
ന്യൂഡല്‍ഹി: ഒന്നുകില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ ഷെല്ലാക്രമണം, അല്ലെങ്കില്‍ ആറ് മാസത്തോളം നീണ്ടു നില്ക്കുന്ന കനത്ത ഹിമപാതം. 14,000 ഓളം പേര് താമസിക്കുന്ന അതിര്‍ത്തിയിലെ വടക്കന്‍ കശ്മീരിലുള്ള മൂന്ന് ഗ്രാമങ്ങള്‍ എന്നും ഭീതിയിലായിരുന്നു. വൈദ്യുതി കൂടി ഇല്ലാത്ത ദശകങ്ങളോളം നീണ്ടു നിന്ന ശാപത്തിന് ഒടുവില്‍ പരിഹാരമാകുകയാണ്. വൈദ്യൂതി വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കെറാന്‍, മുണ്ടിയാന്, പാട്രു എന്നീ ഗ്രാമത്തിന്റെ മുകളിലുടെ 33 കെവി ലൈന്‍ വലിച്ചു.
ഇന്ത്യ സ്വതന്ത്രായ ശേഷം ആദ്യമായി ഇവിടെ വൈദ്യുതി വിളക്കുകള്‍ തെളിയുമെന്ന് ഉറപ്പായി. കശ്മീരിലെ വൈദ്യുതി വിതരണക്കാരായ കശ്മീര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് (കെപിഡിസിഎല്) ഇവിടെ വെളിച്ചമെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കി. രണ്ടുവര്‍ഷം നീണ്ട പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസമാണ് കെറാന്‍, മുണ്ടിയാന്, പാട്രു എന്നീ ഗ്രാമത്തില്‍ പോസ്റ്റ് ഇടീലും മുകകളിലുടെ ലൈന്‍ വലിക്കലുമെല്ലാം പൂര്‍ത്തിയായത് നിയന്ത്രണ രേഖയില്‍ നിന്നും വെറും 500 മീറ്റര്‍ മാത്രം ദൂരെയാണ് കെറന്‍.
പദ്ധതിയുടെ ഭാഗമായി കെറാനില് 979 പോസ്റ്റുകളാണ് നാട്ടിയത്. ശരിക്കും കോവിഡ് കാല നിയന്ത്രണങ്ങളാണ് പണി എളുപ്പമാക്കിയത്. ലോക്ക് ഡൗണില്‍ നാട്ടുകാര്‍ ചുമ്മാതിരുന്നപ്പോള്‍ വൈദ്യുതി വിഭാഗം ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നീക്കി. അതേസമയം ഏറ്റവും ടെന്‍ഷന്‍ പിടിച്ച ജോലിയായിരുന്നു ഇതെന്നാണ് കെപിഡിസിഎല് പറയുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ മേഖലയില്‍ ഭീതിയോടെയായരുന്നു കമ്പനി ജോലികള്‍ പൂര്‍ത്തിയാക്കിയത്.
പ്രതിരോധ മേഖല ആയതിനാല്‍ അനേകം അനുമതികളും വേണ്ടി വന്നതാണ് പദ്ധതികള്‍ താമസിപ്പിച്ചു കൊണ്ടുപോയത്. ഇതിനെല്ലാം സമയമെടുത്തു. സാധാരണ വൈദ്യൂതി ഇല്ലാത്ത സാഹചര്യത്തില്‍ ഇവിടെ ആള്ക്കാര് സോളാറിനെയും ഡീസല്‍ ജനറേറ്ററുകളെയും മറ്റുമായിരുന്നു ആശ്രയിച്ചിരുന്നത്. വൈദ്യുതി എത്തിയത് തങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഇതുവരെ ഇവര്‍ ആപ്പിളും നെല്ലും ഉള്‍പ്പെടെയുള്ള കൃഷിഭൂമികളില്‍ ജലസേചനത്തിനായി ഡീസല്‍ പമ്പുകളെയാണ് ആശ്രയിച്ചിരുന്നത്. ഇനി വൈദ്യുതി വന്നതോടെ എല്ലാ സായാഹ്നങ്ങളിലും അല്‍പ്പാല്‍പ്പമായി നനയ്ക്കാന്‍ കഴിയും എന്നതിന് പുറമേ കൂടുതല്‍ കൃഷി ചെയ്യാനാകുമെന്നും ഇവര്‍ പറയുന്നു. 24 മണിക്കൂറും വൈദ്യുതി എന്നത് തങ്ങളുടെ സ്വപ്നമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. വൈദ്യൂതി യൂണിറ്റിന് രണ്ടു രുപ മുതല്‍ 3 രൂപ വരെ ചുമത്തുക.






