
പഞ്ചാബിലെ ഫരീദ്ക്കോട്ടുകാരി 13 കാരി പ്രഭ്ജ്യോത് സിംഗ് കൗറിന് എങ്ങിനെയാണ് കളപറിക്കുന്നതെന്ന് അറിയില്ല. പക്ഷേ ഞാറു നടന് അവള് പഠിച്ചു. വീട്ടുകാര്‍ മുഴുവന്‍ ബസ്മതി നില്ക്കുന്ന പാടത്ത് കള പറിക്കുന്ന തിരക്കില്‍ ഏര്‍പ്പെടുമ്പോള്‍ കൊടും വെയലില്‍ കാല് വെള്ളത്തില്‍ മുക്കിയിരുന്ന് അതേ വയലില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു പ്രഭ്ജ്യോത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഫരീദാകോട്ട് ജില്ലയിലെ ഗുമിയാര ഗ്രാമത്തില്‍ നെല്‍പ്പാടത്ത് ഇരുന്ന് അവള് പരീക്ഷ എഴുതുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബൂട്ടാ സിംഗിന്റെ മകളായ ഈ എട്ടാം ക്ളാസ്സുകാരി എല്ലാ ദിവസവും പിതാവിനൊപ്പം നെല്‍പ്പാടത്ത് എത്തുന്നത് പഠിക്കാനുള്ള വസ്തുക്കളുമായാണ്. ജൂലൈ 14 നായിരുന്നു പ്രഭ്ജ്യോതിന് ഇംഗ്ളീഷ് പരീക്ഷ. ജൂലൈ 13 ന് തുടങ്ങിയിരിക്കുന്ന പരീക്ഷ 21 വരെ നീളും. ഇതിനകം സയന്‍സും ഇംഗ്ളീഷും കണക്ക് പരീക്ഷകള്‍ പ്രഭ്ജ്യോത് പാടത്ത് ഇരുന്ന് എഴുതി. കുടുംബം പാടത്ത് കഷ്ടപ്പെടുമ്പോള്‍ അവള് അവിടെയിരുന്ന് പരീക്ഷ എഴുതി.
വിവാഹപ്പന്തലിലെ ജോലിക്കാരനായിരുന്ന ഭൂട്ടാ സിംഗിന് കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടം വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അയാള്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. ബസ്മതി അരിയാണ് വിതച്ചത്. കുടുംബത്തിലെ മുഴുവന്‍ പേരും ഭൂട്ടാ സിംഗിനൊപ്പം പാടത്ത് പണിയില്‍ സഹായിക്കും. വിവാഹങ്ങള്‍ നടക്കാതെ വന്നതോടെ ജോലി പോയി. ഇത്തവണ കൃഷിയാണ് ആശ്രയമെന്നും ഇയാള്‍ പറയുന്നു. മൂന്നാം ക്ളാസ്സ് വരെ മാത്രം പഠിച്ചിട്ടുള്ള ഭൂട്ടാസിംഗ് മക്കള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതില് ശ്രദ്ധാലുവാണ്. മക്കള്‍ ഉത്തരവാദിത്വം ഉള്ളവരാണെന്നും നന്നായി പഠിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.
പ്രഭ്ജ്യോതിന്റെ കുടുംബത്തിന് ഒരു സ്മാര്‍ട്ട്ഫോണാണ് ഉള്ളത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പരീക്ഷയുമൊക്കെ ആയതോടെ പരീക്ഷ എഴുതണമെങ്കില്‍ ചോദ്യപേപ്പര്‍ ഫോണിലൂടെയെ കിട്ടു. രാവിലെ പാടത്തിറങ്ങുന്ന വീട്ടുകാര്‍ തിരിച്ചു വരുന്നത് രാത്രി ഏഴ്, എട്ട് മണിയോടെയാണ്. അതുകൊണ്ട് വീട്ടിലിരുന്ന് പരീക്ഷ എഴുതാന്‍ പ്രഭ്ജ്യോതിന് വളരെ കുറച്ച് സമയമേ കിട്ടൂ. അതുകൊണ്ടാണ് അവള്‍ക്ക് പാടത്ത് ഇരുന്ന് പരീക്ഷ എഴുതേണ്ട സ്ഥിതി വന്നിരിക്കുന്നത്.
