
കാണ്‍പൂര്‍: പോലീസിന് കീഴടങ്ങിയില്ലെങ്കില്‍ ചേട്ടന്റെ ഗതി വരുമെന്ന് കൊല്ലപ്പെട്ട ഗുണ്ടാനേതാവ് വികാസ് ദുബേയുടെ സഹോദരന് മാതാവ് സരളാ ദേവിയുടെ മുന്നറിയിപ്പ്. ഇളയമകനും വികാസ് ദുബേയുടെ അനുജനുമായ ദീപ് പ്രകാശ് ദൂബേയ്ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ചേട്ടനെ പോലെ പോയാല്‍ നീയും കുടുംബവും വികാസിനെ പോലെ കൊല്ലപ്പെടുമെന്നാണ് മാതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അറസ്റ്റിലായ വികാസ് ദുബേയെ പോലീസ് എന്‍കൗണ്ടറിലൂടെ വധിച്ചത്.
ജൂലൈ 10 നായിരുന്നു യുപി പോലീസ് ദുബേയെ കൊലപ്പെടുത്തിയത്. മദ്ധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായി യുപിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു പോലീസ് ദുബേയെ വെടിവെച്ചു കൊന്നത്. എന്നാല്‍ ദുബേയുടെ അക്രമിസംഘത്തിന്റെ ഭാഗമായ ഇളയ അനുജന് ദീപ് പ്രകാശിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജൂലൈ 3 ന് ബിക്രു ഗ്രാമത്തില്‍ ദുബേയുടെ താവളത്തില്‍ വെച്ച് പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ ദീപ് പ്രകാശ് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
പോലീസ് നിന്നെയും നിന്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്നും എത്രയും പെട്ടെന്ന് പോലീസിന് കീഴടങ്ങാനുമാണ് ദീപ്ദാസിനോട് മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നീ ഒന്നും ചെയ്തിട്ടില്ലെന്നും ചേട്ടനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒളിവില്‍ പോകേണ്ടതില്ലെന്നും പോലീസ് നിനക്ക് സുരക്ഷ നല്‍കുമെന്നുമാണ് സരളാ ദേവി പറഞ്ഞിട്ടുള്ളത്. വികാസ് ദുബേയുടെ അന്തിമ ചടങ്ങിന് സരളാദേവി എത്തിയില്ല. തനിക്ക് അവിടെ ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. എട്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെ മകനെ പോലീസ് വെടിവെച്ചു കൊന്നാലും തനിക്ക് ഖേദമില്ലെന്ന് സരളാദേവി പറഞ്ഞിരുന്നു. ഗുണ്ടാനേതാവ് വികാസ് ദുബേയുമായി മറ്റു കുടുംബാംഗങ്ങളൊന്നും ബന്ധം പുലര്‍ത്തിയിരുന്നില്ല.
ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന ദീപ് പ്രകാശുമായി എതിര്‍പ്പിലും ശത്രുതയിലും ആയിരുന്നു താനും. അതുകൊണ്ടു തന്നെ ദുബേയും കുടുംബാംഗങ്ങളും മാറിമാറിയാണ് താമസിച്ചിരുന്നത്. വളരെ ചെറു പ്രായത്തില്‍ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ദുബേ ഏര്‍പ്പെട്ടിരുന്നു. അക്രമത്തിന്റെ പാത തെരഞ്ഞെടുക്കരുത് എന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ദുബേ ചെവിക്കൊണ്ടില്ല. ദീപ് പ്രകാശിന്റെ കുടുംബത്തോടൊപ്പമാണ് സരളാദേവി താമസിക്കുന്നത്. ദുബേയും ഭാര്യ റിച്ചയും രണ്ടു കുട്ടികളും ഇതേ സ്ഥലത്ത് മറ്റൊരു വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്.






