കൊട്ടിയടച്ച ജാലകങ്ങള്‍,
ഇരു കൈകളും കാലും
ചങ്ങലകളാല്‍ ബന്ധിതം.
ബന്ധിതരെങ്കിലും
അവരുടെ സ്വപ്‌നങ്ങളെ
തടയുവാനാവുമോ?
കാറ്റുപോലെ പറക്കും
ചിന്തകളേയും.
കുറ്റവാളികളല്ല സത്യം പറഞ്ഞവര്‍,
നീതിബോധത്തിന്‍ തീയുള്ളവര്‍.
കുറ്റവാളികളല്ല അനീതിക്കെതിരേ
ഉച്ചത്തില്‍ നാവനക്കിയവര്‍.
അവരുടെ നിലവിളികള്‍ സെല്ലിന്റെ
ചുമരുകളില്‍ തട്ടി മുഴങ്ങുന്നു;
ആ ശബ്‌ദം ഒരിക്കല്‍ മതില്‍ പിളര്‍ത്തി
ആകാശത്തും പരക്കും.
അസ്‌തമയ ശേഷവും ശിക്ഷയുടെ
നിഴല്‍ വരച്ച് ഭൂമി.
എങ്കിലും രക്‌തംപോലെ
ഒഴുകുന്ന അവരുടെ സമരത്തെ
ഭൂമിയില്‍ ആര്‍ക്കാണാവുക തടയിടാന്‍?
ആധാര്‍ നമ്പറുള്ള ദേഹങ്ങളെങ്കിലും
അപരത്വം കല്‌പിച്ചു കപട ദേശഭക്‌തര്‍.
ചക്രവാളങ്ങളില്‍ ഇടി മുഴങ്ങുന്നുണ്ട്,
തീമഴയായി ആര്‍ത്തലയ്‌ക്കുവാന്‍ .
ചങ്ങലകള്‍ കെട്ടിയത് കൈകളെ മാത്രം;
ചിന്തയുടെ തീക്കനല്‍
കെടുത്തുവാന്‍ ആര്‍ക്കാവും ?
സത്യത്തിന്റെ ശബ്‌ദം
ഒരുനാള്‍ ജനതയായി ഉയരും,
മതില്‍ തകര്‍ന്നില്ലെങ്കിലും
കാലം തകര്‍ന്നു വീഴും.
അനിഷ് ഹാറൂണ്‍ റഷീദ്




