
മുംബൈ: ബോളിവുഡ് നൃത്തസംവിധാന രംഗത്തെ മുന്‍നിരക്കാരില്‍ പ്രമുഖയായിരുന്നു അന്തരിച്ച സരോജ് ഖാന്. ബോളിവുഡിന്റെ സ്വന്തം 'മാസ്റ്റര്‍ജി'! നാലു പതിറ്റാണ്ടോളം നീണ്ട നൃത്തസപര്യയ്ക്കിടെ അവര്‍ നൃത്തസംവിധാനമൊരുക്കിയതു രണ്ടായിരത്തില്‍ അധികം ഗാനങ്ങള്‍ക്ക്. 1948 നവംബര്‍ 22 നായിരുന്നു ജനനം. നിര്‍മല കിഷന്‍ചന്ദ് സാധു സിങ് നാഗ്പാലെന്ന നീളന്‍ പേരുകാരിയുടെ ചെല്ലപ്പേര് മോട്ടി ബച്ചിയെന്നായിരുന്നു. ''നസരാന''യില്‍ ബാലതാരമായാണു കുഞ്ഞുനിര്മല സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുമ്പോള് പ്രായം മൂന്നു വയസില്‍ താഴെ മാത്രം.
നൃത്തത്തോടുള്ള അഭിനിവേശം അപ്പോഴേ കുഞ്ഞു നിര്‍മലയുടെ സിരകളെ ത്രസിപ്പിച്ചിരുന്നു. 1950-കളുടെ അവസാനമായപ്പോള്‍ അഭിനയം വിട്ട് സിനിമകളിലെ നൃത്ത സംഘാംഗമായി. യാഥാസ്ഥിതികരായ നിര്‍മലയുടെ മാതാപിതാക്കള്‍ക്ക് മകള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്നതിനോടു താല്പര്യമുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി നിര്‍മലയെന്ന പേര് സരോജെന്ന് അവര്‍ മാറ്റുകയും ചെയ്തു. നൃത്ത സംവിധായകന് ബി. സോഹന്‍ ലാലിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ലാലിന്റെ സഹായിയായ അവര്‍ 13-ാം വയസില്‍ അദ്ദേഹത്തിനു വരണമാല്യം ചാര്‍ത്തി. വിവാഹിതനും നാലു മക്കളുടെ പിതാവുമാണെന്ന് അറിയാതെയായിരുന്നു ലാലുമായുള്ള ദാമ്പത്യം.
ഈ ബന്ധത്തിനു വഴിമരുന്നിട്ടതും നൃത്തത്തോടുള്ള പ്രണയം. പക്ഷേ, 1965-ല്‍ ഇരുവരും വിവാഹമോചിതരായി. അതിനിടെ ബോളിവുഡ് സരോജ് ഖാന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. 1974-ല്‍ പുറത്തിറങ്ങിയ ''ഗീതാ മേരാ നാം'' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. തൊട്ടടുത്തവര്‍ഷം സര്‍ദാര്‍ റോഷന് ഖാനെന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. ശ്രീദേവിയും അനില്‍ കപൂറും അഭിനയിച്ച ''മിസ്റ്റര്‍ ഇന്ത്യ''(1987) യിലെ ''ഹവാ ഹവായി'' എന്നു തുടങ്ങുന്ന ഹിറ്റ്ഗാനത്തിനു ചുവടുകളൊരുക്കിയതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ശ്രീദേവി, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് തുടങ്ങി പ്രശസ്ത നായികമാര്‍ സ്ക്രീനില്‍ നൃത്ത വിസ്മയമൊരുക്കിയ പല ഗാനങ്ങള്‍ക്കും ചുവടുകളൊരുക്കിയത് സരോജ് ഖാനായിരുന്നു. 'ഏക് ദോ തീന്'(തേസാബ്), 'ധക് ധക് കര്‍നേ ലഗാ (ബേട്ടാ), 'ചോളീ കെ പീച്ചെ ക്യാ ഹെ' (ഖല്‍നായക്), 'ഡോലാ രേ' (ദേവദാസ്) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്കു പുറമേ മൊഹ്റ, ബാസീഗര്‍, വീര്‍ സാറാ, ലഗാന്‍, ഗുരു തുടങ്ങി നിരവധി ചിത്രങ്ങളില്‍ കോറിയോഗ്രാഫറായി. മാധുരി ദീക്ഷിത് അഭിനയിച്ച ''കളങ്ക്''(2019)-ലെ ''തബാ ഹോ ഗയേ'' എന്ന ഗാനത്തിനായാണ് അവസാനം നൃത്താവിഷ്കാരമൊരുക്കിയത്.






