
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഉര്‍വശിക്ക് സാധിച്ചു. ഉര്‍വശിയ്ക്കൊപ്പം തന്നെ സിനിമയില്‍ ഇടം നേടിയവരാണ് സഹോദരിമാരായ കലാരഞ്ജിനിയും, കല്പനയും. ഉര്‍വശി മനോജ് കെ ജയനെ വിവാഹം കഴിച്ചതില്‍ കല്പ്പനക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും പത്ത് വര്‍ഷത്തോളം മിണ്ടാതിരുന്നിരുന്നു. കല്‍പ്പനയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ഉര്‍വശി നേരത്തെ പറഞ്ഞിരുന്നു. മുന്‍പ് ഒരു മാധ്യമത്തിന് ഉര്‍വശി നല്കിയ ഈ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'' എന്റെ കുടുംബംത്തിലുള്ളത്രയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകല്‍ച്ച വന്നാലും വലുതായി കാണുന്നത്. ഇപ്പോള്‍ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും അറിയില്ല. കാരണം ഞാന്‍ വീട്ടില്‍ ഇളയതാണ്. ഒന്നുകില്‍ അമ്മ വാരിത്തരും അല്ലെങ്കില്‍ കലചേച്ചിയോ കല്പന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്.
പക്ഷെ എന്റെ ഒരു പ്രണയം കല്പന ചേച്ചി എതിര്‍ത്തു. അത് വേണ്ട എന്നവള്‍ ശഠിച്ചു. 24 വയസ്സ് വരെ ഞാന്‍ എന്ത് ചെയ്യുന്നതും കല്പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്. അത്രയും നിഴല്‍ പോലെ നടന്നിട്ട്, എന്റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന്‍ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കാതിരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്നമായിരുന്നു ആ പിണക്കത്തിന് കാരണം. അത് ശരിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കല്പന ചേച്ചി പറഞ്ഞപ്പോള്‍ അതിനെ അതിജീവിക്കാനും എതിര്‍ക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള്‍ കൂടുതല്‍ അറിവ് അവള്‍ക്കുണ്ടായിരുന്നു.
എന്നിട്ടും ഞാന്‍ അനുസരിച്ചില്ല. പിന്നീട് കല്പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള് പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി. അതാണ് സംഭവിച്ചത്. അതൊരു പിണക്കമായിരുന്നില്ല. ഒരിക്കലും. കോംപ്ലക്സിന്റെ പേരില്‍ സംഭവിച്ച അകല്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തോളം ഈ പേരില്‍ ഞങ്ങള്‍ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്. അവളെ പോലൊരു നടി ഇനിയുണ്ടാവില്ല. കല്പനയെ പോലെ കല്പന മാത്രമേയുള്ളൂ. എന്നിട്ടും അവള്‍ക്കൊരു പുരസ്കാരം നല്‍കിയില്ല. മരിച്ചപ്പോള്‍ എല്ലാവരും പുരസ്കാരം വച്ച് നീട്ടി, അത് സ്വീകരിക്കാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ വിഷമം തോന്നി.'' ഉര്‍വശി പറഞ്ഞു.






