള്‍ മറ്റെയാളെക്കുറിച്ച് തീര്‍ത്തും മോശമായ കാര്യങ്ങള്‍ പറഞ്ഞുവന്നാല്‍ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓര്‍ത്ത് എല്ലാ സത്യങ്ങള്‍ക്കും അയാള്‍ക്ക് തുറന്നുപറയാന്‍ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തലയിടാന്‍ ഞാനില്ല.'






