
ചെന്നൈ : കോവിഡിനെ തുടര്‍ന്ന് ലോകത്തുണ്ടായ പ്രതിസന്ധിയിലൂടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. മറ്റുമാര്‍ഗങ്ങളില്ലാതെ കഷ്ടപ്പെടുന്നവരും ചെയ്യാന്‍ സാധിക്കുന്ന എന്തു ജോലിയും ചെയ്യാന്‍ തയ്യാറായിരിക്കുന്ന ഒരു വിഭാഗം ആളുകളും ഇന്ന് ലോകത്തുണ്ട്. നിരവധി പേരാണ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ജോലി നഷ്ടപ്പെട്ട തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ജീവിക്കാനായി കണ്ടെത്തിയ വഴിയാണ് നമുക്ക് പ്രചോദനമാകുന്നത്. ജോലിനഷ്ടപ്പെട്ട ഈ അധ്യാപകന് മുറുക്കുണ്ടാക്കി വില്പന നടത്തി ഉപജീവനം നടത്തുകയാണ് ഇപ്പോള്‍. കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസറായിരുന്നു കൂടലൂര് സ്വദേശിയായ ടി മഹേശ്വരന്.
കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കൂടിയായിരുന്നു അദ്ദേഹം. കോവിഡ് വന്നതോടെ കോളജ് അടച്ചു. തുടര്‍ന്ന് ശമ്പളം നല്‍കാനാകില്ലെന്ന് പ്രൊഫസറെ കോളജ് അധികൃതര്‍ അറിയിക്കുകയും ചെയ്തു. മൂന്നു പുതിയ വിദ്യാര്‍ത്ഥികളെ കോളജില്‍ എത്തിച്ചാലേ ജോലിയില്‍ തുടരാനാകൂവെന്നാണ് കോളജ് അധികൃതര്‍ ഇദ്ദേഹത്തോട് പറഞ്ഞത്. മറ്റൊരു കോളജില്‍ ജോലി കിട്ടിയെങ്കിലും അവരും ഇതേ ആവശ്യമാണ് മുന്നോട്ടുവെച്ചത്.
എന്നാല്‍, അദ്ദേഹം പതറിയില്ല. കുടുംബം പോറ്റാന്‍ മറ്റ് വഴികള്‍ തേടി. അങ്ങിനെയാണ് മുറുക്കുവില്പനയിലേക്ക് കടന്നത്. ആറുവയസുള്ള മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ അദ്ദേഹം ഈ തൊഴില്‍ സന്തോഷത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു. പ്രതിദിനം 500 രൂപ വരുമാനം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






