
കായല്‍ പരപ്പില്‍ തെളിഞ്ഞു കാണുന്ന മത്സ്യകൂടു പോലെയാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ സേവന ജീവിതം. ചെറു വായ്‌വട്ടം മാത്രമുള്ള മത്സ്യകൂടിന്റെ അടിത്തട്ട് വിശാലമായി കായലില്‍ ഒഴുകി പരക്കുന്നതു പോലെയാണ് അച്ചന്റെ സേവന പ്രവര്‍ത്തന മേഖലയും. ഈ പുരോഹിതന്റെ സാന്ത്വന സ്‌പര്‍ശമേല്‍ക്കാത്ത, നവ ആശയത്തിലധിഷ്‌ഠിതമായ വിസ്‌മയ സംരംഭങ്ങളുടെ ഭാഗമാകാത്ത ജീവിതങ്ങള്‍ കായല്‍, കടലോര മേഖലകളിലില്ലെന്ന് തന്നെ പറയാം.
കോട്ടപ്പുറം രൂപതയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര പ്രസിദ്ധമായ ചാലക്കുടി സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ത്ഥാടന ദേവാലയ വികാരിയെന്ന പരിചയപ്പെടുത്തല്‍ റവ. ഡോ. ഫാ. ജോണ്‍സണ്‍ പങ്കേത്തിലേക്കുള്ള പ്രവേശന കവാടം മാത്രമാണ്. മൂന്നുപതിറ്റാണ്ട് നീണ്ട വൈദിക ജീവിതത്തിനിടെ ഫാ. ജോണ്‍സണ്‍ പങ്കേത്ത് കൈവെയ്‌ക്കാത്ത സേവനമേഖലകള്‍ ചുരുക്കം. പുതുകാലത്ത് ചിരപരിചിതമായ സംരംഭകത്വത്തെ കുറിച്ച് സമൂഹം ചിന്തിക്കും മുന്നെ, തീരദേശ ജനതയുടെ പട്ടിണിയും പരിവട്ടവുംമാറ്റി ജീവിത നിലവാരം ശക്‌തിപ്പെടുത്താന്‍ നിരവധി സംരംഭങ്ങളുടെ ആശയ വിത്തുകള്‍ പാകി മുളപ്പിച്ച വൈദികനാണ് ഫാ. ജോണ്‍സണ്‍ പങ്കേത്ത്. അതില്‍ പലതും ഇന്ന് വേരൂന്നിപ്പടര്‍ന്ന ആല്‍മരം കണക്കെ, സാമൂഹ്യ ജീവിത വിഹായസില്‍ തണലേകും ജീവശ്വാസമായി മാറികഴിഞ്ഞു. ആര്‍പ്പിനും ആരവങ്ങള്‍ക്കുമിടയില്‍ അകലം പാലിച്ച്, വലം കൈ നല്‍കുന്നത് ഇടംകൈ അറിയാതിരിക്കാനുള്ള ജാഗ്രത കാട്ടി, താന്‍ സൃഷ്‌ടിച്ച സംരഭകത്വ വിജയപാതയുടെ ഓരം ചേര്‍ന്ന് നടപ്പ് തുടരുകയാണ് ഫാ. ജോണ്‍സണ്‍ പങ്കേത്ത്. ''ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ നിനക്ക് എന്തു ഫലം '' - എന്ന ബൈബിള്‍ വചനത്തിന്റെ പ്രചോദനത്താല്‍, ജീവിതം തന്നെ കര്‍മ സന്ദേശമാക്കി മാറ്റിയാണ് ഈ പുരോഹിതന്റെ പ്രവര്‍ത്തനം. അണയാതെ ജ്വലിക്കുന്ന മെഴുകുതിരി കണക്കെ എണ്ണമറ്റ ജീവിതങ്ങള്‍ക്ക് തെളിച്ചം പകര്‍ന്ന വൈദിക പാതയില്‍, മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളേറെ.
പള്ളിമേടയില്‍ നിന്നിറങ്ങി സമൂഹത്തില്‍ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ജീവിതങ്ങളിലൂടെ നടത്തുന്ന യാത്രകളാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ സംരംഭകത്വ പരീക്ഷണങ്ങളുടേയും വലിയ വിജയങ്ങളുടേയും ഊര്‍ജം. നിലവിലെ വാര്‍പ്പു മാതൃകകളില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്നതിന് പകരം പുതുകാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സംരംഭക മേഖലയെ നവീകരിച്ചും അതുവഴി സ്വയം പര്യാപ്‌ത സമൂഹത്തെ സൃഷ്‌ടിച്ചതുമാണ്, ഫാ. ജോണ്‍സണ്‍ പങ്കേത്ത് വിജയകരമായി കൈവരിച്ച ലക്ഷ്യങ്ങളുടെ ആകെതുക. ജാതി മത അതിര്‍ വരമ്പുകള്‍ ഈ വിജയകുതിപ്പില്‍ തകര്‍ന്നു വീഴുന്നു. കുത്തകകള്‍ അടക്കിവാണ വിപണിയുടെ മുഖ്യധാരയിലേക്ക് ഗ്രാമീണ - തീരദേശ ജനതയുടെ ഉത്‌പ്പന്നങ്ങള്‍ക്കും ഇടംനേടാന്‍ സാധിക്കും വിധത്തില്‍ രൂപപ്പെട്ട സംരംഭക വിപ്ലവ വഴിയെ ഒന്ന് നടക്കാം.
