
കൊച്ചി: മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് സിനിമ എന്ന ഖ്യാതിയുമായി എത്തിയ 'സൂഫിയും സുജാതയും' സിനിമയ്ക്ക് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വ്യാജന്. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമയുടെ വ്യാജ പതിപ്പ് രായ്ക്ക് രാമാനം ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
മലയാള സിനിമാ ചരിത്രത്തില്‍ ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി പുതിയ അദ്ധ്യായം തുറക്കുന്ന സിനിമ കൊവിഡിനെ തുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാന്‍ വൈകുമെന്നുറപ്പായതോടെയാണ് തീയേറ്റര്‍ റിലീസിന് കാത്തിരിക്കേണ്ടെന്ന് അണിയറക്കാര്‍ തീരുമാനമെടുത്തതിന് പിന്നി. ഇന്നലെ രാത്രിയില്‍ തന്നെ ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലായാണ് എത്തിയത്. ഒടിടി റിലീസ് നടത്തുന്ന ആദ്യമലയാള സിനിമയായി ഇത് മാറി. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും പറയുന്നത്.
വിജയ് ബാബു നിര്‍മ്മിച്ച സിനിമ നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. നരണിപ്പുഴ ഷാനവാസിന്റെ രണ്ടാമത്തെ ചിത്രമാണ്. കരി എന്ന സിനിമയ്ക്കുശേഷമാണ് ഷാനവാസ് ഇതിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക.
അതേസമയം തന്നെ സിനിമയുടെ ഓണ്‍ലൈൻ റിലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിതരണക്കാരും തിയറ്റര്‍ ഉടമകളും എതിര്‍പ്പുമായി എത്തിയെങ്കിലും നിശ്ചയിച്ച റിലീസുമായി നിര്‍മാതാവ് മുമ്പോട്ട് പോയി. തീയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം. അതേസമയം ഈ പാത പിന്തുടരാന് അനേകം സിനിമകളാണ് കാത്തിരിക്കുന്നത്.
അതേസമയം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന പതിവ് മാറ്റില്ലെന്നും നിലവിലുള്ള സ്ഥിതി മറികടക്കുക മാത്രമാണ് ഉദ്ദേശമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഇതിനിടെ, നിർമ്മാതാക്കളുടെ എതിർപ്പ് നിലനിൽക്കെ പുതിയ സിനിമകള്‍ തുടങ്ങാന്‍ ആലോചനയിലാണ് പല സംവിധായകരും. മോഹൻലാൽ ചിത്രം ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. നിർമ്മാതാക്കൾ ഉടൻ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സംവിധായകന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.






