
കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടാനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തിനെതിരേ ലീഗ് അനുകൂല സുന്നി സംഘടനയായ സമസ്ത.
സമസ്ത നേതൃത്വം നല്കുന്ന 'സുപ്രഭാതം' ദിനപത്രത്തില്‍ സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എഴുതിയ ലേഖനത്തിലാണ് ലീഗിനെ വിമര്‍ശിച്ചിട്ടുള്ളത്. കേരള രാഷ്ട്രീയത്തില്‍ മികച്ച ഇടവും പ്രതിച്ഛായയും സെക്കുലര്‍ മുഖവുമുള്ള, പൊതുസമൂഹം ഒന്നിച്ച് നിലനില്‍പ്പ് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന മുസ്ലിം ലീഗ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്കു കടന്നുവരാനുള്ള വാതില്‍ തുറന്നുകൊടുക്കരുതെന്നു ലേഖനത്തില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണെന്ന് 'മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്‍ക്കും' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്നു വ്യാജമായി പ്രചരിപ്പിച്ചവരാണവര്‍. ഇസ്ലാം ഒരു സമ്പൂര്‍ണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്കു രാഷ്ട്രീയം അതിന്റെ തിയറിക്കു പുറത്തല്ല. അടിസ്ഥാന തത്വശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്ത്, മതമൗലിക രാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്.
മതവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസ പ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിതീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചതെന്ന് ഉമര്‍ ഫൈസി പറയുന്നു. വിശുദ്ധ ഇസ്ലാമിന്റെ മിതവാദ സമീപനങ്ങള്‍ക്കു ചെവിയും ബുദ്ധിയും കൊടുക്കാതെ ഭരണാന്ധത ബാധിച്ച ആശയദാരിദ്ര്യമാണ് ജമാഅത്തെ ഇസ്ലാമിയുടെ സഞ്ചിയിലുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അവരുമായി നടത്തുന്ന ഏതു നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിനു തുല്യമാണെന്നു ലേഖനം വ്യക്തമാക്കുന്നു. ചില കടുത്ത വലതുപക്ഷ മതതീവ്രവാദ വീക്ഷണമുള്ള പ്രഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാലമത്രയും കേരളത്തില്‍ പോലും ബി.ജെ.പി പ്രചാരണം നടത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ലോക പൊതുസമൂഹത്തിനു ബോധ്യം ഇല്ലാത്തതും ജനാധിപത്യ ഭൂമിക്കു കനത്ത പ്രഹരം ഏല്പ്പിക്കുന്നതുമാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുടെ രംഗപ്രവേശം ഇതരസമൂഹങ്ങളില്‍ സംശയങ്ങള്‍ ഉണര്ത്തിയതായി അദ്ദേഹം പറയുന്നു. അവരില്‍ അത് ആഴത്തില്‍ സ്വാധീനിക്കാതെ തടഞ്ഞുനിര്‍ത്തിയത് പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ സമീപനങ്ങള്‍ തന്നെയാണ്. ഇടതുപക്ഷവും വലതുപക്ഷവും അതില്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ട്. നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയ സദാചാരവും ധര്‍മവും കാശിക്കു പറഞ്ഞയക്കരുതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എം. ജയതിലകന്‍