ഉള്‍നാടന്‍ മത്സ്യ കൃഷി
കൊടുങ്ങല്ലൂരിലെ കായല്‍ പരപ്പില്‍ ഓളം തുള്ളുന്ന മത്സ്യ കൂടുകളിലൊന്നില്‍നിന്ന് പിടികൂടിയ മൂന്നര കിലോ തൂക്കം വരുന്ന 'കാളാഞ്ചി' മത്സ്യത്തെ ഉയര്‍ത്തിപിടിച്ച് മത്സ്യ കൃഷിയുടെ അനന്തസാധ്യതകളെ കുറിച്ച് കര്‍ഷകനായ ഷിബു വലിയപറമ്പില്‍ വാചാലനായി. ഒരേ വലുപ്പത്തിലും തൂക്കത്തിലും വളര്‍ന്ന, ഒരേ ഗണത്തില്‍ പെടുന്ന മീനുകളെ ഓര്‍ഡനുസരിച്ച് പിടിച്ചു കൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ഷിബുവിന്, വന്‍ നഗരങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍നിന്നു പോലും ആവശ്യക്കാരെത്തുന്നു. ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന മത്സ്യകൃഷി മേഖലയില്‍ കാല്‍ നൂറ്റാണ്ടിന്റെ പരിചയ സമ്പത്തുളള ഷിബു, കൃഷിയിടത്തില്‍ അനായാസേന മെയ് വഴക്കത്തോടെ ഇടപ്പെടുന്നത് കണ്ടപ്പോഴാണ് കൃഷിപാഠ ചരിത്രം തികഞ്ഞത്. ഓളം തുളളും മീന്‍ കൂടുകളില്‍ സൂഷ്‌മ നിരീക്ഷണം നടത്തി, പണിക്കാര്‍ക്ക് ഉപദേശവും നിര്‍ദേശവും നല്‍കി, സംരംഭകന്റെ ജാഗ്രതയും വൈദികന്റെ വിശുദ്ധിയും പ്രകടമാക്കി നീങ്ങുന്ന ഫാ. ജോണ്‍സണ്‍ പങ്കേത്തിനെ ചുണ്ടി ഷിബു ഒരു വാക്കില്‍ എല്ലാമൊതുക്കി. ''ജോണ്‍സണ്‍ അച്ചനില്‍ തുടങ്ങി നീളുന്നതാണ് മത്സ്യകൃഷിയുടെ ചരിത്രവും വര്‍ത്തമാനവും.''
ഫാ. ജോണ്‍സണ്‍ പങ്കേത്തിനോട് കൂട്ടു കൂടി നടന്ന ഇന്നലെകളില്‍ ആര്‍ത്തിരമ്പി തീരം നുണഞ്ഞ പടുകൂറ്റന്‍ തിരമാലകളുടെ ആരവം. 2014 ഡിസംബര്‍ 26ലെ ലോകത്തെ നടുക്കിയ സുനാമി. കടല്‍ പിന്‍വാങ്ങി ശാന്തമായി അലഞൊറിഞ്ഞെങ്കിലും ദുരന്തം തീരദേശങ്ങളില്‍ വിതച്ച ദുരിതാനുഭവങ്ങള്‍ അത്രമേല്‍ തീവ്രം. കായലിലും കടലിലും മീന്‍ കിട്ടാക്കനിയായ കാലം. കൊടുങ്ങല്ലൂര്‍ - കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റര്‍ഗ്രേറ്റ് ഡവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ ഡയറക്‌ടറായിരുന്നു അന്ന് ഫാ. ജോണ്‍സണ്‍ പങ്കേത്ത്. വറുതിയുടെ നിലയില്ലാ കയത്തില്‍ വീണ് കൈകാലിട്ടടിക്കുന്ന മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാനും അവരുടെ സാമ്പത്തികാഭിവൃദ്ധിക്കുമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നായി ചിന്ത. അതില്‍ നിന്നാണ് എറണാകുളം-തൃശൂര്‍ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കിയ ഒട്ടനവധി ജനകീയ പദ്ധതികളുടെ പിറവി.
