
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പി.ഡബ്ല്യൂ.സി.) കരിമ്പട്ടികയില്പ്പെടുത്തണമെന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശ.
സ്പേസ് പാര്‍ക്കില്‍ നിയമിച്ച എല്ലാവരെയും പിരിച്ചുവിടണമെന്നും കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ 36 നിയമനങ്ങള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വപ്നയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ മുന്‍ ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ ഫോണ്‍വിളികളുടെ പട്ടിക പരിശോധിക്കമെന്നും ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ആര്.കെ.സിങ് എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പേസ് പാര്‍ക്കില്‍ നിയമനത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചു. ധനകാര്യ അന്വേഷണ സമിതി ഇക്കാര്യം അന്വേഷിക്കും. ഐ.ടി. വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ശിവശങ്കറിനും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനും വീഴ്ചപറ്റി. പി.ഡബ്ല്യൂ.സിയെ ഐ.ടി വകുപ്പിന്റെ കരാറുകളില്‍നിന്ന് മാറ്റണം.
നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യൂ.സിക്ക് കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാട്രക്ചര്‍ ലിമിറ്റഡ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നിയമനത്തിനായി റിക്രൂട്ട്മെന്റ് ഏജന്‍സി പേരു നല്കിയതാമെന്ന് പറഞ്ഞ് പി.ഡബ്ല്യൂ.സിക്ക് കൈകഴുകാനാവില്ല. ശിവശങ്കറിന്റെ സമ്മര്‍ദമാണ് സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വപ്ന സുരേഷിന് നിയമനം തരപ്പെടാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നതിന് വിലക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.






