
ശ്രീനഗര്‍ : കശ്മീരില്‍ പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് കശ്മീരിലെ നോര്‍ത്ത്, സെന്‍ട്രല്‍ മേഖലകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ആക്രമണം നടത്താന്‍ പദ്ധതിയൊരുക്കുന്നത് ലഷ്കറെ തോയ്ബയാണെന്നും ബാരാമുള്ളയിലെ പഠാന് ഏരിയയില്‍ വെച്ച് ദേശീയപാതയില്‍ സുരക്ഷാസേനയ്ക്ക് നേരെ വാഹനത്തില്‍ ബോംബ് നിറച്ച് ആക്രമണം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണം നടത്തേണ്ട പ്രദേശത്തെ സംബന്ധിച്ച വിവരങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാര്‍ ശേഖരിക്കുകയും ചെയ്തു. പാക് പൗരനായ റഹ്മാന് ഭായ് എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, കശ്മീരിലെ നാകയില്‍ ആക്രമണം നടത്താന്‍ ആംബുലന്‍സ് ഉപയോഗിച്ച് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പത്താന്, സോപോര്‍, ഹന്ദ്വാര തുടങ്ങിയ മേഖലകളില്‍ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈനിക വാഹനങ്ങള്‍ പോകുന്ന സമയത്ത് ഹൈവേയില്‍ കര്‍ശന പരിശോധന ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം എല്ലാ സുരക്ഷാ സേനാംഗങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
അതിനിടെ, സില്‍വര്‍ നിറത്തിലുള്ള മാരുതി ആള്‍ട്ടോ കാര്‍ ബാരാമുള്ളയില്‍നിന്ന് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ കാര്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും സുരക്ഷാസേന പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുമാസത്തിനിടെ 124 തീവവാദികളെയാണ് സുരക്ഷാസേന കശ്മീരില്‍ വധിച്ചത്. ഇതില്‍ 50 പേരോളം വടക്കന്‍ കശ്മീരിലായിരുന്നു കൊല്ലപ്പെട്ടത്. സുരക്ഷാസേന വധിച്ചവരില്‍ ഉന്നത കമാന്‍ഡര്‍മാരുമുണ്ട്. ഇതിന് പ്രതികാരം ചെയ്യുന്നതിനായി തക്കം പാര്‍ത്തിരിക്കുകയാണ് തീവ്രവാദികളെന്നാണ് റിപ്പോര്‍ട്ടുകള്‍.






