മുംബൈ: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയില്‍ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമിപൂജ നടക്കുന്നത്. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് അയോധ്യയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഇനിയും പോകുമെന്നും താക്കറെ പറഞ്ഞു.
മഹാവികാസ് അഖാതി സഖ്യവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെക്കുറിച്ചും താക്കറെ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈകളിലല്ലെന്നും സര്‍ക്കാരിനെ മറിച്ചിടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും താക്കറെ പറഞ്ഞു. ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീഴുമെന്ന് പറയുന്നവരോട് സര്‍ക്കാരിനെ വീഴ്ത്താന്‍ താക്കറെ വെല്ലുവിളിച്ചു. സര്‍ക്കാരിനെ വീഴ്ത്തുമെന്ന് പറയുന്നവര്‍ക്ക് ഇന്ന് തന്നെ അത് ചെയ്യാം. താന്‍ ബാക്കി നോക്കിക്കൊള്ളാമെന്നും താക്കറെ പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ അഭിമുഖത്തില്‍ വ്യക്തമാക്കി.
മൂന്ന് വീലില്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ പോലെയാണ് മഹാരാഷ്ട്രാ സര്‍ക്കാരെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് ഉദ്ധവ് പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്കായി സ്റ്റിയറിംഗ് തിരിക്കുന്നത് താനാണ്. പിന്നിലിരിക്കുന്ന രണ്ട് പേര് പിന്തുണ നല്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എത്ര വീലിലാണ് സഞ്ചരിക്കുന്നതെന്ന് താക്കറെ ചോദിച്ചു. 20 ജവാന്മാരുടെ ജീവത്യാഗത്തിന് ചൈനയോട് പകരം വീട്ടേണ്ടതുണ്ട്. എന്നാല്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തു പറയാനാണെന്നും താക്കറെ ചോദിച്ചു.






