
മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ടു മുംബൈ പോലീസ് കങ്കണയ്ക്കു നോട്ടിസ് അയച്ചു. ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള നടിയോടു ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നല്കാന് തയാറാണെന്ന് കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കേസില്‍ മൊഴി നൽകാൻ തന്നെ മുംബൈ പോലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ സ്റ്റേഷനിൽ പോകാൻ സാധിച്ചില്ലെന്നുമാണു മുമ്പ് ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞത്. ‘ഇൻഡസ്ട്രിയിലുള്ളവർ വികാരങ്ങളില്ലാത്ത ജീവികളാണ്. അവർ മറ്റുള്ളവരുടെ വേദനകൾ കണ്ട് രസിക്കും. പർവീൺ ബാബിയുടെ രോഗത്തെ വച്ച് സിനിമയെടുത്താണു മഹേഷ് ഭട്ട് ജീവിക്കുന്നത്. എന്തുകൊണ്ടാണ് ആദിത്യ ചോപ്ര, മഹേഷ് ഭട്ട്, കരൺ ജോഹർ, രാജീവ് മസന്ത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിക്കാത്തത്. കാരണം അവർ വളരെ ശക്തരാണ്. എന്റെ ഈ തുറന്നുപറച്ചിൽ മൂലം എന്തൊക്കെ നഷ്ടപ്പെടുമെന്ന് കണ്ടറിയാം.’– കങ്കണ പറഞ്ഞതിങ്ങനെ.
സംവിധായകനും സിനിമാനിർമാണ കമ്പനി യഷ് രാജ് ഫിലിംസിന്റെ ചെയർമാനുമായ ആദിത്യ ചോപ്രയെ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ, സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി എന്നിവർ ഉൾപ്പെടെ മുപ്പതിലേറെ പേരെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു. സുശാന്തിനെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റിന്റെ മൊഴിയും എടുത്തിരുന്നു. കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണം സിബിഐ അന്വേഷിക്കണമെന്നു മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ടു.






