
''ഹാസ്യകഥാപാത്രങ്ങളിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ബാലു വര്‍ഗീസിന് ഇപ്പോള്‍ മലയാള സിനിമയുടെ യുവനായക നിരയിലാണ് സ്ഥാനം. സമീപകാലത്ത് വിവാഹിതനായ ബാലു പുതിയ ചിത്രങ്ങളുടെയും പുതു ജീവിതത്തിന്റെയും വിശേഷങ്ങള്‍ പങ്കിടുന്നു.''
തീയറ്ററുകള്‍ തുറക്കുമ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ടല്ലോ റിലീസിന്?
ഓപ്പറേഷന് ജാവ, സുമേഷ് രമേഷ് എന്നീ ചിത്രങ്ങളാണ് കൊറോണക്കാലം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുന്നത്. സുനാമി എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. സുമേഷ് രമേഷില്‍ ഞാനും ശ്രീനാഥ് ഭാസിയുമാണ് ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്. നാട്ടുമ്പുറത്തുള്ള ചേട്ടനും അനിയനും തമ്മിലുള്ള ബന്ധം രസകരമായി പറഞ്ഞുപോകുന്ന ചിത്രമാണത്. സലിംകുമാറും പ്രവീണയുമാണ് അച്ഛനും അമ്മയുമായി വേഷമിടുന്നത്.
ഓപ്പറേഷന് ജാവയില്‍ ഞാനും ലുക്മാനുമാണ് ലീഡ് റോളുകളില്‍. വിനായകന് ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഇര്‍ഷാദിക്ക, ബിനു പപ്പു തുടങ്ങിയവരും ഓപ്പറേഷന് ജാവയുടെ ഭാഗമാണ്. സൈബര്‍ ക്രൈം ജോണറില്‍ വരുന്ന ചിത്രമാണ്. ഞാന്‍ ആദ്യമായാണ് ഇത്രയും ഹെവി സബ്ജക്ടില്‍ ലീഡ് റോളില്‍ എത്തുന്നത്.
വലിയ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനേക്കാള്‍ ചെറിയ സിനിമകളില്‍ പ്രധാന വേഷത്തിലെത്തുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. എല്ലാത്തരം സിനിമകളുടെയും ഭാഗമാകണമല്ലോ. പ്രേക്ഷകര്‍ക്ക് ബിഗ്ബജറ്റ്, ലോ ബജറ്റ് ചിത്രങ്ങള്‍ എന്ന വ്യത്യാസമൊന്നുമില്ല. ബാഹുബലി പോലുള്ള ചിത്രങ്ങള്‍ കാണാന്‍ മാത്രമല്ലല്ലോ ആളുകള്‍ തീയേറ്ററില്‍ പോകുന്നത്. വിഷു-ഈസ്റ്റര്‍ റിലീസ് ഉദ്ദേശിച്ചായിരുന്നു എന്റെ ചിത്രങ്ങളും. മരക്കാര്‍ പോലുള്ള വലിയ ചിത്രങ്ങളും വെയ്റ്റിംഗ് ആണ്. വലിയ റിലീസുകളിക്കിടയില് ഗ്യാപ്പ് നോക്കി വേണം ഇത്തരം ചെറിയ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍. ഇപ്പോഴുള്ള പ്രതിസന്ധി മാറാതെ ഒന്നും നടക്കില്ലല്ലോ.
വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു?
ഓപ്പറേഷന് ജാവയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലായിരുന്നു വിവാഹം. നടിയും മോഡലുമായ എലീനയാണ് ഭാര്യ. വിവാഹ ശേഷം സിനിമാത്തിരക്കുകള്‍ കാരണം ഒരുമിച്ച് സമയം ചിലവിടാന്‍ സാധിച്ചിരുന്നില്ല. അതിന് ഈ ലോക്ക്ഡൗണ്‍ കാലത്തോട് നന്ദി പറഞ്ഞേ മതിയാവൂ. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇത്രയും സമയം ഒന്നിച്ച് ചിലവിടുന്നത് ആദ്യമാണ്. ഐ ആം ടോണി എന്ന ചിത്രത്തില്‍ ഞാനും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അഞ്ച് വര്‍ഷത്തിലധികമായി പരസ്പരം അറിയാം. കല്യാണത്തിന്റെ എല്ലാ പ്ലാനിങ്ങുകള്‍ക്കും മുന്നില്‍ നിന്നത് എലീനയാണ്. കല്യാണത്തലേന്ന് സെമയും (ആസിഫ് അലിയുടെ ഭാര്യ) മാളുവും (മോണിക്ക, ലാലിന്റെ മകള്‍) ആസിഫിക്കയും ജീനും ഗണപതിയുമൊക്കെ പരിപാടി ഉഷാറാക്കാന്‍ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു.
സിനിമാ കുടുംബത്തില്‍ നിന്നുള്ള ആളാണ്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയത് അബദ്ധമായെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടല്ലോ. സിനിമ എന്താണെന്ന് പഠിക്കുകയാണ് ആദ്യം വേണ്ടത്. തുടക്കത്തില്‍ തന്നെ നായകനായി എന്‍ട്രി കിട്ടി സിനിമയില്‍ നിറഞ്ഞുനില്ക്കണം എന്നൊന്നും വിചാരിച്ചിട്ടേയില്ല. എല്ലാം ഓരോ പരീക്ഷണങ്ങള്‍ അല്ലേ? സിനിമയുടെ തിരഞ്ഞെടുപ്പും വേഷങ്ങളും എല്ലാം. ഓരോ ചിത്രം കഴിയുംതോറും അഭിനയത്തോടുള്ള പാഷനാണ് കൂടുന്നത്. അതില്‍ നായകന്, വില്ലന്‍, കോമഡി എന്നൊന്നുമില്ല.
ലാല്‍ ആണോ സിനിമയിലേക്കെത്താന് പ്രചോദനം?
ലാല്‍ അങ്കിളിനെ കണ്ടാണ് ഞങ്ങളുടെ ഫാമിലിയിലെ ഈ തലമുറ വളര്‍ന്നത്. സിനിമയെ വളരെ സീരിയസായി കാണുന്ന, ജീവിതത്തില്‍ വളരെ കൂള്‍ ആയിട്ടുള്ള ആളാണ് അദ്ദേഹം. അങ്കിളിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാനും വളരെ റിലാക്സ്ഡ് ആയിരിക്കും.
അങ്കിളിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടത് ഗോഡ്ഫാദര് ആണെന്നാണ് ഓര്‍മ്മ. കുട്ടിക്കാലത്ത് വി.സി. ആറില്‍ ഗോഡ്ഫാദര് പിന്നെയും പിന്നെയും റിപ്പീറ്റടിച്ച് കണ്ടതൊക്കെ എന്റെ ഓര്‍മയില്‍ ഇപ്പോഴും ഉണ്ട്.



