
ലോകഫുട്ബോളിലെ സൂപ്പര്‍താരം അര്‍ജന്റീനയുടെ ലയണേല്‍ മെസ്സിക്ക് പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയോട് അസൂയ. മെസ്സി സ്വന്തം കാര്യം നോക്കി മാത്രമാണ് കളിക്കുന്നതെന്നും ഇത്തവണ റയല്‍മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് നേടണമെന്ന് പറഞ്ഞത് ക്രിസ്ത്യാനോയ്ക്ക് ഒരിക്കല്‍ കൂടി മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന് ഡി ഓര് പുരസ്ക്കാരം കിട്ടി തനിക്കൊപ്പമാകും എന്ന കുശുമ്പ് കൊണ്ടാണെന്നും സ്പാനിഷ് പത്രത്തിന്റെ വിമര്‍ശനം.
ഈ സീസണില്‍ ഒരു കിരീടവും ഉയര്‍ത്താന്‍ കഴിയാതെ സ്വന്തം ക്ളബ്ബ് ബാഴ്സിലോണ വിയര്‍ക്കുമ്പോള്‍ മെസ്സിക്ക് ടീമിന്റെ ജയത്തേക്കാള്‍ പ്രാധാന്യം വ്യക്തിഗത മികവാണെന്നാണ് ആക്ഷേപം. ഈ സീസണില്‍ കോപ്പാ ഡെല്‍ റേ, സ്പാനിഷ്കപ്പ് കിരീടങ്ങള്‍ കൈവിട്ടുപോയ ബാഴ്സയ്ക്ക് ലാലിഗയിലും തിരിച്ചടി നേരിടുകയാണ്. ആഗസ്റ്റില്‍ തുടങ്ങുന്ന ചാംപ്യന്‍സ് ലീഗിലും ടീം അധികം മുമ്പോട്ട് പോകില്ലെന്നാണ് വിലയിരുത്തല്‍. സ്വന്തം ടീമിനെ കളി ജയിപ്പിക്കുന്നതിനേക്കാള്‍ സ്വന്തം റെക്കോഡ് മെച്ചപ്പെടുത്താനാണ് മെസ്സിയുടെ ശ്രമമെന്നു വിമര്‍ശിച്ചിരിക്കുന്നത് സ്പാനിഷ് മാധ്യമം ഡിയാറിയോ ഗോള്‍ ആണ്.
ടീം നടുക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ സ്വന്തം കാര്യം ഉറപ്പാക്കാനാണ് മെസ്സി തുനിഞ്ഞതെന്നും ബാഴ്സിലോണ ബുദ്ധിമുട്ടുമ്പോള്‍ ക്ളബ്ബ് വിടാനാണ് മെസ്സി ശ്രമിച്ചതെന്നും വിമര്‍ശിക്കുന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ക്ളബ്ബ് യുവന്റസിന് മേല്‍ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മെസ്സി സാധ്യത കല്‍പ്പിക്കുന്നത് സ്പാനിഷ് ലാലിഗയിലെ മുഖ്യ എതിരാളി റയല്മാഡ്രിഡിനാണ്. ഇത് ചാംപ്യന്‍സ് ലീഗ് നേടി ക്രിസ്ത്യാനോ പുരസ്ക്കാരത്തിന് അര്‍ഹനായാല്‍ ബാലന് ഡി ഓര് നേട്ടത്തില്‍ തനിക്കൊപ്പമാകും എന്ന പേടികൊണ്ടാണെന്നാണ് പത്രത്തിന്റെ വിമര്‍ശനം. ഇപ്പോള്‍ തന്നെ സീരി എ യില്‍ മുന്നില്‍ നില്ക്കുന്ന യുവന്റസ് ചാംപ്യന്‍സ് ലീഗ് നേടിയാല്‍ രണ്ടു മൂന്ന് ട്രോഫിയാകും.
