
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകളോട് 77 ചോദ്യങ്ങളുമായി ഇന്ത്യ. വിദേശ ഭരണകൂടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍, ഉള്ളടക്കം സെന്‍സര്‍ ചെയ്യല്‍, ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ച് സ്വാധീനിക്കല്‍ ഉള്‍പ്പടെ 77 ചോദ്യങ്ങളാണ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഐടി മന്ത്രാലയം കമ്പനികള്‍ക്ക് മൂന്നാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. ഒരേ ചോദ്യങ്ങള്‍ തന്നെയാണ് നിരോധിക്കപ്പെട്ട എല്ലാ കമ്പനികള്‍ക്കും നല്‍കിയത് എന്നാണ് റിപ്പോർട്ട്. തുടര്‍നടപടികള്‍ എന്നായിരിക്കും എന്ന് വ്യക്തമല്ല.
വ്യവസായ ഘടന, നികുതി, പരസ്യദാതാക്കള്‍, സ്വകാര്യത നയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അമേരിക്ക, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഐടി മന്ത്രാലയം ചോദിച്ചിട്ടുണ്ട്. ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതേസമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഒരുക്കത്തിലാണ് ടിക് ടോക്ക് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു






