
തിരുവനന്തപുരം: യു.ഡി.എഫില്‍നിന്നു പുറത്തായ കേരള കോണ്‍ഗ്രസ്(എം) ജോസ്പക്ഷം ഈ മാസം എട്ടിനു രാഷ്ട്രീയ നിലപാെടടുക്കും. ഇനി യു.ഡി.എഫുമായി ഒരു ബന്ധവും വേണ്ടെന്ന തീരുമാനവും അന്നുതന്നെയുണ്ടാകും. പ്രശ്നപരിഹാര ചര്‍ച്ചയ്ക്കു ജോസ് കെ. മാണി മുന്‍കൈയെടുക്കണമെന്ന യു.ഡി.എഫ്. നിയമസഭാകക്ഷി ഉപനേതാവ് ഡോ: എം.കെ. മുനീറിന്റെ നിര്‍ദേശവും അവര്‍ തള്ളി. ഇനി ഒരു ചര്‍ച്ചയ്ക്കും സാധ്യതയില്ലെന്ന നിലപാടിലാണു ജോസ്പക്ഷം.
ഇടതുമുന്നണിയുമായി യോജിച്ചുപോകാനാണ് ജോസ്പക്ഷത്തിന്റെ തീരുമാനം. അതിന് അനുകൂലമായ തീരുമാനമായിരിക്കും എട്ടിനു സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാവുക. തീരുമാനം നീട്ടരുതെന്നു സി.പി.എം. നിര്‍ദേശിച്ചിട്ടുണ്ട്. ഏഴിനു രണ്ടില ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമുണ്ടാകും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ഒപ്പമുണ്ടാകുമെന്നാണ് ജോസ്പക്ഷത്തിന്റെ വിശ്വാസം. യു.ഡി.എഫിലേക്കില്ലെന്ന നിലപാടില്‍ ജോസ് കെ. മാണി ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബാര്‍ കോഴക്കേസുണ്ടാക്കി തന്റെ പിതാവിനെ കോണ്‍ഗ്രസ് ബോധപൂര്‍വം കുരുക്കിയതാണെന്ന വികാരമാണ് ഇപ്പോഴും ജോസ് കെ. മാണിക്കുള്ളത്. അതിനാല്‍ കോണ്ഗ്രസിമായി ഇനിയും യോജിച്ചുപോകാനാകില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. എട്ടിനു രാഷ്ട്രീയനിലപാട് വ്യക്തമാക്കിക്കഴിഞ്ഞാലുടന് ഇടതുമുന്നണിയുമായുള്ള ചര്‍ച്ച ആരംഭിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ചശേഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു ജോസ്പക്ഷത്തിന്റെ മുന്നണിപ്രവേശം സാധ്യമാക്കുന്ന തരത്തിലാണു നീക്കം.
അതേസമയം, ജോസ്പക്ഷം പോയതുണ്ടാക്കിയ വിടവ് നികത്തുന്നതിനുള്ള നീക്കങ്ങള്‍ യു.ഡി.എഫും തുടങ്ങിയിട്ടുണ്ട്. കെ.ബി. ഗണേഷ്കുമാറിന്റെ മടങ്ങിവരവ് കോണ്‍ഗ്രസിലെ ചരടുവലികള്കൊണ്ടുതന്നെ ഇല്ലാതായി. ആ സാഹചര്യത്തില്‍ പി.സി. ജോര്‍ജിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ജോര്‍ജിനെ പ്രത്യേക പാര്‍ട്ടിയെന്ന നിലയില്‍ പരിഗണിക്കുന്നതിനു പകരം ജോസഫ്പക്ഷത്തു ലയിപ്പിച്ച് അവരെ ശക്തമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.






