
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉടലെടുത്ത പ്രതിസന്ധിയ്ക്കിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിശ്വാസം തെളിയിക്കാന്‍ അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സൂചനകള്‍ പുറത്ത്. പ്രാദേശിക പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ കൂടെ ശനിയാഴ്ച ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ ഇന്നലെ രാത്രി തന്നെ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ച് ധരിപ്പിക്കാനായിരുന്നു സന്ദര്‍ശനം എന്നാണ് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. 45 മിനിറ്റ് ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനിടെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ക്ക് രാജസ്ഥാന് മുഖ്യമന്ത്രി കൈമാറിയെന്നാണ് സൂചന.
അടുത്ത ബുധനാഴ്ച നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ വിശ്വാസം നേടിയാല്‍ പിന്നെ ആറുമാസത്തേക്ക് സര്‍ക്കാരിനു ഭീഷണിയുണ്ടാകില്ല. സച്ചിന് പൈലറ്റ് വിമത സ്വരം ഉയര്‍ത്തിയതിനു പിന്നാലെ പ്രാദേശിക പാര്‍ട്ടിയായ ബിടിപിയിലെ രണ്ട് എംഎല്‍എമാര്‍ ഗെലോട്ട് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി വീണ്ടും ഗെലോട്ട് ക്യാംപിലേക്ക് തിരിച്ചെത്തിയതോടെയാണ് വീണ്ടും ഗെലോട്ട് ക്യാംപ് ഉണര്‍ന്നത്. 200 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ 101 അംഗങ്ങളുടെയധികം പിന്തുണ ഗെലോട്ടിനുണ്ടെന്നാണ് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.






