
ഇന്ന് ലോക സംഗീത ദിനം.
കവിയും ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമൊത്ത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
വണ്ണാത്തിപ്പുഴയുടെ കാല്ച്ചിലമ്പൊലിക്കും കണ്ണാടിമന ഇല്ലത്തെ മന്ത്രോച്ചാരണങ്ങള്‍ക്കുമിടയില്‍ പെയ്തിറങ്ങിയ കാവ്യതീര്‍ഥം. പാരമ്പര്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന കണ്ണാടിമനയിലെ ഉമ്മറത്തിണ്ണയില്‍നിന്ന് വേദാന്തത്തിന്റെ ഗാംഭീര്യവും, വണ്ണാത്തിപ്പുഴയുടെ നാട്ടുനന്മയുടെ സംഗീതവുംഹൃദയത്തിലേക്ക് ആവാഹിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി... ഇല്ലപ്പറമ്പിലെ തുളസിക്കതിരുകള്ക്കും തൊടിയിലെ ചെമ്പരത്തിക്കും വരമ്പത്തെ കാറ്റിനും ഒരു താളമുണ്ടെന്ന് മലയാളികളെ പഠിപ്പിച്ച തൂലിക. പ്രണയമഴയായും, വിരഹവേനലായും, ഭക്തിപ്രസാദമായും മൂന്നരപ്പതിറ്റാണ്ടിലേറെയായി നമ്മുടെ ജീവശ്വാസത്തില്‍ അലിഞ്ഞുചേര്‍ന്ന വരികള്‍. സംഗീതവും കവിതയും ഒന്നായിത്തീരുന്ന ആ കാവ്യസപര്യയെ കേവലമൊരു വ്യക്തിയെന്നതിലുപരി, മലയാളിയുടെ എക്കാലത്തെയും വലിയ സാംസ്കാരിക അടയാളങ്ങളിലൊന്നായാണ് കാലം രേഖപ്പെടുത്തുന്നത്. വാക്കുകള്‍ കൊണ്ട് സംഗീതത്തിനും സംഗീതം കൊണ്ട് വരികള്‍ക്കും ജീവനേകിയ കൈതപ്രത്തിന് എഴുപത്തിയാറാം വയസിലും വിശ്രമമില്ലാത്ത ഉപാസനയാണ്. ആ കാവ്യനദിയിലൂടെ ലോക സംഗീതദിനത്തില്‍ ഒരു യാത്ര....
? പാട്ടെഴുത്തിലേക്ക്
1980കളുടെ തുടക്കത്തില്‍ ആകാശവാണിയില്‍ കുറച്ചു പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സംഗീത സംവിധായകന് എം.ജി. രാധാകൃഷ്ണനുമായി അന്നേ വളരെയേറെ ആത്മബന്ധം ഉണ്ടായിരുന്നു. ഉദയഭാനു, കമുകറ പുരുഷോത്തമന്, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് തുടങ്ങി അന്നത്തെ ആകാശവാണിയിലെ മിക്ക പ്രതിഭകളുമായും നല്ല അടുപ്പമായിരുന്നു.
1983-ല്‍ തരംഗിണിയുടെ 'ഗ്രാമീണഗാനങ്ങള്‍-2' എന്ന കാസറ്റില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ പാട്ടെഴുതാന്‍ അവസരം കിട്ടി. ഭാഗ്യവശാല്‍ അതിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് ആ വര്‍ഷം തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റിലെ എല്ലാ പാട്ടുകളും എഴുതാനുള്ള ഭാഗ്യം ലഭിച്ചു. വലിയൊരു ഭാഗ്യം ആ ആല്‍ബത്തിലെ എല്ലാ പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് യേശുദാസ് തന്നെയാണ് എന്നതാണ്. അതിലെ ''ആയിരം ഗാനം ആയിരം താളം...'' എന്നു തുടങ്ങുന്ന പാട്ട് പതിവില്‍നിന്നു വ്യത്യസ്തമായി ശ്രുതി ചേര്‍ക്കാതെയാണ് പാടിയത്. പാടിയശേഷമാണ് ശ്രുതി ചേര്‍ത്തത്. അന്ന് അതൊരു വലിയ സംഭവമാണ്.