മെസ്സിയെ 'സ്വാര്‍ത്ഥന്‍' എന്നായിരുന്ന പത്രം വിശേഷിപ്പിച്ചത്. 20 വര്‍ഷത്തിനിടയില്‍ ആദ്യമായി ഈ സീസണില്‍ മെസ്സി ബാഴ്സയില്‍ തപ്പിത്തടയുകയാണ്. ഇതിന് കാരണം പ്രസിഡന്റ് ജോസഫ് മരിയാ ബര്ത്തലോമുവും ഡയറക്ടര്‍ എറിക് അബിദാലും ആയുള്ള പ്രശ്നങ്ങളാണണെന്നാണ് വിലയിരുത്തല്‍. ക്ളബ്ബില്‍ അസന്തുഷ്ടനായ താരം പരിശീലകന് ക്വിക്ക് സെത്തിയാനുമായും പ്രശ്നം ഉണ്ടെന്നും ബാഴ്സിലോണയില്‍ കരാര്‍ നീട്ടേണ്ടെന്ന് താരം നിലപാട് എടുത്തിരുന്നതായും വാര്‍ത്ത വന്നിരുന്നു. 2021 ഓടെ ബാഴ്സയുമായുള്ള മെസിയുടെ കരാര്‍ തീരും.
കഴിഞ്ഞ ഏതാനും മാസമായി ക്ളബ്ബില്‍ നിന്നും ഉയരുന്ന വിവാദങ്ങള്‍ ക്ളബ്ബിന്റെ സല്‍പ്പേര് നശിപ്പിച്ചിരിക്കുകയാണ്. നിലവിലെ കളിക്കാരുടെ കാര്യത്തില്‍ ഇടനിലക്കാരുടെ ഇടപെടല്‍, മുന്‍ കളിക്കാരുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് വിവാദങ്ങള്‍, ഗുണനിലവാരം ഇല്ലാത്ത കളിക്കാര്‍, മികച്ച കളിക്കാര്‍ ക്ളബ്ബ് വിട്ടത് തുടങ്ങി അനേകം പ്രശ്നങ്ങള്‍ ക്ളബ്ബില്‍ മെസ്സിയെ അസന്തുഷ്ടിയിലാക്കിയിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് പോലെയുള്ള കടുത്ത ടൂര്‍ണമെന്റില്‍ കളിക്കാന്‍ തക്ക ഗുണനിലവാരം നിലവിലെ കളിക്കാര്‍ക്ക് ഇല്ലെന്ന മെസ്സി തുറന്നടിക്കുകയും ചെയ്തത് വിവാദമായിട്ടുണ്ട്.
ക്യാമ്പ് ന്യൂവില്‍ സഹതാരങ്ങള്‍ മികവ് കാട്ടാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന ടീമിനേക്കാള്‍ തന്റെ വ്യക്തിഗത മികവിനും ബഹുമതിക്കുമായിട്ടാണ് മെസ്സി ഇപ്പോള്‍ കളിക്കുന്നെന്ന് വിമര്‍ശനം. ഈ സീസണില്‍ ബാഴ്സിലോണ കോപ്പാ ഡെല്‍റേയില്‍ നിന്നും സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നിന്നും പുറത്തായിരുന്നു. ഇതിന് പുറമേ ഇപ്പോള്‍ ലാലിഗാ കിരീടവും കൈവിട്ടു പോയിരിക്കുകയാണ്. നിലവില്‍ ബാഴ്സിലോണയേക്കാള്‍ നാലു പോയിന്റ് കൂടുതലുള്ള റയല്‍മാഡ്രിഡ് അടുത്ത മത്സരം കൂടി ജയിച്ചാല്‍ കിരീടം നേടും. കോവിഡ് ബ്രേക്കിന് മുമ്പ ് വരെ ലീഗ് പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബാഴ്സ ഈ രീതിയില്‍ വീണത്.
തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളാണ് റയല്‍ മാഡ്രിഡ് വീണ്ടുമുള്ള വരവില്‍ ജയിച്ചുകയറിയത്. എന്നാല്‍ മെസ്സിക്ക് ബാഴ്സിലോണയെ കളി ജയിപ്പിക്കുന്നതിലല്ല സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തി എടുക്കുന്നതിലാണ് കണ്ണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ സീസണില്‍ വന്‍ പരാജയമായി പോയ ബാഴ്സിലോണയ്ക്ക് മുന്നില്‍ ഇനിയുള്ളത് ചാംപ്യന്‍സ് ലീഗ് കിരീടം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ മാസം കളി വീണ്ടും തുടങ്ങിയ ശേഷം ബാഴ്സിലോണ മുടന്തുകയാണ്. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ ബാഴ്സയ്ക്ക് ശേഷിയില്ലെന്ന് മെസ്സി പറയുകയും ചെയ്തു.




