''കഥകഥ നായരേ, കസ്‌തൂരിനായരേ..., കാഞ്ഞിരക്കാട്ടമ്പലത്തില്‍ തേങ്ങ വിളഞ്ഞിള നീരായ്...'' കുട്ടിക്കാലത്ത് കേട്ട് മനസില്‍ പതിഞ്ഞ ഈ വരികള്‍ കഥയുടെ ആത്മകഥകൂടിയാണെന്ന് പിന്നീടാണ് പിടികിട്ടിയത്. കാലംമാറി, കഥമാറി. കഥയിലും നോവലിലും സിനിമയിലും സംഗീതത്തിലുംവരെ കോപ്പിയടി ഫാഷനായി. ദീപയടിയും മീരയടിയും ഹരിതയടിയുമൊക്കെ തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് അവാര്‍ഡു ജേതാക്കളായ ചില പുരുഷകേസരികളും തെളിയിച്ചു തുടങ്ങിയിരിക്കുന്നു. വായനക്കാരാകട്ടെ ഈ വൈതരണി മറികടക്കാന്‍ കഥ വിട്ട് ജീവിതകഥയെ പ്രാപിക്കുകയാണ്. ആത്മകഥയും കോപ്പിയടിക്കപ്പെടുമോ എന്നറിയില്ല. എ.ഐ ആത്മകഥയും പിറവികൊള്ളാം. കലാമണ്ഡലം കൃഷ്‌ണന്‍നായരും എം.പി. മന്മഥനും എം.കെ.കെ. നായരും തിക്കൊടിയനും ബഷീറും ജിയും പിയുമൊക്കെ ആത്മകഥകള്‍ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയായി. ഗാന്ധിയും നെഹ്‌റുവും മുതലുള്ള രാഷ്‌ട്രീയക്കാരും ആത്മകഥയെഴുതി. അവരുടെ സെക്രട്ടറിമാര്‍ അവയ്‌ക്ക് അനുബന്ധവും എഴുതി. എന്നാല്‍ ഇന്നിപ്പോള്‍ രാഷ്‌ട്രീയക്കാര്‍ ആത്മകഥയെഴുതുമെന്ന് പറഞ്ഞ് പാര്‍ട്ടിയെ പേടിപ്പിക്കുകയാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാം എന്നാണ് പയ്യന്നൂരെ കുഞ്ഞിക്കൃഷ്‌ണന്‍ തെളിയിച്ചത്. ശബരിമല സ്വര്‍ണ്ണക്കുടത്തില്‍ കയ്യിട്ടുവാരിയതും യുവതീപ്രവേശനവും ആഘോഷമാക്കിയതിന്റെ പിന്നാമ്പുറകഥകള്‍ എഴുതുമെന്നാണ് ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പറയുന്നത്. എഴുതുമെന്നു പറഞ്ഞപ്പോഴേക്കും പാര്‍ട്ടി അടിമുടി കുലുങ്ങിപ്പോയി. പാര്‍ട്ടിക്ക് പാരപണിയാനായി ഇങ്ങനെ ഓരോരുത്തരും ആത്മകഥയെഴുതാന്‍ തുടങ്ങിയാല്‍ ഒന്നേ പറയാനുള്ളൂ. അയാള്‍ കഥയെഴുതാതെ നോക്കണം!
