
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ–മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപമായിരുന്നു അപകടം.
ചേന്ദമംഗലം തോപ്പിൽ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി, ബന്ധുവീട്ടിലുണ്ടായിരുന്ന മക്കളിൽ ഒരാളെ കൂട്ടിക്കൊണ്ടുവരാനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ എത്തിയ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ തന്നെ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെടിമറ കരുമാംചേരിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭർത്താവ് സജിത്ത് (ഡ്രൈവർ). മക്കൾ: ആദ്യ, ആദിക്. സഹോദരൻ: വിഷ്ണു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.






