
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ദിവസമാണ് ഇന്ധന പമ്പ് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധന പ്രഖ്യാപിച്ചത്. ഇപ്പോളിതാ 6,500 ഗ്ലാൻസ തിരിച്ചുവിളിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോറും(ടികെഎം) നടപടി തുടങ്ങി. മാരുതി സുസുക്കി തിരിച്ചുവിളിച്ചു പരിശോധിക്കുന്ന ബലേനൊയുടെ ബാഡ്ജ് എൻജിനീയറിങ് രൂപന്തരമാണു ഗ്ലാൻസ. അതുകൊണ്ടുതന്നെ നിർദിഷ്ട കാലാവധിക്കിടെ നിർമിച്ച പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാൻസ പരിശോദിക്കാനാണന് ടി കെ എമ്മിന്റെ നീക്കം.
തകരാർ കണ്ടെത്തുന്ന പക്ഷം ഇന്ധന പമ്പ് സൗജന്യമായി മാറ്റി നൽകുമെന്നുമാണു ടൊയോട്ടയുടെ വാഗ്ദാനം. 2019 ഏപ്രിൽ രണ്ടിനും 2019 ഒക്ടോബർ ആറിനുമിടയ്ക്കു നിർമിച്ച ഗ്ലാൻസയ്ക്കാണു തകരാർ ബാധകമാവുക. ഈ കാറുകൾ ഡീലർഷിപ്പുകളിലേക്കു തിരിച്ചു വിളിച്ചു പരിശോധിക്കും.
2018 മാർച്ചിലാണ് ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയും ടൊയോട്ടയും വാഹന മോഡലുകൾ പങ്കിടുന്നതു സംബന്ധിച്ച് കരാർ ഒപ്പുവച്ചത്. ഈ സഖ്യത്തിൽ നിന്നു പുറത്തിറങ്ങിയ ആദ്യ കാറാണു ടൊയോട്ട ഗ്ലാൻസ. 1.35 ലക്ഷത്തോളം കാറുകൾ ആണ് ഇന്ധന പമ്പിനു തകരാറുണ്ടെന്നു സംശയിച്ച് മാരുതി സുസുക്കി തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. ഹാച്ച്ബാക്കായ വാഗൻ ആർ, പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ എന്നിവയിലെ ഫ്യുവൽ പമ്പിലാണു നിർമാണ തകരാർ സംശയിക്കുന്നത്.






