
വരിക്കാരുടെ എണ്ണത്തിൽ ജിയോയും എയർടെലും ബിഎസ്എൻഎലും പിടിച്ചുനിന്നെന്ന് ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം പറയുന്നു. എന്നാൽ, വോഡഫോൺ ഐഡിയക്ക് ജനുവരിയിലും ഫെബ്രുവരിയിലും വൻ തിരിച്ചടിയാണ് നേരിട്ടത്.
മുൻനിര ടെലികോം കമ്പനികളെല്ലാം ഡിസംബറിലാണ് നിരക്ക് കൂട്ടിയത്. നിരക്കു കൂട്ടിയതോടെ ജിയോയ്ക്ക് നേരിയ ഇടിവ് ഉണ്ടായിരുന്നു. കേവലം 82,308 അധിക വരിക്കാരെയാണ് ഡിസംബറിൽ ജിയോയ്ക്ക് ലഭിച്ചത്. എന്നാൽ, ജനുവരിയിൽ ഇത് 65.55 ലക്ഷമായി ഉയര്‍ന്നിരുന്നു. ഫെബ്രുവരിയിൽ 62 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.28 കോടിയായി.
രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 116.59 കോടിയാണെന്നാണ് ഫെബ്രുവരി 29 നു ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയതായി 41.5 ലക്ഷം പേരാണ് ഫെബ്രുവരിയിൽ ചേർക്കപ്പെട്ടത്. റിപ്പോർട്ട് പ്രകാരം 34.67 ലക്ഷം വരിക്കാരെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് . ജനുവരിയിൽ ഭാർതി എയർടെലിന് 9.22 ലക്ഷം വരിക്കാരെ ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.90 കോടിയായി. ബിഎസ്എൻഎല്ലിന് ഫെബ്രുവരി മാസത്തിൽ പുതുതായി ലഭിച്ചത് 4.39 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.92 കോടി ആയി.