ഖസാക്കിലെ 'ബി' നിലവറ
ശ്രീകൃഷ്‌ണന്‍ വേടന്റെ അമ്പിന് ലക്ഷ്യസ്‌ഥാനമായി പാദം ക്രമീകരിക്കുന്നു. ഖസാക്കിലെ രവി സര്‍പ്പദര്‍ശനത്തിനും അവതരാനന്തവര സ്വച്‌ഛമൃത്യുതന്നെ. രൂപാന്തരപ്പെട്ട രവിയാണ് ഖസാക്കില്‍ എത്തുന്നതെന്ന് ഖസാക്കിലെ ജയദേവ സാന്നിധ്യം വിവരിച്ചുകൊണ്ട് ഡോ. എന്‍.പി. വിജയകൃഷ്‌ണന്‍. ഖസാക്കില്‍ സംഗീതവുമായി ബന്ധപ്പെട്ട് ആകെയുള്ളത് 'വേദാനുദ്ധരതേ' എന്നു തുടങ്ങുന്ന ഗീതാഗോവിന്ദ ശ്ലോകമാണ് ഡാര്‍വിന്റെ പരിണാമത്തെയും ദശാവതാരത്തേയും ഇവിടെ ബന്ധിക്കുന്നു. പണ്ട് പണ്ട് ജന്തുക്കള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് എന്ന ഉജ്വലഭാഗത്തിനുശേഷമാണിത് വരുന്നത് അങ്ങിനെ പരിണാമത്തിന്റെ ദുഃഖകഥകൂടിയാകുന്നു. ഖസാക്കിന്റെ ഇതിഹാസം. വിജയനേയും ഖസാക്കിനേയും നിരന്തരം ചര്‍വിതചര്‍വണം ചെയ്‌തിട്ടും, പു.ക.സക്കാര്‍ ജ്‌ഞാനസ്‌നാനം ചെയ്യാന്‍ ശ്രമിച്ചിട്ടും ആരും തുറക്കാത്ത ഖസാക്കിന്റെ 'ബി' നിലവറയാണ് വിജയകൃഷ്‌ണന്‍ യുക്‌തിഭദ്രമായി ഇവിടെ തുറന്നുതരുന്നത്. (കലാപൂര്‍ണ ജൂണ്‍).
ഗ്രന്ഥപ്പുര
വായനവാരാചരണത്തോടനുബന്ധിച്ച് അപൂര്‍വഗ്രന്ഥങ്ങള്‍, പഴയ ആനുകാലികങ്ങള്‍, അപൂര്‍വരേഖകള്‍ തുടങ്ങിയ വ്യക്‌തികളുടെ സ്വകാര്യശേഖരത്തിലെ അപൂര്‍വ വായനാസാമഗ്രികള്‍ പൊതുവായന സമൂഹത്തിലേക്ക് ഡിജിറ്റലൈസ് ചെയ്‌ത് എത്തിക്കാനുള്ള ഗ്രന്ഥപ്പുരയുടെ പരിശ്രമം ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും കൈകോര്‍ക്കുന്നു. രേഖകളോ കൃതികളോ 8112110112 എന്ന നമ്പറില്‍ വാട്‌സ് ആപ്പു ചെയ്‌തു കൊടുക്കാവുന്നതാണ്. (മാതൃ. ആഴ്‌ച.).
ഒച്ച്
മലയാള കവികളുടെയോ ചലച്ചിത്രഗാനരചയിതാക്കളുടേയോ പതിവ് വാര്‍പ്പിലുള്ളയാളല്ല റഫീക്ക് അഹമ്മദ്. കവി പകിട്ടുകളില്‍ രമിക്കാന്‍ അദ്ദേഹത്തെ കിട്ടില്ല. കവിയശ: പ്രാര്‍ത്ഥികളുടെ ഗ്രൂപ്പ് മൂപ്പനാവാനൊന്നും ഒട്ടും കമ്പമില്ല. എഴുത്തില്‍ മുങ്ങാംകുഴിയിട്ട് രസിക്കാനാണിഷ്‌ടം. ഒച്ച് എന്ന റഫീക്കിന്റെ പുതിയ കവിതയില്‍ ആത്മാംശം ഏറി നില്‍ക്കുന്നതായി തോന്നി. മതി മതിയിതുമതിയെനിക്കൊരു കടലു നീന്തേണ്ട, മല കയറേണ്ട, അപാര വിണ്ടലമളന്നുപാറേണ്ട, വഴിമുടക്കിയും കളിപ്പിച്ചും മുന്നില്‍ കുതിക്കും വാഹനം മറികടക്കേണ്ട. എനിക്കീ മന്ദമാമിഴച്ചില സുഖം. പല പല വേഗക്കുതിപ്പു തോളത്തിട്ടതിവേഗത്തില്‍ കറങ്ങുമീഭൂമിപ്പുറത്ത്, മന്ദമായഗാനശാന്തിയില്‍ (മാതൃ. ആഴ്‌ച. ജൂണ്‍ 21).
