
ജയ്പൂര്‍: നിയമസഭാ സമ്മേളനം വിളിക്കുമെന്ന രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ ഉറപ്പില്‍ രാജ്ഭവനു മുന്നിലെ നാടകീയ പ്രതിഷേധത്തിന് താത്ക്കാലിക അന്ത്യം. സച്ചിന് പൈലറ്റിന്റെ വിമത നീക്കത്തോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരിലെ രാജ്ഭവന് മുന്നില്‍ അഞ്ച് മണിക്കൂര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഭരണഘടന അനുസരിക്കുമെന്നും സമ്മര്‍ദ്ദമില്ലാതെ തീരുമാനമെടുക്കുമെന്നും രാജസ്ഥാന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. അതേസമയം ഇന്ന് രാത്രി 9.30 ന് സംസ്ഥാന മന്ത്രിസഭാ യോഗവും മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന 102 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് ഗെലോട്ട് കൈമാറി. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനായി പുതിയ അഭ്യര്‍ത്ഥന അയയ്ക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
നിയമസഭാ വിളിച്ചു ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്നലെ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. രാത്രി മുഴുവന്‍ കാത്തിരുന്നുവെങ്കിലും , ഒരു പ്രതികരണവും ഉണ്ടായില്ല.. ഗവര്‍ണറുടെ നിലപാടില്‍ ബിജെപിയുടെ പങ്ക് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഞങ്ങള്‍ തയാറാണ്. പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യണം. എന്നാല്‍ ഇവിടെ അത് എതിര്‍ക്കുകയാണ്. ഗെലോട്ട് കുറ്റപ്പെടുത്തി.






