
കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടപുത്തിയ മലയാളി നഴ്സ് മെറിന്റെ വേര്‍പാടില്‍ വിറങ്ങലിച്ചിരിക്കുകയാണ് മോനിപ്പള്ളി ഊരാളി വീടും നാട്ടുകാരും. അമ്മയുടെ മരണം അറിയാതെ രണ്ട് വയസുകാരി മകള്‍ നോറ കളിയും ചിരിയുമായി വീട്ടിലുണ്ട്. യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളില്‍ മെറിന് ജോയിയുടെ മകളാണ് നോറ. ഇന്ന് മെറിന്റെ പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിക്കാനിരിക്കെയാണ് മരണം ഭര്‍ത്താവിലൂടെ മെറിനെ തേടിയെത്തിയത്.
മെറിന് ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വീട്ടിലേക്ക് മെറിന് വീഡിയോ കോള്‍ വിളിച്ചിരുന്നു. മകള്‍ നോറയുടെ കളി ചിരികള്‍ കണ്ടു. അച്ഛനോടും അമ്മയോയും അനുജത്തിയോടും സംസാരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി. അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണ് വീടും നാടും.
2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസില്‍ പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നല്‍കിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാന്‍ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് മെറിന്റെ പിതാവ് പറഞ്ഞു.