കടലിലും കായലിലും പിന്‍വാങ്ങിയ മത്സ്യങ്ങളെ എങ്ങിനെ തിരികെയെത്തിക്കുമെന്നായിരുന്നു ആദ്യ ആലോചന. അതിലും നല്ലത് സ്വന്തമായി വിത്ത് വിതച്ച് കൃഷി നടത്തുന്നതാകുമെന്ന തിരിച്ചറിവിലാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ മനസില്‍ മത്സ്യകൂട് എന്ന ആശയം പൊട്ടി മുളച്ചത്. നേരിട്ടുള്ള സാമ്പത്തിക സഹായത്തില്‍നിന്ന് വ്യത്യസ്‌തമായി, കാലങ്ങളോളം ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയങ്ങള്‍ പ്രായോഗികവത്‌ക്കരിച്ച് സ്വയം പര്യാപ്‌തതയിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുകയെന്നതാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ ശൈലിയും തിയറിയും. വിശക്കുന്നവന് മത്സ്യത്തെയല്ല, ചൂണ്ടല്‍ നല്‍കി മീന്‍ പിടിക്കാനുള്ള പാഠങ്ങള്‍ ഉപദേശിച്ചു നല്‍കലാണ്, ശ്വാശത മാര്‍ഗമെന്ന ചൈനീസ് മൊഴി തന്നെയാണ് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ സേവന വീക്ഷണവും.
അങ്ങിനെയാണ് കേരളത്തിലെ ആദ്യ മത്സ്യ കൂട് മാല്യങ്കര സത്താര്‍ ഐലന്‍ഡിന് സമീപത്തെ പുഴയില്‍ സ്‌ഥാപിക്കപ്പെട്ടത്. കായലിലും കടലിലും മിന്നിമറയുന്ന മത്സ്യങ്ങളെ മാത്രം കണ്ട് പരിചയിച്ച കേരളത്തിന്, കായല്‍ ജലത്തിലെ സ്വഭാവിക പരിതസ്‌ഥിതിയില്‍ സ്‌ഥാപിച്ച കൂട്ടില്‍ വളര്‍ത്തിയുള്ള മീന്‍ കൃഷിയെന്ന ആശയം ആദ്യാനുഭവം. കൂടൊരുക്കുന്നത് പുഴയിലായതിനാല്‍, കേന്ദ്ര- സംസ്‌ഥാന സര്‍ക്കാറുകളുടെ അനുമതി വേണമായിരുന്നു. വൈവിദ്ധ്യമാര്‍ന്ന നിരവധി പദ്ധതികളിലൂടെ വിജയഗാഥ രചിച്ച ഫാ. ജോണ്‍സണ്‍ പങ്കേത്തിനെ ഉദ്യോഗസ്‌ഥ - ഭരണ രംഗത്തുള്ളവര്‍ക്ക് അത്രമേല്‍ ചിരപരിചിതമായതിനാല്‍ അനുമതികടമ്പ കടക്കലൊക്കെ എളുപ്പമായി. വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ പഠനത്തിനും പരീക്ഷണങ്ങള്‍ക്കും വഴി തെളിയിച്ചു.
പഠനത്തിനും ഗവേഷണത്തിനുമായി വര്‍ഷങ്ങള്‍ ചെലവഴിച്ച ഫാ. ജോണ്‍സണ്‍ പങ്കേത്തിന് ന്യൂസിലാന്റിലെ മത്സ്യ കൃഷിയെ കുറിച്ചുള്ള അറിവാണ്, കേരളത്തിലെ നൂതന ആശയത്തിന് കരുത്തു പകര്‍ന്നത്. ആദ്യ ഘട്ടത്തില്‍ സ്‌ഥാപിക്കപ്പെട്ട മൂന്ന് കൂടുകളില്‍ ഏത് മത്സ്യ കുഞ്ഞുങ്ങളെ വിതറുമെന്നതില്‍ അച്ചനൊട്ടുമേയില്ലായിരുന്നു സംശയം. വംശനാശഭീഷണി നേരിടുന്ന, അതേ സമയം തന്നെ കയറ്റുമതിയില്‍ ഡിമാന്റ് ഏറെയുള്ള കാളാഞ്ചി മത്സ്യ കുഞ്ഞുങ്ങള്‍ കൂടുകളിലെത്തിയത് അങ്ങിനെയാണ്. ആദ്യഘട്ടത്തില്‍ കേരളത്തിന് പുറത്തുനിന്ന് വിമാന മാര്‍ഗമാണ് കാളാഞ്ചി ചെറുമത്സ്യ കുഞ്ഞുങ്ങളെ എത്തിച്ചത്. വിളവെടുപ്പ് വിജയകരമായതോടെ കേരളം ഒന്നടങ്കം പുതുമനിറഞ്ഞ കൂടുകളിലേക്ക് ഉറ്റുനോക്കി. കൂടുതല്‍ കര്‍ഷകര്‍ താല്‍പ്പര്യത്തോടെ ഈ രംഗത്തേക്ക് കടന്നെത്തി. സംശയിച്ചു നിന്നവര്‍ പോലും ഫാ. ജോണ്‍സണ്‍ പങ്കേത്തിനെ അഭിനന്ദനങ്ങളാല്‍ പൊതിഞ്ഞു. ഇതില്‍ പിന്നെ ആനാപുഴ, കോട്ടപ്പുറം, കോട്ട തുടങ്ങിയ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും 25 ലേറെ കൂടുകള്‍ കായല്‍ പറപ്പിലും നദീതടങ്ങളിലും സ്‌ഥാപിക്കപ്പെടുകയും ചെയ്‌തു. ആവശ്യക്കാര്‍ കൂടിയതോടെ മത്സ്യ കുഞ്ഞുങ്ങളെ കൊച്ചിയില്‍ തന്നെ ലഭ്യമാക്കാന്‍ അധികൃതരും തയ്യാറായി. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുളള ഏജന്‍സികളടക്കം ആദ്യം മുഖം തിരിച്ചെങ്കിലും പദ്ധതി വന്‍വിജയമായതോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി. കാല്‍ പതിറ്റാണ്ട് മുമ്പ് പറവൂരില്‍നിന്ന് കന്നി എം.എല്‍.എ.യായ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഫാ. ജോണ്‍സണ്‍ പങ്കേത്ത് ഡയറക്‌ടറായിരുന്ന കിഡ്‌സിന്റെ എല്ലാ വേദികളിലും പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കാളാഞ്ചി അടക്കിവാണ കൂടുകളില്‍ വൈവിദ്ധ്യമാര്‍ന്ന മത്സ്യ കുഞ്ഞുങ്ങളും പിന്നീടെത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിനായി റവ. ഫാദര്‍ ജോണ്‍സണ്‍ പങ്കേത്ത് വികാസ് പി.എയെന്ന മിടുക്കനെ കണ്ടെത്തി നിയമിച്ചു. തുടര്‍ പഠന ഗവേഷണ മികവിലൂടെ പി.എച്ച്.ഡി. നേടിയ വികാസ് നിലവില്‍ സി.എം.എഫ്.ആര്‍.ഐ.യില്‍ സീനിയര്‍ സയന്റിസ്‌റ്റാണ്. തുടക്ക ഘട്ടത്തില്‍, 2006-ല്‍ ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്ന 25 പേരില്‍ രണ്ടുപേരായ കോട്ടപ്പുറം കോട്ടയിലെ ഷിബു വലിയപറമ്പിലും ബര്‍ണബാസും അടക്കം ഇന്നും മത്സ്യ കൃഷിയില്‍ സജീവം. സമസ്‌ത മേഖലകളും നഷ്‌ട കണക്കുകള്‍ നിരത്തുന്ന, സാമ്പത്തിക മാന്ദ്യ നിഴല്‍ പതിക്കും കാലത്തും ഇവര്‍ക്ക് നിരത്താനുള്ളത് ലാഭകണക്കുകള്‍ മാത്രം. സുനാമിയ്‌ക്കുശേഷം കൂടു മത്സ്യ കൃഷിയിലൂടെ തങ്ങളുടെ ജീവിതത്തിന് വഴിത്തിരിവേകിയത്
ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ നിശ്‌ചയദാര്‍ഢ്യവും ആശയ മികവും പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിക്കാനുള്ള കഠിനാദ്ധ്വാനവുമാണെന്ന് ഇവരുടെ സാക്ഷ്യം. കൂട് മത്സ്യകൃഷിയിലൂടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് പാടിച്ച് വിജയഗാഥ രചിച്ച ഫാ. ജോണ്‍സണ്‍ പങ്കേത്ത്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂന്നിയ സ്വയം പര്യാപ്‌ത സമൂഹത്തിനായി നടത്തിയ പരിശ്രമങ്ങളും വിജയം വരിച്ച പദ്ധതികളും എണ്ണിയാലൊടുങ്ങാത്തതുമാണ്.
കരുത്തായി സ്വാശ്രയ
സംഘങ്ങള്‍
വിദേശ ഫണ്ട് ശേഖരണത്തിനുപരിയായി കേന്ദ്ര- സംസ്‌ഥാന സര്‍ക്കാറുകളുടെ ഫണ്ടുകളും നാടിന്റെ സര്‍വോന്മുഖ വികസനത്തിന് നാട്ടില്‍നിന്നു തന്നെ പണം കണ്ടെത്തി (ലോക്കല്‍ ഫണ്ട്) ചെലവഴിക്കുന്ന തികച്ചും സുതാര്യവും ജനാധിപത്യപരവുമായ പദ്ധതികളാണ് ഫാ. ജോണ്‍സണ്‍ പങ്കേത്ത് ആവിഷ്‌ക്കരിച്ചത്. നാനാജാതി മതസ്‌ഥരെ കോര്‍ത്തിണക്കി സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്.എച്ച്.ജി.) രൂപം നല്‍കിയത് കുടുംബശ്രീ പദ്ധതി പോലും നിലവില്‍ വരുന്നതിന് മുന്നേ.