സ്വര്‍ഗത്തിലേക്കൊരു
ട്യൂഷന്‍
കാരശേരി സ്‌മൃതികള്‍ ബാല്യത്തിലെ പായിപ്രയിലേക്ക് പിന്‍നടത്തും. കാഞ്ഞിരക്കാട്ടുകാവിലെ ചിറപ്പും പായിപ്ര പള്ളിയിലെ ചന്ദനക്കുടവും ജാതിഭേദമില്ലാതെ പായിപ്രക്കാര്‍ക്ക് പ്രിയങ്കരമായിരുന്ന ഒരു കാലം. ഇത്രയും പുരോഗമന കാപട്യവും അമ്പലം-പള്ളി വെട്ടിപിടിക്കലും പണം ഒഴുക്കലും അന്നുണ്ടായിരുന്നില്ല. തങ്ങളുടെ പച്ചപുതച്ച ജാറത്തിന് മുന്നില്‍ ഞാനും കുട്ടിക്കാലത്ത് വണങ്ങിയിട്ടുണ്ട്. കുരുമുളകാണ് പ്രസാദമായി തരിക. സ്‌കൂളിലേക്കുള്ള പോക്ക് പള്ളിപ്പറമ്പിലൂടെയാണ് ചിലപ്പോള്‍ അവിടെ ഖബര്‍ കുഴിക്കുന്നുണ്ടാവും. വീടിനു മുന്നിലൂടെ മയ്യത്തുകട്ടില്‍ പള്ളിയിലേക്കെടുക്കുന്നത് പതിവു കാഴചയാണ്. പുറത്തിറങ്ങി പരേതനോടുള്ള ആദരവ് കാണിക്കും. അതൊക്കെ അന്നത്തെ നാട്ടു മര്യാദ. മരിച്ചയാളുടെ തലയ്‌ക്കലിരുന്ന് മലക്കുകളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊടുത്ത് സ്വര്‍ഗത്തിലേക്കുള്ള എന്‍ട്രന്‍സ് ടെസ്‌റ്റിന് ട്യൂഷന്‍ എടുക്കുന്നത് കാരശേരി പറയുന്നത് കൗതുകകരമായിരിക്കുന്നു. ഭൂതകാലങ്ങളില്‍ പരത്തുന്ന കാരശേരി എഴുത്തിന്റെ ചാരുത മങ്ങുന്നില്ല.
ചലച്ചിത്ര സാഹോദര്യം
റിച്ചാര്‍ഡ്, ഡേവിഡ് ആറ്റന്‍ബറോ സഹോദരന്മാരില്‍ നിന്നുണ്ടായ ഫീച്ചര്‍-ഡോക്യുമെന്ററി ചര്‍ച്ചകളെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍ 'ഗാന്ധിയില്‍' വിഷയം ചരിത്രമാണെങ്കിലും അത് കലാനുഭവമാണ്. സഹോദരന്‍ ഡേവിഡ് ആറ്റന്‍ബറോയുടെ ഡോക്യുമെന്ററികളും സര്‍ഗാത്മകമത്രെ. ജന്തുജീവിതം കലാപരമായ അനുഭവവും. ഡോക്യുമെന്ററി എന്ന വാക്കുതന്നെ കോര്‍ത്തെടുത്ത സ്‌കോട്ടിഷ് ചലച്ചിത്രകാരനായ റോബര്‍ട്ട് ഫ്‌ളാഹര്‍ട്ടിയുടെ നാനൂക്ക് ഓഫ് ദ നോര്‍ത്തില്‍ കലയുടെ മാന്ത്രിക നിമിഷം കാണാം. ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന അതിവിചിത്രമായ ആര്‍ട്ടിക് ജീവിതത്തെ കവച്ചു വയ്‌ക്കുന്ന ആര്‍ട്ടിസ്‌റ്റ് നിമിഷത്തിലേക്ക് സുഭാഷ്‌ചന്ദ്രന്‍ വാതില്‍ തുറക്കുന്നു, ഇവിടെ.