പ്രഭ്ജ്യോത് വയലില്‍ ഇരുന്ന എഴുതുന്ന ദൃശ്യം വീട്ടുകാര്‍ പകര്‍ത്തി അവള് പഠിക്കുന്ന ഗുമിയാര സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകന് ഹര്ബീന്ദര് സിംഗ് സെഖന് അയച്ചു കൊടുത്തു. അദ്ധ്യാപകന് അത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. മിടുക്കിയായ അവളുടെ പഠനത്തോടുള്ള സമര്‍പ്പണം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് കരുതിയാണ് അയച്ചതെന്ന് അദ്ധ്യാപകന് പറഞ്ഞു. ഇതേ സ്കൂളിലാണ് പ്രഭ്ജ്യോതിന്റെ മൂത്ത രണ്ടു സഹോദരിമാരും പഠിച്ചത്. ബി കോം അവസാന വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരിയാണ് വീട്ടിലെ കന്നുകാലികളെ നോക്കുന്നത്. രണ്ടാമത്തെ ചേച്ചി ഒമ്പതാം ക്ളാസ്സിലും.
ഞങ്ങള്‍ പണികേറി വീട്ടിലെത്തുമ്പോള്‍ സന്ധ്യയാകും. ആ സമയത്ത് അവിടെ വൈദ്യൂതി കാണില്ല. ക്ഷീണിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ ഏറ്റവും നല്ല ഇടം വയലാണെന്ന് കണ്ടെത്തിയത്. എല്ലാ പരീക്ഷയും അവിടെ ഇരുന്നാണ് എഴുതിയതെന്നും പ്രഭ്ജ്യോത് പറയുന്നു. ഇവരുടെ ഏക സഹോദരന് അഞ്ചാം ക്ളാസ്സിലാണ്. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ മറ്റുള്ളവരുടെ ഫോണ്‍ വാങ്ങിക്കൊണ്ടു വന്ന് അതില്‍ നിന്നും ചോദ്യപേപ്പറിന്റെ ഫോട്ടോകോപ്പി എടുക്കും. പരീക്ഷ എഴുതാതെ കുട്ടികള്‍ മുങ്ങാതിരിക്കാന്‍ വീട്ടുകാര്‍ പരിശോധന നടത്തുകയും ചെയ്യും.
പ്രഭ്ജ്യോതിനെ പോലെ തന്നെയാണ് ഇതേ ഗ്രാമത്തിലെ പത്താംക്ളാസ്സുകാരന്‍ സുമീത് സിംഗും. കുടുംബത്തിന്റെ കുഴല്‍ക്കിണറിന്റെ മോട്ടോര്‍ തറയില്‍ ഇരുന്നാണ് ഇയാള്‍ പരീക്ഷ എഴുതുന്നത്. ഗോളേവാലയിലെ റെഹ്രിയില് പിതാവിന്റെ പഴക്കടയില്‍ ഇരുന്ന് പരീക്ഷയെഴുതി ഫോട്ടോ അയച്ച വിദ്യാര്‍ത്ഥിയുമുണ്ട്. അച്ഛന്റെ പലചരക്ക് കടയില്‍ സഹായിക്കുന്ന മറ്റൊരു പയ്യന് അവിടെ ഇരുന്നാണ് പരീക്ഷ എഴുതിയത്. ഇങ്ങിനെ പല സാഹചര്യങ്ങളില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ കുട്ടികള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ മാതാപിതാക്കളെ സഹായിച്ചു കൊണ്ടു പഠിക്കുന്ന കുട്ടികള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്നാണ് അദ്ധ്യാപകര്‍ കരുതുന്നത്. എന്നിരുന്നാലും വയലിലും വെയിലിലും ഇരുന്ന് പരീക്ഷ എഴുതുന്ന മൂന്നാം ക്ളാസ്സുകാരി പ്രഭ്ജ്യോതിന്റെ ചിത്രം പ്രചരണത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ജൂലൈ 13 മുതലാണ് ആറ് മുതല്‍ പന്ത്രണ്ടാം ക്ളാസ്സുകാരുടെ വരെ ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങിയത്. 24 മണിക്കൂറിനുള്ളില്‍ ഉത്തരപേപ്പര്‍ നല്കിയാല് മതി.