? സിനിമയിലേക്കുള്ള വഴി
1986-ല്‍ കോഴിക്കോട് തിരുവണ്ണൂരില് മാസം 200 രൂപ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന കാലത്താണ് ജോലിചെയ്യുന്ന പത്രസ്ഥാപനത്തിലേക്ക് ഒരു ഫോണ്‍കോള്‍ വരുന്നത്. മുമ്പ് കാവാലത്തിന്റെ നാടകക്കളരികളിലൂടെ കണ്ടിട്ടുള്ള ഫാസില്‍ ആണ് വിളിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. 'എനിക്ക് സിനിമ അറിയില്ല, പ്രവര്‍ത്തിച്ചു പരിചയം ഇല്ല' എന്നൊക്കെ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നു.
അടുത്തദിവസം ആലപ്പുഴയിലെത്തിയപ്പോള്‍ അവിടെ ജെറി അമല്‍ദേവും ഫാസിലിനൊപ്പം ഉണ്ടായിരുന്നു. എനിക്ക് ആകെ ആശങ്കയായിരുന്നു. എഴുതാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടെങ്കിലും ഈണത്തിനൊപ്പിച്ച് പറ്റുമോ എന്നായിരുന്നു പേടി. ഫാസിലിനോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. 'എന്നെന്നും കണ്ണേട്ടന്റെ' എന്ന ആ ചിത്രത്തില്‍ ഞാനും നായികാ നായകന്മാരും കഥാകൃത്ത് മധു മുട്ടവും പുതുമുഖങ്ങളായിരുന്നു. ജെറി അമല്‍ദേവ് തന്ന ആദ്യത്തെ ട്യൂണ്‍ ആയിരുന്നു 'പൂവട്ടക തട്ടിച്ചിന്നി...''.
അടുത്ത പാട്ട് കോളജ് കലോത്സവത്തിന് പാടാന്‍ പറ്റിയ പാട്ട് എന്ന് മാത്രമാണ് സിനിമയുടെ സന്ദര്‍ഭം ഫാസില്‍ പറഞ്ഞത്. വാക്കുകള്‍ കുറച്ചു ഗൗരവമുള്ളതായിക്കോട്ടെ എന്നു നിര്‍ദേശം തന്നിരുന്നു. വയലാര്‍ ആദ്യമായി പാട്ടെഴുതിയ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലെ അതേ മുറിയിലാണ് അന്ന് താമസിച്ചത്. ഞാന്‍ മനസില്‍ സദാ സ്മരിക്കുന്ന മൂകാംബികയെ ധ്യാനിച്ച് പാട്ടിന്റെ ആദ്യത്തെ വരി പറഞ്ഞുകൊടുത്തു: ''ദേവദുന്ദുഭി സാന്ദ്രലയം...'' എല്ലാര്ക്കും ഒരുപാട് ഇഷ്ടമായി. ഇതുവരെ ആരും പ്രയോഗിച്ചിട്ടില്ലാത്ത വാക്കുകളായിരുന്നു അത്. ഈ പാട്ടിന്റെ പല്ലവിയുടെ ഈണം മാത്രമാണ് ജെറി അമല്‍ദേവ് തന്നത്. അനുപല്ലവിയും ചരണവും എഴുതിയശേഷമാണ് ഈണമിട്ടത്. മുറിയില്‍നിന്നു പുറത്തിറങ്ങി നടന്നും ഇരുന്നും ഒക്കെയാണ് ഈ പാട്ട് എഴുതിത്തീര്‍ത്തത്. യേശുദാസും സതീഷ് ബാബുവും സുനന്ദയും ചേര്‍ന്നും യേശുദാസ് സോളോയായും ഈ പാട്ട് പാടി. യേശുദാസ് അന്ന് വളരെയധികം പ്രോത്സാഹനം നല്കി.
? യേശുദാസ് നല്കിയ ഉപദേശം
'ദേവദുന്ദുഭി'യിലെ ചരണത്തില്‍ ''ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി..'' എന്ന വരിയില്‍ 'ശുഭഗന്ധം' എന്ന വാക്ക് പാടിയപ്പോള്‍ 'ഗന്ധം' കുറച്ചു സോഫ്റ്റായി. ഒന്നുകൂടി പാടാന്‍ യേശുദാസിനോട് പറയാന്‍ എല്ലാവര്ക്കും പേടി. അവസാനം ഞാന്‍ കയറിപ്പറഞ്ഞു: ''ദാസേട്ടാ, ആ ഭാഗം ഒന്നു കേട്ടുനോക്കുമോ? ഒരു അക്ഷരം സോഫ്റ്റായപോലെ...''
'അതിനെന്താ' എന്നു ചോദിച്ച്, പൂട്ടിയ സ്റ്റുഡിയോ തുറപ്പിച്ച് യേശുദാസ് വീണ്ടും പാടി. അതിനുശേഷം എന്നെ അടുത്തുവിളിച്ച് സ്നേഹത്തോടെ ഒരു ഉപദേശം തന്നു. ''അടുത്തടുത്ത് രണ്ട് ഖരാക്ഷരങ്ങള്‍ വന്നാല്‍ പാടുന്നയാള്‍ക്ക് ബുദ്ധിമുട്ടാകും.'' പിന്നീട് ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഈ കാര്യം തെറ്റിച്ചിട്ടില്ല.
ആ സിനിമയിലെ എല്ലാ പാട്ടുകളും ഇന്നും വളരെ ഹിറ്റാണ്. അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്‍ ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച് വന്ന ലേഖനത്തില്‍ പ്രശസ്ത നിരൂപകന് ടി.പി. ശാസ്തമംഗലം എന്നെക്കുറിച്ച് എഴുതിയത് 'കൂരിരുട്ടില്‍ ഒരു കുട്ടിസൂര്യന്‍' എന്നായിരുന്നു. എനിക്ക് കിട്ടിയ വലിയ അംഗീകാരം.
? പ്രമദവനത്തിലേക്ക്
വേണു നാഗവള്ളിയുടെ 'ഏയ് ഓട്ടോ' എന്ന സിനിമയുടെ സെറ്റില്‍ ചെന്നപ്പോഴാണ് സംഗീതസംവിധായകന് രവീന്ദ്രനെ ആദ്യമായി കാണുന്നത്. അക്കാലത്ത് ഞാന്‍ ജോണ്‍സനോടൊപ്പം കുറെയധികം പാട്ടുകള്‍ ചെയ്തിരുന്നു. ''ജോണ്സന് മാത്രം മതിയോ? നമുക്ക് ഒന്നിരിക്കണ്ടേ?'' എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ''വിളിക്കണ്ടേ'' എന്നു ഞാന്‍ പറഞ്ഞു. ''വിളിക്കും, ഉടനെ വിളി വരും'' എന്നു രവീന്ദ്രന് മറുപടി നല്കി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ലോഹി (ലോഹിതദാസ്) ഒരു സിനിമയിലേക്ക് ക്ഷണിച്ചു. 1989 ഡിസംബറിലായിരുന്നു അത്. ലോഹിയുടെ ക്ഷണപ്രകാരം തൃശൂര്‍ രാമനിലയത്തിലെത്തിയപ്പോള് ലോഹിയും സിബി മലയിലും രവീന്ദ്രനുമുണ്ട്. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമായ 'ഹിസ് ഹൈനസ് അബ്ദുള്ള' ആയിരുന്നു ആ ചിത്രം. ആദ്യം കിട്ടിയ സന്ദര്‍ഭം രാധയെ തേടുന്ന കൃഷ്ണന് എന്നായിരുന്നു. മുന്‍പേ എന്റെ മനസിലുണ്ടായിരുന്ന ''ഗോപികാവസന്തം തേടി..'' എന്ന വരികള്‍ കൊടുത്തു.
അടുത്ത പാട്ട് രവീന്ദ്രന് തന്നപ്പോള്‍ ഈ ഈണം അദേഹത്തിന്റെ തന്നെ ''ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി... എന്ന പാട്ടിന്റെ തുടക്കം ആണല്ലോ'' എന്നു പറഞ്ഞു. ഈ ഈണം അവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നു. ഈ ഈണത്തില്‍നിന്നു പുതിയൊരു പാട്ടുണ്ടാക്കുക എന്ന ശ്രമകരമായ ജോലിയാണ് കിട്ടിയിരിക്കുന്നത്. ആ സമയത്ത് എന്റെ മനസ്സില്‍ വന്ന 'പ്രമദവനം' എന്ന വാക്ക് പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം വളരെ ഇഷ്ടമായി. പൂര്‍ണമായ ഈണം കിട്ടി വരികള്‍ മുഴുവന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ അതൊരു പുതിയ ഗാനമായി മാറി. എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെട്ട ആ പാട്ട് ജീവിതത്തില്‍ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിത്തന്നു. ആവര്‍ത്തന വിരസതയും മത്സരങ്ങളും കാരണം ഇനി സിനിമയില്‍ പാടാനില്ല എന്നു പറഞ്ഞ് പിന്മാറിയ യേശുദാസിനെ മടക്കിക്കൊണ്ടുവന്ന ഗാനമാണത്. ഇന്നും ഒരുപാട് പേര് ആ പാട്ട് പാടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്റെ ഗാനങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലെന്നാണ് പ്രമദവനം. അനുപല്ലവിയില്‍ രാമായണവും ചരണത്തില്‍ ഭാഗവതവും ഉള്‍പ്പെടുത്താനായി എന്നതാണ് ആ പാട്ടിന്റെ മഹിമ.
ഒരിക്കല്‍ മംഗലാപുരത്ത് എസ്.പി. ബാലസുബ്രഹ്മണ്യവും യേശുദാസും ചേര്‍ന്നുള്ള ഒരു ഗാനമേളയില്‍ യേശുദാസ് 'പ്രമദവനം' പാടിക്കഴിഞ്ഞപ്പോള്‍ എസ്പി.ബി. ചോദിച്ചത് ''ഇതിനു മുകളില്‍ ഞാന്‍ എന്തു പാടാനാണ്'' എന്നാണ്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നായിരുന്നു 'പ്രമദവനം'.
? സംഗീതത്തിലേക്കുള്ള കടന്നുവരവ്. രചനയും സംഗീതവും ഒരുപോലെ കൊണ്ടുനടക്കുന്നവര്‍ അത്യപൂര്വമാണല്ലോ.
ചെറുപ്പം മുതല്‍ ആഗ്രഹിച്ചത് സംഗീതമായിരുന്നു. സംഗീതജ്ഞനാകാനാണ് കൊതിച്ചത്. അച്ഛന് സംഗീതജ്ഞനായിരുന്നു. ഞാനും കുട്ടിക്കാലം മുതല്‍ സംഗീതം പഠിച്ചിട്ടുണ്ട്. കുട്ടിയായിരുന്നപ്പോള്‍ സംഗീതം പഠിക്കാന്‍വേണ്ടി വീട് വിട്ടു പോയ ചരിത്രമുണ്ട്. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അദ്ദേഹത്തിനുള്ള സമര്‍പ്പണവുമാണ് എന്നെ സംഗീതസംവിധാനത്തിലേക്ക് എത്തിച്ചത്. ചിലപ്പോള്‍ സംഗീതം എന്റെ രക്തത്തില്‍ അലിഞ്ഞുചേര്ന്നതായിരിക്കാം.
1996-ല്‍ സംവിധായകന് ജയരാജ് ആണ് 'ദേശാടന'ത്തിലേക്ക് സംഗീതം നല്‍കാനായി വിളിക്കുന്നത്.
സന്ദര്‍ഭങ്ങള്‍ വിശദീകരിച്ച് റെക്കോഡിങ്ങിനുള്ള കാശും എന്റെ വീട്ടില്‍ വന്നു തന്നിട്ട് ജയരാജ് ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി. പാട്ടുകള്‍ തയാറാക്കി ട്രാക്കുകളുമായാണ് ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ടത്. എല്ലാ പാട്ടുകളും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി.
ആദ്യചിത്രമായ 'വിദ്യാരംഭം' മുതല്‍ ജയരാജിന്റെ ഒട്ടുമിക്ക സിനിമകളിലും ഞാനാണ് പാട്ടെഴുതിയത്. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ ജയരാജുമായി പരിചയമുണ്ട്. 'വൈശാലി'യില്‍ അഭിനയിക്കാനായി ചെന്നപ്പോഴാണ് ഭരതന്റെ അസിസ്റ്റന്റായിരുന്ന ജയരാജിനെ ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹവുമായി നല്ല ആത്മബന്ധം സ്ഥാപിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ 'പെരുങ്കളിയാട്ട'ത്തിലും ഞാനാണ് പാട്ടെഴുതിയത്. 'ദേശാടനം', 'കളിയാട്ടം', 'താലോലം', 'ശാന്തം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം സംഗീതം നല്കി. ഷേക്സ്പിയറിന്റെ 'ഒഥല്ലോ' മലയാളത്തില്‍ അവതരിപ്പിച്ച 'കളിയാട്ട'ത്തിലെ ''എന്നോടെന്തിനീ പിണക്ക''വും ഒരുപാട് സംതൃപ്തി നല്കിയ ഗാനമാണ്. 'ഒഥല്ലോ'യിലെ ഒരു പ്രധാന രംഗമായ 'വില്ലോ സോങ്' മലയാളത്തിലേക്ക് പറിച്ചുനടുകയായിരുന്നു ആ പാട്ടില്‍.
സ്വയം സംഗീതം നിര്‍വഹിക്കുമ്പോള്‍ കുറച്ചുകൂടി സ്വാതന്ത്ര്യം കൂടുതലാണ്. അപ്പോള്‍ ആദ്യം വരികളെഴുതി അതിനു ചേരുന്ന ഈണം ഒരുക്കുകയാണ് പതിവ്.
? തിരക്കഥയും അഭിനയവും
'എന്നെന്നും കണ്ണേട്ടന്റെ'യില്‍ പാട്ട് എഴുതിക്കഴിഞ്ഞ സമയത്താണ് ലെനിന് രാജേന്ദ്രന് 'സ്വാതിതിരുനാള്‍' എന്ന സിനിമയില്‍ അഭിനയിക്കാനായി വിളിക്കുന്നത്. ആ ചിത്രം നല്കിയ ആത്മവിശ്വാസം വീണ്ടും ചില ചിത്രങ്ങളില്‍ കൂടി അഭിനയിക്കാന്‍ പ്രേരിപ്പിച്ചു. 'ആര്യന്', 'ഹിസ് ഹൈനസ് അബ്ദുള്ള', 'സാഫല്യം', 'ഏപ്രില്‍ 19' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജയരാജിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 'സോപാനം' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
? സംവിധാനം: കൈതപ്രം
'മഴവിലിനറ്റം വരെ' എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി കൂടി അണിയുകയാണ്. രാജ്യങ്ങളുടെ അതിര്‍ത്തി ഭേദിക്കുന്ന സ്നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിദേശയാത്രയില്‍ ഒരു സുഹൃത്തിന്റെ വീട്ടിലിരുന്ന് ഹാര്‍മോണിയം വച്ച് പാടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവിടേക്ക് ഒരാള്‍ കടന്നുവന്നു. വീട്ടുടമസ്ഥന് പറഞ്ഞു: അദ്ദേഹം ഒരു പാകിസ്താനിയാണ്, ക്രിക്കറ്റ് കളിക്കാന്‍ വന്നതാണ് എന്ന്.
ഞാനപ്പോള്‍ പാടിക്കൊണ്ടിരുന്നത് ''കളിവീടുറങ്ങിയല്ലോ...'' എന്ന പാട്ടായിരുന്നു. പാട്ട് കേട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മിഴികള്‍ നിറഞ്ഞൊഴുകി. അതുകണ്ട് എനിക്ക് അത്ഭുതമായി. ഭാഷയറിയാത്ത അദ്ദേഹത്തിന് ഇത്രയും ഫീല്‍ ചെയ്യാന്‍ കാരണമെന്താകും. അപ്പോഴേക്കും അയാള്‍ അടുത്ത് വന്ന് പതിയെ പറഞ്ഞു 'ഞാന്‍ മലയാളികൂടിയാണ്. അച്ഛന് മലയാളിയാണ്.'