കുറോസോവെയും
കുഞ്ഞനല്ല
കരീബിയന്‍ കടലിലെ കുഞ്ഞന്‍ ദ്വീപു രാഷ്‌ട്രമായ കുറോസോ ലോകകപ്പില്‍ ജര്‍മ്മനിയുടെ ഏഴിനേക്കാള്‍ വലിയൊരു ഗോള്‍ അടിച്ചിരിക്കുന്നു. വലുപ്പത്തിലും ജനസംഖ്യയിലും ലോകകപ്പു കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം. വിഖ്യാതഗോളി മാനുവല്‍ ന്യൂയരെ നിശബ്‌ദനാക്കിയാണ് ലിമാനോയുടെ ഷോട്ട് വലയില്‍ ഇരച്ചുകയറിയത്. കളി നിര്‍ത്തി വീട്ടിലിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഗോളിയുടെ കുപ്പായം അണിഞ്ഞതില്‍ ന്യൂയന്‍ ആ നിമിഷം സങ്കടപ്പെട്ടിരിക്കണം. ജര്‍മ്മനി നേടിയ 7 ഗോളും ആ സങ്കടം മാറ്റാന്‍ പര്യാപ്‌തമാവില്ല. (കൗമുദി ജൂണ്‍ 16).
അഗ്നി കോണിലെ വീട്
ലോകകപ്പ് വിശേഷങ്ങള്‍ പറഞ്ഞുതരാന്‍ മെക്‌സിക്കോയിലെത്തിയ ഹരിലാല്‍ അവിടത്തെ സാംസ്‌കാരികപ്പെരുമകളും പങ്കുവയ്‌ക്കുന്നു. മാജിക്കല്‍ റിയലിസം വാതില്‍ തുറന്ന് കാറോടിച്ചുപോയ തെരുവോരത്തെ ഫുവേഗ-144 എന്ന വീട്. ഗബ്രിയേല്‍ മാര്‍ക്വേസിന്റെ ഉന്മാദ ഭാവനകള്‍ ചിറകടിച്ച ആ മന്ദിരത്തില്‍ എല്ലാം പഴയതു പോലെ ഒരുക്കിവച്ചിരിക്കുന്നു. മേശയും കമ്പ്യൂട്ടറും പേപ്പര്‍വെയ്‌റ്റുമെല്ലാം കുട്ടികള്‍ പന്തു തട്ടുന്ന ഒച്ചകേട്ടാല്‍ ദേഷ്യപ്പെട്ട് ഇറങ്ങിവരുന്ന മാര്‍ക്വേസിന്റെ വീട്ടുമുറ്റം ഇന്ന് ശാന്തമാണ്. എന്നാല്‍ മെക്‌സിക്കോ കാല്‍പന്തിന്റെ ആരവത്താല്‍ മുഖരിതമാണ്. ഫുവേഗ എന്ന സ്‌ഥലപ്പേരിനര്‍ത്ഥം അഗ്നിയെന്നതും അന്വര്‍ത്ഥം തന്നെ (മാതൃ. ജൂണ്‍ 14).
സൗന്ദര്യലഹരി എന്ന
ഗൂഢകാവ്യം
സൗന്ദര്യലഹരിയുടെ വായന ആദിരൂപപരമായ ഒരു ലാവണ്യാനുഭവമായിരുന്നുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. പ്രപഞ്ചത്തിന്റെ ഉല്‌പത്തി, നിലനില്‌പ്, വിലയം എന്നിവയുടെ കാരണത്തിന് പ്രാചീന ഭാവന കല്‌പിച്ച മഹാബിംബമാണ് സൗന്ദര്യലഹരിയുടെ കേന്ദ്ര ബിന്ദുവായ മഹാത്രിപുര സുന്ദരി. മന്ത്രതന്ത്രയന്ത്രാത്മകമായ ഭാവനാജ്വാലകൊണ്ടാണ് സ്‌ഥലകാലസീമകളെ കടന്നുനില്‍ക്കുന്ന ആ കാവ്യ സ്വരൂപം കവി വരച്ചിട്ടിരിക്കുന്നത്. തനിക്കിത് ഭാവനാനിബിഡമായ ഒരു ഗൂഢകാവ്യമാണെന്നും ചുള്ളിക്കാട്.