1999 ലാണ് സ്‌ത്രീകള്‍ക്കായി സ്വയം സഹായസംഘങ്ങള്‍ ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചത്. 2001ല്‍ പുരുഷന്‍മാര്‍ക്കായി സ്വയംസഹായസംഘം ആദ്യമായി രൂപീകരിച്ചു. എസ്.എച്ച്.ജി.കളിലെ വരുമാനം നിക്ഷേപിച്ച്, ബാങ്കുകളില്‍നിന്ന് കൂടുതല്‍ തുക വായ്‌പയെടുത്ത് വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി അച്ചന്‍ സ്‌റ്റാറായി തിളങ്ങിയ കാലത്താണ് കുടുംബശ്രീയുടെ അവതരണം. വിവിധ തരം അരിപ്പൊടികള്‍ പാക്കറ്റിലാക്കി തികഞ്ഞ പ്ര?ഫഷണല്‍ ശൈലിയില്‍ ബ്രാന്റ് ചെയ്‌ത് വിപണിയിലിറക്കി ഒട്ടേറെ ഗ്രാമീണര്‍ക്ക് തൊഴിലുറപ്പ് നല്‍കി. ഗ്രാമീണ ബിസിനസ് മേഖലയ്‌ക്ക് നൂതന അറിവുകള്‍ പകരാന്‍, തന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ കോളജിലെ എം.ബി.എ., ബി.ബി.എ. വിദ്യാര്‍ഥികളുടെ മികവടക്കം പ്രയോജനപ്പെടുത്തി. എസ്.എച്ച്.ജികളിലൂടെ ഗ്രാമവികസനമെന്ന ആശയത്തിന് പിന്നില്‍, ബംഗ്ലാദേശി സാമ്പത്തിക ശാസ്‌ത്രജ്‌ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്‌ഥാപകനുമായ മുഹമ്മദ് യൂനുസിന്റെക്ല ാസുകളില്‍നിന്ന് ലഭിച്ച പ്രചോദനമാണെന്ന് ഫാ. ജോണ്‍സണ്‍ പങ്കേത്ത് പറയും.
ചെറുവഞ്ചിയേറി ഉള്‍നാടന്‍ ജല പാതയിലൂടെ നടത്തിയ ചെറു യാത്രയിലാണ് ജല പരപ്പിലേക്ക് പതിച്ച മാലിന്യ കൂമ്പാരം ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ കണ്ണിലുടക്കിയത്. പ്രകൃതിയെ കണ്ണെന്ന പോലെ സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ചു ചൊല്ലുന്ന അച്ചന്റെ മനമൊന്നു പിടഞ്ഞു. ജലപരപ്പില്‍ തിങ്ങി തഴച്ചുവളര്‍ന്ന ചെറു ചെടികളാണ് മാലിന്യ നിക്ഷേപത്തിന് മറയെന്ന് ഫാ. ജോണ്‍സണ്‍ പങ്കേത്ത് തിരിച്ചറിഞ്ഞു. പിഴുതെടുത്ത് നോക്കിയപ്പോഴാകട്ടെ നീണ്ട് കൊലുന്നനെ മനോഹരമായ തണ്ടാണ് ജല പരപ്പിലെ ഇലകളെ താങ്ങി നിര്‍ത്തുന്നതെന്ന് കണ്ടു. യാതൊരു ഉപയോഗമില്ലെന്ന് മാത്രമല്ല, ജലാശയങ്ങളെ നശിപ്പിക്കാന്‍ മാത്രം പോന്നവയാണ്, ഈ കുളവാഴകളെന്ന് ഗ്രാമീണരുടെ വിശദീകരണം. പിഴുതെടുത്ത തണ്ടുമായി മേടയിലെത്തിയ അച്ചന്‍ തെളിവെയില്‍ വീഴ്‌ത്തി ഉണക്കിയെടുത്തു. ഇവയില്‍നിന്ന് എങ്ങിനെ നൂല്‍നൂല്‍ക്കാമെന്നായി പിന്നത്തെ ചിന്ത. ഇക്കാര്യത്തില്‍ പരിശീലനം സിദ്ധിച്ചവരില്‍നിന്ന് ഉപദേശം തേടിയതോടെ പിറന്ന് വീണത് അതിശയിപ്പിക്കും നൂലിഴകള്‍. ഇതോടെ കൈത്തണ്ട നീളത്തില്‍ കുളവാഴ ശേഖരിച്ച് ഓഫീസിലെത്തിച്ചാല്‍ കൈ നിറയെ കാശെന്നായി കര്‍ഷകര്‍ക്ക് വാഗ്‌ദാനം. ഇതോടെ നാടൊന്നായി ഒരുങ്ങിയിറങ്ങി. നൂല്‍നൂര്‍പ്പ് കേന്ദ്രത്തില്‍ കുളവാഴ തണ്ടുകള്‍ അടിഞ്ഞുകൂടി. ജലാശയ പരപ്പുകള്‍ കുളവാഴമറ നീങ്ങി ആകര്‍ഷകമായി. സൂര്യപ്രകാശം അടിത്തട്ടിലേക്കും കിട്ടി തുടങ്ങിയതോടെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് പെരുകി. തണ്ട് ശേഖരണത്തിലൂടെ അധിക വരുമാനം നേടിയ ഗ്രാമീണര്‍ക്ക് സന്തോഷ ജീവിതവുമായി.
