
തിരുവനന്തപുരം: നയതന്ത്രത്തിന്റെ മറവില്‍ കടത്തിയ 103 കിലോ സ്വര്‍ണത്തിന്റെ ഉറവിടം തേടി കസ്റ്റംസ്. കനേഡിയന്‍ പൗരന് ഹുസൈന്, അമേരിക്കക്കാരന് ബസ്റ്റര്‍ എന്നിവര്‍ക്ക് സ്വപ്ന സുരേഷുമായും തലസ്ഥാനത്തെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപന ഉടമ സന്ദീപ് നായര്‍ക്കും ബന്ധമുണ്ടോ എന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇരുവരെയും പിടികൂടിയാല്‍ മാത്രമേ ഈ 103 കിലോ സ്വര്‍ണം എവിടെയെന്ന് കണ്ടെത്താനാവൂ. കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ ഈ സ്വര്‍ണം എത്തിയെന്ന് കസ്റ്റംസിനറിയാം. പക്ഷേ, ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ചോ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചോ വിവരമില്ല. അറസ്റ്റിലായ സരിത്ത് ചോദ്യം ചെയ്യലില്‍ ബുദ്ധിപൂര്‍വമായി മറുപടി നല്‍കാതെ വഴുതിമാറിയിട്ടുണ്ട്. വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാല്‍ മാത്രമേ സംഭവത്തിന് വഴിത്തിരിവുണ്ടാവൂ.
യു.എ.ഇ. എംബസി വഴി സ്വര്‍ണം എത്തിയെങ്കിലും മറ്റേതെങ്കിലും രാജ്യത്തെ കളളക്കടത്ത് സംഘത്തിന് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും സി.ബി.ഐ. അടക്കമുളള ഏജന്‍സികള്‍ വന്നെങ്കില്‍ മാത്രമേ വന്‍സ്രാവുകള്‍ വലയിലാകൂ. മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
സ്വപ്നയും ശിവശങ്കറും ഒരുമിച്ച് നിരവധി തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് നടത്തിയ ചൈന സന്ദര്‍ശന വേളയില്‍ സംസ്ഥാന പ്രതിനിധിയായി സ്വപ്നയെ ഉള്‍പ്പെടുത്തിയതായാണ് വിവരം. ഇരുപതോളം വിദേശരാജ്യങ്ങളില്‍, നയതന്ത്ര പ്രതിനിധി എന്ന നിലയിലാണ് സ്വപ്ന എത്തിയിരുന്നത്. ഐ.ടി. മേഖലയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മിക്ക ഇടപാടുകള്ക്കുപിന്നിലും ചുക്കാന്‍ പിടിച്ചത് സ്വപ്നയായിരുന്നു.
സ്വപ്ന സുരേഷിന് ഇരട്ട പാസ്പോര്ട്ടുണ്ടെന്നു ഇന്റലിജന്‍സ് വിഭാഗം സംശയിക്കുന്നു. ഇതുസംബന്ധിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് അറിയിച്ചശേഷം എടുത്തതാണോ വസ്തുതകള്‍ മറച്ചുവച്ച് പാസ്പോര്‍ട്ട് എടുത്തതാണോ എന്നാണ് അന്വേഷിക്കുന്നത്.