മമതയുടെ
രണ്ടാം ആത്മകഥ
28 വര്‍ഷം മുമ്പേ മമതാ ബാനര്‍ജി ആത്മകഥയെഴുതി പ്രസിദ്ധീകരിച്ചു-സ്‌ട്രഗിള്‍ ഫോര്‍ എക്‌സിസ്‌റ്റന്‍സ് രാഷ്‌ട്രീയത്തിലെ കുതന്ത്രങ്ങളുടേയും ഗൂഢാലോചനയുടേയും വല കാണുമ്പോള്‍ ആശങ്കപ്പെടുന്നുവെന്ന് അവര്‍ എഴുതിയത് അറംപറ്റിയപോലെയായി. രാഷ്‌ട്രീയത്തിന്റെ ഇരുണ്ടലോകത്തെ അണയാത്ത പ്രകാശനാളമായ രാജീവ്‌ഗാന്ധിക്കാണ് ആത്മകഥ സമര്‍പ്പിച്ചത്. മമതയും കാലവും ലോകവും ഏറെമാറി. അധികാരത്തിന്റെ ആരോഹണവും അവരോഹണവും പലവട്ടം അരങ്ങേറി. തെരുവുസമരനായികയില്‍ നിന്നും ബംഗാളിന്റെയും ദേശീയ രാഷ്‌ട്രീയത്തിന്റേയും സ്വാധീനശക്‌തിയായി മമത വളര്‍ന്നുവെന്ന് മനോജ് മേനോന്‍. എന്നാല്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു അധികാരിയുടെ ചൂണ്ടയില്‍ കുറച്ചു മത്സ്യങ്ങള്‍ കൂടി മമതാസമുദ്രത്തില്‍ ബാക്കിയുണ്ട്. എന്ന അവസ്‌ഥയിലേക്കെത്തി ഇന്നത്തെ ബംഗാള്‍.
എന്‍.എസ്. മാധവന്റെ
പാളിപ്പോയ പ്രവചനം
എം.എ. ബേബിയുടെ കാല്‍കഴുകി ശുശ്രൂഷയില്‍ രമിച്ചിരുന്ന ഏബ്രഹാം മാത്യുവും പ്ലേറ്റ് മാറ്റി. സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ തുടര്‍ഭരണം പ്രവചിച്ച് നോട്ടീസടിക്കുകയും ഇടതുപക്ഷത്തിന് വന്‍ഭൂരിപക്ഷം പ്രവചിക്കുകയും ചെയ്‌തുവത്രെ. രാഷ്‌ട്രീയക്കാരെ നാണിപ്പിക്കുന്ന കള്ളക്കണക്കായിരുന്നു അത്. മാധവന്റെ ട്രാക്ക് റെക്കോര്‍ഡ് അറിയുന്നവര്‍ക്ക് ഇതിലത്ഭുതമുണ്ടാവില്ല. അദ്ദേഹം എന്നും പാര്‍ട്ടി പാദസേവകനായി അവാര്‍ഡുകള്‍ സ്വായത്തമാക്കിയിട്ടുണ്ടല്ലോ?
തോല്‍വി ഉള്‍ക്കൊള്ളും
രാഷ്‌ട്രീയത്തില്‍ മാന്യതയുടെ ആള്‍രൂപമാണ് പന്ന്യന്‍ രവീന്ദ്രന്‍. ലളിതജീവിതം. കറപുരളാത്ത വ്യക്‌തിത്വ വെണ്‍മ. തോല്‍വി ഉള്‍ക്കൊള്ളുന്നുവെന്ന് പറയാന്‍ മടിയില്ലാത്ത ഇടതുപക്ഷ നേതാവ്. പൊതുപ്രവര്‍ത്തകര്‍ മാന്യതക്ക് യോജിക്കാത്ത വാക്കുകള്‍ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും തോല്‍വിയെ ഇടതുപക്ഷം ഉള്‍ക്കൊള്ളുമെന്നും പന്ന്യന്‍. (തന്മ. ജൂണ്‍).