ഈ സംഭവം എന്റെ മനസില്‍ കിടന്നു. അതില്‍നിന്നാണ് ഈ സിനിമ പിറന്നത്. അന്ന് അതിര്‍ത്തികളില്ലാത്ത സ്നേഹത്തേക്കുറിച്ച് ഞാനൊരു കവിതയും എഴുതിയിരുന്നു. ഇവിടെ തുടങ്ങുന്ന മഴവില്ലിന്റെ അറ്റം മറ്റൊരു രാജ്യത്താകാം. മണിക്കൂറുകള്‍ കൊണ്ടു ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തെത്തുന്ന ഈ കാലത്ത് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്ത്തിതര്ക്കങ്ങള്ക്കെന്തു പ്രസക്തി. അതാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഏറെക്കാലം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടനെ തീയേറ്ററിലെത്തും.
? പാട്ടെഴുത്തിന് പ്രത്യേകിച്ച് തയാറെടുപ്പുകളുണ്ടോ.
അങ്ങനെ പ്രത്യേകിച്ച് തയാറെടുപ്പുകള്‍ ഒന്നുമില്ല. തുടക്കം കിട്ടിയാല്‍ പിന്നെ എളുപ്പം പാട്ട് എഴുതിത്തീരും. ട്രെയിനിലിരുന്ന് എഴുതിയതാണ് 'ഉറുമി' എന്ന ചിത്രത്തിലെ ''ചിന്നിച്ചിന്നി മിന്നിത്തിളങ്ങണ..'' എന്ന പാട്ട്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടിനുള്ള യാത്രയില്‍ ഓരോ വരികളായി സംവിധായകന് വാട്സപ്പില്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു. കോഴിക്കോട് എത്തിയപ്പോഴേക്കും പാട്ട് പൂര്‍ത്തിയായി.
? ഒരു നല്ല പാട്ടിനു പിന്നിലെ പ്രധാന ഘടകം.
രചനയും സംഗീതവും ഒരുപോലെ നന്നാകുമ്പോഴാണ് നല്ലൊരു പാട്ടുണ്ടാകുന്നത്. ''കളിവീടുറങ്ങിയല്ലോ..'' എഴുതുമ്പോള്‍ മകന് ദീപു (ദീപാങ്കുരന് ) ആയിരുന്നു മനസില്‍. ഒരുപാട് താരാട്ടുപാട്ടുകള്‍ എഴുതിയിട്ടുണ്ട്. അപ്പോള്‍ എനിക്കൊരു അമ്മമനസായിരിക്കും.
മദ്യം, മദിരാക്ഷി തുടങ്ങിയ ലഹരികളൊന്നും ഞാന്‍ ശീലിച്ചിട്ടില്ല. എഴുത്ത് ഒരു ആത്മീയാനന്ദമാണ്. സത്യം, സ്നേഹം, പരിശുദ്ധപ്രണയം, തുടങ്ങി ആരെയും നോവിക്കാത്ത സംസ്കാരമാണ് എന്റെ പാട്ടുകള്‍.
? '80സ് കിഡ്സ്' മുതല്‍ ജെന്‍സി വരെ ഏതു തലമുറകളുടെയും പ്രിയപ്പെട്ട ഗാനരചയിതാവാണല്ലോ.
കേള്‍ക്കുന്നവര്‍ക്കെല്ലാം എളുപ്പം മനസിലാകുന്നതാവണം വരികള്‍. വര്‍ത്തമാനം പറയുന്നതുപോലെയും നല്ല പാട്ടെഴുതാം. ''ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം ആകാശപ്പനയില് ഞാന്‍ പണിഞ്ഞു തരും.. എന്തുവേണം സഖീ എന്തു വേണം.. ഇനി നിനക്കെന്തു വേണം...'' എന്നെഴുതിയാലും പാട്ടാണ്.
