
മലയാള സിനിമാലോകം ഇന്ന് കിരീടം സിനിമയുടെ ഓര്‍മ്മകളിലാണ്. സിനിമയിറങ്ങിട്ട് 31 വര്‍ഷങ്ങള്‍ തികയുന്ന ഇന്ന് നിരവധി പേരാണ് കിരീടം സിനിമയുടെ വ്യത്യസ്തമായ ഘടകങ്ങളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവെച്ചിട്ടുള്ളത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച കിരീടത്തിലെ കേന്ദ്രകഥാപാത്രമായ സേതുമാധവനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പാണ് സിനിമയുടെ കഥയെഴുതിയ ലോഹിതാദാസിന്റെ മകന് വിജയ്ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഒരു മകനായും സഹോദരനായും കാമുകനായും ജീവിതവേഷങ്ങള്‍ പൂര്‍ണതയില്‍ നിറഞ്ഞാടിയ ഒരു പാവമായിരുന്നു അയാളെന്ന് പറഞ്ഞുകൊണ്ടാണ് സേതുമാധവനെക്കുറിച്ചുള്ള വിജയ്ശങ്കറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഒരു മകനായും സഹോദരനായും കാമുകനായും ജീവിതവേഷങ്ങൾ പൂർണതയിൽ നിറഞ്ഞാടിയ ഒരു പാവമായിരുന്നു അയാൾ. സ്നേഹനിധിയായ അച്ഛനെ നടുതെരിവിലിട്ടു ആളുകൾ നോക്കിനിൽക്കേ മർദിക്കുന്നതു കണ്ട് മുൻപിൻ ചിന്തകളില്ലാതെ പ്രതികരിച്ചുപോയ ഒരു മകൻ, അവിടെ മാറിമറയുകയായിരുന്നു അയാളുടെ ജീവിതം. നാടും നാട്ടുകാരും അജയ്യനെന്നു കരുതിയ അസുരനെ വീഴ്ത്തിയ ആ രാജകുമാരന് ഒരു കിരീടം ചാർത്തികൊടുത്തു..
രാമപുരം സേതു..!!
സ്വപ്നങ്ങളുടെ കടൽ താണ്ടാൻ കൊതിച്ചവന് നീന്തിക്കടകൻ വിധിക്കപ്പെട്ടത് വൈതരണി ആയിരുന്നു. ആ വേദന പിറവിയെടുത്തിട്ടു ഇന്നേക്ക് 31 വർഷം.






