
ടിക് ടോക്കിന് പകരമായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച റീല്‍സ് എന്ന ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളിലെ ക്യാമറയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന ഫീച്ചേരാണ് റീല്‍സ്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ടിക് ടോക്ക് വലിയ ഒരു തരംഗം ആണ് സൃഷ്ടിച്ചിരുന്നത്. ടോക്കിന്റെ അഭാവം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഈ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം.
ടിക് ടോക്കിലെ പോലെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റീൽസിലും കഴിയും. ഇതിന് പശ്ചാത്തലഗാനങ്ങളും ശബ്ദങ്ങളും ചേര്‍ത്ത് അവ രസകരമാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ടിക് ടോക്കിലും യൂട്യൂബിലും ശ്രദ്ധേയരായ വീഡിയോ നിര്‍മാതാക്കളുമായി സഹകരിച്ചാണ് പുതിയ 'റീല്‍സ്' ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം ഇന്ത്യയില്‍ പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇന്‍സ്റ്റഗ്രാം ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് റീല്‍സ്. ഇതിന്റെ ഇന്റര്‍ഫെയ്സ് ടിക് ടോക്കിന് സമാനമാണ്. റീല്‍സിന്റെ ക്യാമറ വിന്‍ഡോയില്‍ താഴെ നടുവിലായി റെക്കോര്‍ഡ് ബട്ടനും ഇടത് ഭാഗത്തായി ശബ്ദം, ഇഫക്ടുകള്‍, ടൈമര്‍ എന്നിവ ചേര്‍ക്കാനുള്ള സംവിധാനങ്ങളുണ്ട്. ടിക് ടോക്കിലും ഇതേ സംവിധാനങ്ങൾയിരുന്നു ഉണ്ടായിരുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിലും ന്യൂസ് ഫീഡിലും റീല്‍സ് വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കും. ആദ്യം ബ്രസീലിലും പിന്നീട് ജര്‍മനിയിലും ഫ്രാന്‍സിലുമാണ് റീല്‍സ് ലഭ്യമാക്കിയത്. ഇവിടങ്ങളിലും റീല്‍സ് പരീക്ഷണ ഘട്ടത്തിലാണ്. റീല്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.