ആസ്വാദകരുമായി സാരൂപ്യം പ്രാപിക്കുമ്പോള്‍ നല്ല പാട്ട് പിറക്കും. ഞാന്‍ എഴുത്തുകാരനും ആസ്വാദകന് വെറും കേള്‍വിക്കാരനും മാത്രമായിരിക്കുമ്പോള്‍ ആ പാട്ട് ഒരിക്കലും പൂര്‍ണമാവില്ല. എന്റെ പാട്ടുകളുടെ വിജയം ഞാന്‍ നിങ്ങളായി മാറുന്നു, നിങ്ങള്‍ ഞാനായി മാറുന്നു എന്നതാണ്.
? സാഹിത്യത്തിലുള്ള താല്പര്യം എഴുത്തില്‍ സഹായിച്ചിട്ടുണ്ടോ.
തീര്‍ച്ചയായും. 25 വയസുവരെയുള്ള വായനയാണ് നമ്മളെ പരുവപ്പെടുത്തുന്നത്. എഴുത്തുകാരന് ആവനാഴിയിലെ അസ്ത്രങ്ങള്‍ തീരാന്‍ പാടില്ല. വാക്കുകളാണ് ആശയത്തിന്റെ പൂര്‍ണത. അതിനു കുട്ടിക്കാലത്തെ വായന മാത്രമേ സഹായിക്കൂ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ 'ഭാരതപര്യടനം' വായിച്ചിട്ടുണ്ട്. രാമായണവും ഭാഗവതവുമെല്ലാം എന്റെ വിവിധ പാട്ടുകള്‍ക്കു തുണയായിട്ടുണ്ട്.
? എം.ടിയുടെ കടുത്ത ആരാധകനാണല്ലോ.
ചെറുപ്പം മുതല്‍ എം.ടിയുടെ കടുത്ത ആരാധകനാണ്. അന്നൊക്കെ അദ്ദേഹത്തെ എന്നെങ്കിലും കാണാന്‍ കഴിയുമെന്നുപോലും കരുതിയില്ല. അദേഹത്തിന്റെ കൂടെ ജോലി ചെയ്യാനും സിനിമയില്‍ പ്രവര്‍ത്തിക്കാനും സാധിച്ചത് മഹാഭാഗ്യം. 'തീര്‍ത്ഥാടനം' എന്ന ചിത്രത്തിലെ ''സൗപര്‍ണ്ണികാ..'' എന്ന ഗാനം കേട്ടിട്ട് എം.ടി. ഒരാളോട് ഈ പാട്ടിന് ഒരു ജൈവസാന്നിധ്യം, മൂകാംബിയിലെ അന്തരീക്ഷം മുഴുവനുണ്ടെന്നു പറഞ്ഞതായി അറിഞ്ഞു. എനിക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം. അല്ലാതെന്തു പറയാന്‍.
മറ്റൊരു ഗാനരചയിതാവിനുവേണ്ടി സംഗീതസംവിധായകന് മാത്രമായി മാറിയ ചരിത്രം കൈതപ്രത്തിനു മാത്രം സ്വന്തമായിരിക്കും. കമലിന്റെ 'കൈക്കുടന്ന നിലാവ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നല്‍കിയത് കൈതപ്രവുമാണ്.
കാലം മാറുമ്പോഴും ചില വരികള്‍ക്ക് പഴക്കം തോന്നാറില്ല. ചില സ്വരങ്ങള്‍ക്കു മൗനം സംഭവിക്കാറില്ല. അത്തരമൊരു സൗമ്യസാന്നിധ്യമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ''മിഴികൊണ്ടു മിണ്ടുന്ന മനസിന്റെ ഭാഷ'' എന്ന് അദ്ദേഹം കുറിച്ച ആ വരി പോലെ ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കുന്നിടത്തോളം കൈതപ്രത്തിന്റെ വാക്കുകളും സ്വരങ്ങളും മലയാളത്തിന്റെ ആത്മാവില്‍ അനന്തമായി മുഴങ്ങിക്കൊണ്ടിരിക്കും.
''എന്റെ തീര്‍ഥാടനം ജന്മദുഃഖങ്ങള്‍ക്കു
സാന്ത്വനം തേടുന്ന യാത്ര...
ആയിരം കാതങ്ങള്‍ താണ്ടി ഞാനെത്തിയ
സ്നേഹാര്ദ്രതീരമേ നന്ദി...''
നീതു ബിനോയ് വിദ്യാസാഗര്‍



