
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ തടവ് അനുഭവിക്കുന്ന നളിനി ശ്രീഹരന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവം പുറത്തു വിട്ടിരിക്കുന്നത് അവരുടെ അഭിഭാഷകന് പുകഴേന്തിയാണ്. മുന്‍പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് 29 വര്‍ഷമായിട്ട് നളിനി ജയിലിലാണ്. വെല്ലൂരിലെ സ്ത്രീകള്‍ക്കുള്ള ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. ജയിലില്‍ നളിനിയും മറ്റൊരു തടവുകാരിയും തമ്മില്‍ കലഹം ഉണ്ടാക്കിയതായും വിവരം ഈ തടവുകാരി ജയിലറെ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നളിനി ആത്മഹത്യാ ശ്രമം നടത്തിയതെന്നുമാണ് പുകഴേന്തി പറയുന്നത്. നളിനി ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അറിയേണ്ടതുണ്ടെന്നും പുകഴേന്തി പറഞ്ഞു. സഹതടവുകാരിയെ മാറ്റണമെന്ന് നേരത്തേ നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതാണ് കാരണമെന്നാണ് വിവരം.
അതിനിടയില്‍ ഇതേ കേസില്‍ തടവ് അനുഭവിക്കുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകന് നളിനിയെ വെല്ലൂരിലെ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമനടപടി ഉടന്‍ തുടങ്ങുമെന്നാണ് പുകഴേന്തി പറയുന്നത്. 1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീ പെരുമ്പുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എല്‍ടിടി തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക ടാഡാ കോടതിയാണ് നളിനിയും മുരുകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ശിക്ഷ വിധിച്ചത്.
വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും പിന്നീട് അത് ജീവപര്യന്തമാക്കി. നളിനിക്കും മുരുകനും പുറമേ എജി പേരറിവാളന്, ശാന്തന്, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇത്രയും വര്‍ഷത്തിനിടയില്‍ നളിനി ഇത്തരത്തില്‍ ഒരു ശ്രമം നടത്തുന്നത് ഇതാദ്യമാണെന്ന് പുകഴേന്തി പറഞ്ഞു.