നൂറ്റെടുത്ത നൂലുകള്‍ ബഹുവര്‍ണ നിറങ്ങളില്‍ ചാലിച്ച് കരകൗശല വസ്‌തുക്കളും ആഢംബര ബാഗുകളുമായി വിദേശ രാജ്യങ്ങളില്‍ പോലും പ്രിയതര ഉത്‌പ്പന്നമായി. ജലാശയങ്ങള്‍ക്കും നാടിനും ശാപമായ കുളവാഴകള്‍ അങ്ങിനെ കടല്‍ കടന്ന്, നാടിന്റെ സന്തോഷമായി. കുളവാഴകളാല്‍ പൊറുതിമുട്ടിയ പഞ്ചാബില്‍നിന്ന് പോലും കര്‍ഷകരും ഭരണാധികാരികളും കോട്ടപ്പുറത്തെത്തി നൂലു നൂല്‍പ്പും ബാഗ് നിര്‍മാണവും പഠിച്ചെടുത്ത് തിരികെ ചെന്ന് നടപ്പാക്കിയപ്പോഴും അച്ചന് നിറഞ്ഞ സന്തോഷം..!
ചെറുപ്രായത്തില്‍ കൈേത്താടുകള്‍ക്കരികില്‍ തഴച്ചുവളര്‍ന്ന മുള്ളു നിറഞ്ഞ കൈത ചെടികളും അവയാല്‍ നിര്‍മിക്കപ്പെട്ട കൈതോല പായകളും കാലം പിന്നിടവേ അപ്രത്യക്ഷമായതിന്റെ കാരണം തേടിയിറങ്ങിയ ഫാ. ജോണ്‍സണ്‍ പങ്കേത്ത് കണ്ടെത്തിയത്, ഈ രംഗത്തെ തൊഴില്‍ ചൂഷണവും പട്ടിണിയും. രാപ്പകല്‍ അധ്വാനിച്ചാലും നാലു നേരം വിശപ്പടക്കാനുളള വരുമാനം പോലും ഒത്തു കിട്ടാത്ത അവസ്‌ഥ. ഈ സാഹചര്യത്തിലാണ് കൈതോലയിലും വൈവിധ്യവത്‌ക്കരണത്തിലൂന്നിയ പദ്ധതികള്‍ ഫാ. ജോണ്‍സണ്‍ പങ്കേത്ത് നടപ്പാക്കിയത്. പാരമ്പര്യ തൊഴിലാളികള്‍ക്ക് വിദഗ്‌ദരെ പങ്കെടുപ്പിച്ച് പരിശീലനം നല്‍കി. പരമ്പരാഗത പായകള്‍ക്ക് പുറമെ കരകൗശല വസ്‌തുക്കടക്കം നിര്‍മ്മിച്ച് വിദേശരാജ്യ വിപണിയിലടക്കം തിളങ്ങിയതോടെ ഇവരുടെ ജീവിതങ്ങള്‍ക്കും നിറമേറി.
