
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ അടച്ചിട്ടിരുന്ന പൊന്മുടി വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്നു. ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ജൂൺ 8 മുതൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകി.
അതേസമയം, യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണമെന്നാണ് മുന്നറിയിപ്പ്.






