
കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യ പ്രതി ഡോ. അജാസിനെ ദുബായില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് എന്ന് അന്വേഷണസംഘം. സിനിമാനിര്മാതാവു കൂടിയായ അജാസും ഫൈസലും ഒരുമിച്ചുള്ള ഫോട്ടോ കേരള പോലീസിന്റെ കൈവശമുണ്ടെന്നാണു വിവരം. പോലീസാണു ചിത്രം കസ്റ്റംസിനു കൈമാറിയത്. വിദേശത്തുള്ള അജാസിനെ പിടികൂടാന്‍ ക്രൈം ബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
അധോലക കുറ്റവാളി രവി പൂജാരിക്കു വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനായി കസ്റ്റംസ് വല വിരിച്ചത് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് കൈമാറിയതു മുതലെന്നു വിവരം. നടിയും നര്‍ത്തകിയുമായ ഷംനയെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന ഒരു ''ഡീല്‍ വുമണി''നെപ്പറ്റി പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.
ഇവര്‍ നയതന്ത്ര ചാനല്‍ വഴിയും സ്വര്‍ണം കടത്തുന്നത് പോലീസിനോടു വെളിപ്പെടുത്തി. ഇത്തരം വമ്പന്‍ സ്വര്‍ണക്കടത്തിനെപ്പറ്റി പോലീസിനു മാത്രമായി അന്വേഷിക്കാന്‍ ആവില്ലെന്നു വ്യക്തമായതോടെ വിവരം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഷംന കേസ് ബ്ലാക്ക്മെയിലിങ് സംബന്ധിച്ചുള്ള അന്വേഷണമാക്കി ചുരുക്കാന്‍ തീരുമാനിച്ചെന്നും സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങള്‍ രഹസ്യറിപ്പോര്ട്ടായി കസ്റ്റംസിന് കൈമാറിയെന്നുമാണു വിവരം.
നയതന്ത്രചാനല്‍വഴി വരെ സ്വര്‍ണം കടത്തുന്ന ഡീല്‍ വുമണിനുവേണ്ടി കസ്റ്റംസ് വല വിരിച്ചിരിക്കേയാണ് ജൂണ്‍ 30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് എത്തുന്നത്. ബാഗേജ് മനഃപൂര്‍വം വിട്ടുകൊടുക്കാതെ കസ്റ്റംസ് കാത്തിരുന്നു. പിറ്റേദിവസം തന്നെ കസ്റ്റംസ് അസി. കമ്മിഷണര്‍ക്കു സ്വപ്നാ സുരേഷിന്റെ ഫോണ്‍ വന്നു. ഇതോടെ കസ്റ്റംസ് ഡീല്‍ വുമണ്‍ ആരെന്ന് ഉറപ്പിച്ചു. സംശയം തോന്നാതെയായിരുന്നു കസ്റ്റംസിന്റെ തുടര്‍ന്നുള്ള ഓരോനീക്കവും. ബാഗേജെടുക്കാന്‍ സരിത്ത് എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. കൊച്ചി പോലീസ് അന്വേഷിച്ച ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കും.