ചക്ക മഹോത്സവം
വേനല്‍ ചൂടേറ്റ ഒരു പകലില്‍ പുത്തന്‍വേലിക്കര മേഖലയിലൂടെ സഞ്ചരിക്കവേയാണ്, നാട്ടുവഴികളിലാകെ വീണ് കിടന്ന് ഈച്ച പൊതിഞ്ഞ് പുഴുവരിച്ച ചക്കയെ പഴിച്ച് ഗ്രാമീണര്‍ ഫാ. ജോണ്‍സണ്‍ പങ്കേത്തിനോട് പരാതിപ്പെട്ടത്. പൊഴിഞ്ഞ് വീണ് ചിതറിയ ചക്കകള്‍ എടുത്തു മാറ്റാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ അച്ചന്റെ ചിന്ത പോയത്, വീഴാതെ പറിച്ചെടുക്കുന്ന ചക്കയുടെ വൈവിദ്ധ്യവത്‌ക്കരണത്തെ കുറിച്ചാണ്. രാസവള, കീടനാശിനി ഭീഷണി നിറഞ്ഞ വിഷമയ ഭക്ഷ്യോത്‌പ്പന്നങ്ങള്‍ നിറഞ്ഞ വിപണിയിലേക്ക്, വിഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചക്കപ്പഴം എങ്ങിനെ എത്തിക്കാമെന്നായി പിന്നീടുള്ള നാളുകളിലെ ചിന്ത. ഇതോടെ നാട്ടിലുള്ള ചക്ക വൈവിദ്ധ്യത്തെ കുറിച്ച് പഠനം നടത്തി. വരിക്കചക്ക മുതല്‍ മേനോന്‍ ചക്ക വരെയുള്ള ഇനങ്ങള്‍ കണ്ടെത്തി, എല്ലാത്തിനേയും പ്രദര്‍ശന നഗരിയിലെത്തിച്ച്, ചക്ക മഹോത്സവം നടത്തി. ചക്ക കൊണ്ടുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന ഭക്ഷ്യ ഉത്‌പ്പന്നങ്ങളും ഹാളില്‍ നിരത്തി. രുചിച്ചവരത്രയും ബഹുകേമമെന്ന ഒരൊറ്റ അഭിപ്രായക്കാരായി. ചക്കയെ പഴിച്ചവരത്രയും ചേര്‍ത്തുപിടിച്ചു.
വൈവിദ്ധ്യവത്‌ക്കരണത്തിന്റെ അനന്ത വിഹായസിലേക്ക് തുറന്നിട്ട ജാലക വാതിലായി ചക്ക മഹോത്സവം ജനമനസില്‍ ഇടം നേടി. അതില്‍ പിന്നെ സ്‌റ്റാറായ ചക്ക, വീഴാന്‍ കാത്തു നില്‍ക്കാതെ ഗ്രാമീണര്‍ ശേഖരിച്ചു തുടങ്ങി. പുറംനാടുകളിലേക്ക് കയറ്റുമതി വ്യാപിച്ചു. പിന്നേയും ഏറെ കഴിഞ്ഞാണ് സര്‍ക്കാര്‍ തലത്തില്‍ ചക്ക അംഗീകരിക്കപ്പെടുകയും സംസ്‌ഥാന ഫലമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തത്.
സൗഹൃദം പരിസ്‌ഥിതിയോട്
പരിസ്‌ഥിതി സൗഹൃദമാകണം വികസനമെന്നതില്‍ മാത്രം വിട്ടു വീഴ്‌ചയ്‌ക്കൊരുക്കമല്ല ഫാ. ജോണ്‍സണ്‍ പങ്കേത്ത്. തെളിഞ്ഞ അന്തരീക്ഷവും മാലിന്യരഹിത കുടിവെളളവും മനസിനും ശരീരത്തിനും സന്തോഷവും രോഗമുക്‌തിയും പ്രധാനം ചെയ്യുന്നു. കുടിവെള്ള ക്ഷാമമായിരുന്നു തീരദേശത്തടക്കമുള്ളവര്‍ അനുഭവിച്ചു പോന്ന പ്രധാന ദുരിതങ്ങളിലൊന്ന്. കാലവര്‍ഷത്തിന്റെ ധാരാളിത്തത്തിലും കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ കാരണം തേടി വിദഗ്‌ദരുടെ സഹായത്തോടെ ഫാ. ജോണ്‍സണ്‍ പങ്കേത്ത് പഠനം നടത്തി. പെയ്യുന്ന മഴയത്രയും കടലില്‍ ഒഴുകി ചേരുന്നതാണ് പ്രയോജനരഹിതമാകാന്‍ കാരണമെന്ന് കണ്ടെത്തല്‍. ഇതിനായി മഴവെള്ള ശേഖരണ പദ്ധതി ആദ്യമായി തയ്യാറാക്കി 2001 ല്‍ ഫാ. ജോണ്‍സണ്‍ പങ്കേത്ത് സര്‍ക്കാറിനെ സമീപിച്ചു. തീരദേശത്ത് മഴവെള്ളസംഭരണികള്‍ വ്യാപകമാക്കാന്‍ ഡോ.സണ്ണി ജോര്‍ജിന്റെ അറിവും പഠനവും വളരെയേറെ സഹായിച്ചു. കുടിവെള്ള ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമായതോടെ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക നടപടിയും വന്നു. മഴവെളള സംഭരണ സംവിധാനങ്ങള്‍ നിയമപരമായി തന്നെ നിര്‍ബന്ധിത നിര്‍മ്മിതികളായി.
