
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികമുദ്ര വിസിറ്റിംഗ് കാര്‍ഡില്‍ ഉപയോഗിക്കുന്നത് വ്യാപകമെന്ന് കണ്ടെത്തല്‍. കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ സ്വപ്ന സുരേഷ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് ഒട്ടേറെ പേര് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിക്കുന്നതായി തെളിഞ്ഞത്.
വകുപ്പ് മേധാവികള്‍, ജോയിന്‍ സെക്രട്ടറി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാനുള്ള അവകാശം. പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുണ്ട്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ മുദ്രകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്പെഷ്യല്‍ സെല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നിരഞ്ജന് ജെ. നായര്‍ (ടീം ലീഡര്‍), കവിതാ സി പിള്ള (സ്പെഷ്യല്‍ സെല്‍ അംഗം) എന്നിവരുടെ വിസിറ്റിംഗ് കാര്‍ഡുകളിലും സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല.






