
കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് സിനിമ മേഖല. ഇതിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളിലാണ് സിനിമ സംഘടനകൾ. അതിനിടെ താരങ്ങളുടേയും മറ്റും പ്രതിഫലം കുറക്കണം എന്നുള്ള ആവശ്യവുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഇപ്പോൾ സിനിമാ മേഖലയിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട.
50% പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ടെന്നും മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനമായത്. അമ്മയുടെ യോഗത്തിലും ഇതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കൊവിഡ് പ്രതിസന്ധി പരിഗണിച്ച് താരങ്ങൾ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. സൂപ്പർതാരങ്ങൾ ഉൾപ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ നിർദേശം. ചലച്ചിത്ര സംഘടനകളുമായി ചർച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിർമ്മാതാക്കൾ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയിൽ എതിർപ്പുയർത്തിയിരുന്നു. അതിനാലാണ് നിർവാഹക സമിതിയോഗം കൂടിയത്.