പല പേരുകള്‍; ഒരേയൊരച്ചന്‍
മീനച്ചന്‍, കുളവാഴ അച്ചന്‍, ചക്കയച്ചന്‍... എന്നു വേണ്ട പദ്ധതികളുടെ വിജയത്തിനൊത്ത് ഫാ. ജോണ്‍സണ്‍ പങ്കേത്തിന് ജനങ്ങള്‍ ഏറെ സന്തോഷത്തോടെ ചാര്‍ത്തി കൊടുത്ത പേരുകള്‍ നിരവധി. താന്‍ വിഭാവനം ചെയ്‌ത പദ്ധതികളിലൂടെ ജീവിതം കരുപിടിപ്പിച്ച ഗ്രാമീണ ജനതയുടെ സന്തോഷമാണ് തനിക്കുള്ള അംഗീകാരവും സംതൃപ്‌തിയുമെന്ന് ഫാ. ജോണ്‍സണ്‍ പങ്കേത്ത് പറയും. വൈദികവൃത്തിയെന്നാല്‍ സാധാരണക്കാരന്റെ കണ്ണീരൊപ്പി ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കൈതാങ്ങാകുന്ന പുണ്യ പ്രവര്‍ത്തി കൂടിയാണെന്നതിന് ഫാ. ജോണ്‍സണ്‍ പങ്കേത്തിന്റെ കര്‍മരംഗം സാക്ഷ്യം.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചുമ്മാര്‍-വിളമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയമകനായി, കോട്ടപ്പുറം സെന്റ്. മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകാംഗമായി ജനിച്ച ഫാ. ജോണ്‍സണ്‍ പങ്കേത്ത്, 1993 ല്‍ പൂന പേപ്പല്‍സ് സെമിനാരിയില്‍ നിന്നാണ് വൈദീകപഠനം പൂര്‍ത്തിയാക്കിയത്. 1993 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാന്‍ റൈറ്റ് റവ. ഡോ. ഫ്രാന്‍സീസ് കല്ലറയ്‌ക്കല്‍ പിതാവില്‍ നിന്നും പൗരോഹിത്വം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ വികാരിയായി സേവനത്തിന് ശേഷമാണ്, 1999 മുതല്‍ 2012 വരെ കോട്ടപ്പുറം രൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്‌ടറായി പ്രവര്‍ത്തിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ നിറഞ്ഞ മനുഷ്യത്വ പാത തുറന്നിട്ടത്.
നിലവില്‍ വികാരിയായി സേവനമനുഷ്‌ഠിക്കുന്ന കോട്ടപ്പുറം രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ സമ്പാളൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളി ലോക ചരിത്രത്തിലിലിടം നേടും വണ്ണം ചരിത്രമുറങ്ങുന്ന പുണ്യ കേന്ദ്രമാണ്. പോര്‍ച്ചുഗ്രീസുകാരു ഡച്ചുകാരും ചാലക്കുടി പുഴ വഴിയെത്തി സാംസ്‌ക്കാരിക വിനിമയത്തിലൂടെ സമ്പന്നമായ ഭൂത്തടം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ മൂന്നുവട്ടം സന്ദര്‍ശിച്ചുവെന്ന് വിശ്വസിക്കുന്ന സമ്പാളൂരില്‍ 1862 ലാണ് ഈശോ സഭ മിഷനറി വൈദികര്‍ ആദ്യ ദേവാലയം സ്‌ഥാപിച്ചത്. 1781 ല്‍ ടിപ്പുവിന്റെ ആക്രമണത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട ദേവാലയം 1862ലാണ് പുനര്‍ നിര്‍മ്മിക്കപ്പെട്ടത്. ഇവിടെ നേരത്തെ നടന്ന ഖനനത്തില്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്. വിശുദ്ധ ജോണ്‍ ബ്രിട്ടോ ബലി അര്‍പ്പിച്ച അള്‍ത്താരയുടെ ഭാഗം ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യ പടിയായി ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാ. ജോസഫ് കോണ്‍സ്‌റ്റന്റയില്‍ ബസ്‌ക്കി (വിരാമാം മുനി എന്നാണ് തമിഴ് നാട്ടില്‍ അറിയപ്പെടുന്നത് ) എസ്.ജെ.യുടെ ഭൗതികശരീരം അടക്കംചെയ്‌ത കബറിടം സമ്പാളൂരിലാണ് സ്‌ഥിതി ചെയ്യുന്നത്.
ചരിത്രം സാക്ഷിയായ ഈ ദേവാലയത്തില്‍ വികാരിയായി വൈദികവൃത്തിയിലേര്‍പ്പെടുമ്പോഴും ഗ്രാമീണ ജനതയുടെ ജീവിതം പുനര്‍നിര്‍മിച്ച് മാനുഷിക നന്മയുടെ വിജയഗാഥയാല്‍ ചരിത്രം രചിക്കുകയാണ് ഫാ. ജോണ്‍സണ്‍ പങ്കേത്ത്.
ജിനേഷ് പൂനത്ത്



