
കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളാണ് ആഷിഖ് അബുവും പൃഥ്വിരാജുമെന്ന് സംവിധായകൻ രാജസേനൻ. വാരിയംകുന്നൻ സിനിമയുമായി ഇവർ മുന്നോട്ടു വന്നാൽ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജസേനന്റെ വാക്കുകൾ ഇങ്ങനെ
'കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിർത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവർ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും രാജ്യം നന്നാകാൻ താൽപര്യം കാണില്ല. അവർക്ക് എന്നും ജനങ്ങൾ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താൽപര്യം. അല്ലെങ്കിൽ അവർക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളർന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആൾക്കാരായി മാറിയപ്പോൾ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ടിവിയിൽ ഒക്കെ ഇവർ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്ലൈറ്റ് ഇറങ്ങിയ പ്രവാസികൾ കഷ്ടപ്പെടുന്നത് ഞാൻ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവർ പറയുന്ന പ്രസ്താവനകളിൽ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. അവർക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമർശിക്കാനുള്ള അവകാശം നമുക്കുമുണ്ട്''.






