
കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. പനിയും ഗുരുതരമായ വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിന് മുമ്പ് കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂർ സ്വദേശിയായ ബബീഷിന്റെ മകൾ നിളയായിരുന്നു മരിച്ചത്. എൽ.കെ.ജി വിദ്യാർഥിനിയായ നിള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൂടാതെ, മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച ഒരു സ്ത്രീയ്ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനും ഒൻപത് വയസുകാരനും രോഗം സ്ഥിരീകരിച്ചു. മൂന്ന് വയസുകാരന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം സംസ്ഥാനത്ത് 110-ലധികം പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 പേർക്കായിരുന്നു രോഗബാധ റിപ്പോർട്ട് ചെയ്തത്. 2025-ൽ 132 പേർക്കും 2024-ൽ 121 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 2023-ൽ 90 പേർക്കും 2022-ൽ 83 പേർക്കുമാണ് രോഗബാധ ഉണ്ടായത്. കൂടുതൽ ജില്ലകളിലേക്ക് രോഗം വ്യാപിച്ചിരിക്കുന്നതും ഈ വർഷത്തെ സാഹചര്യം അസാധാരണമാണെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
പ്രധാനമായും കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.






