
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി സംശയ നിഴലിലാണുള്ളത്. റിയയ്ക്കെതിരേ സുശാന്തിന്റെ മുന്‍ കാമുകി അംഗിതയും രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റിയ ചക്രവര്‍ത്തി വസതിയില്‍ നിന്ന് മാറി എന്നാണിപ്പോള്‍ അറിയുന്നത്. റിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണത്തിനായി പറ്റ്ന പോലീസ് മുംബൈയില്‍ റിയയുടെ വസതിയില്‍ എത്തിയെങ്കിലും കാണാനായില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസിനോടും റിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം, റിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പറ്റ്ന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്നും കേസ് പറ്റ്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുംബൈ പോലീസ് റിയയെ സഹായിക്കുകയാണ് എന്ന് സുശാന്തിന്റെ അഭിഭാഷകന്റെ ആരോപിച്ചു.
സുശാന്തിന്റെ മരണത്തിന് നാല് മാസം മുന്‍പ് , ഫെബ്രുവരിയില്‍ തന്നെ റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നല്‍കിയിരുന്നുവെന്നും അഭിഭാഷകന് അവകാശപ്പെട്ടു. സല്മാന് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ കേസുകള്‍ കൈകാര്യം ചെയ്ത സതീഷ് മനേഷ് ഷിന്‍ഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ജൂണ്‍ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലര്‍ ആരോപിച്ചു. എന്നാല്‍ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര, ശേഖര്‍ കപൂര്‍ തുടങ്ങി നാല്പതോളം സിനിമാപ്രവര്‍ത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. കരണ്‍ ജോഹറിനെയും ഉടന്‍ ചോദ്യംചെയ്യും.






